ജോഡോ യാത്ര കേരളത്തില്‍; ശക്തിപ്രകടനമാക്കാനൊരുങ്ങി കെ.പി.സി.സി

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തില്‍ പര്യടനം ആരംഭിക്കും. കെ.പി.സി.സിയുടെ നേതൃത്വത്തില്‍ പാറശ്ശാലയില്‍ രാഹുല്‍ ഗാന്ധിയെയും പദയാത്രികരെയും സ്വീകരിക്കും.

ശനിയാഴ്ച രാത്രിയോടെയാണ് യാത്ര കേരള അതിര്‍ത്തിയായ പാറശ്ശാല ചെറുവാരകോണത്തെത്തിയത്. ഞായറാഴ്ച രാവിലെ ഏഴിന് പാറശ്ശാലയില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരാണ് ജാഥയെ സ്വീകരിക്കുക. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കന്യാകുമാരി മുതല്‍ യാത്രയെ അനുഗമിക്കുന്നുണ്ട്.

കേരളത്തില്‍ ഏഴ് ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയപാത വഴിയും തുടര്‍ന്ന് നിലമ്പൂര്‍ വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര. യാത്ര കടന്നുപോകാത്ത ജില്ലകളില്‍ നിന്നുമുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ ഏഴ് മുതല്‍ 11 വരെയും വൈകുന്നേരം നാല് മുതല്‍ ഏഴ് വരെയുമാണ് യാത്രയുടെ സമയക്രമം.

രാവിലെ പൊതുജനങ്ങള്‍ക്ക് തടസ്സമില്ലാത്ത വിധം, പരമാവധി ആള്‍ക്കൂട്ടമില്ലാതെയായിരിക്കും യാത്രയെന്ന് കെ.പി.സി.സി അറിയിച്ചു. എന്നാല്‍, വൈകീട്ട് സംസ്ഥാനത്തെ കോണ്‍ഗ്രസ് കമ്മിറ്റികളുടെയും പ്രവര്‍ത്തകരുടെയും ശക്തിപ്രകടനമാക്കി യാത്രയെ മാറ്റാനാണ് കെ.പി.സി.സി തീരുമാനം. കേരളത്തില്‍ 19 ദിവസമാണ് പര്യടനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍