പോലീസ് സ്‌റ്റേഷനിൽ അണുനാശിനി കുടിച്ച് ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം; മെഡി. കോളേജിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാവിലെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽവെച്ചായിരുന്നു ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം.
പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ സൂക്ഷിച്ചിരുന്ന അണുനാശിനി കുടിച്ചാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞദിവസം എട്ടുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിലാണ് ഷാരോണിനെ കൊലപ്പെടുത്തിയതാണെന്ന് ഗ്രീഷ്മ പോലീസിനോട് സമ്മതിച്ചത്. റൂറൽ എസ്.പി. ഓഫീസിലെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷം പുലർച്ചെ ഒരുമണിയോടെ ഗ്രീഷ്മയെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇവിടെ വനിതാ പോലീസുകാരുടെ കാവലിൽ വിശ്രമം അനുവദിച്ചു. തുടർന്ന് തിങ്കളാഴ്ച രാവിലെ വീണ്ടും റൂറൽ എസ്.പി. ഓഫീസിലേക്ക് കൊണ്ടുവരാനിരിക്കെയാണ് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
റൂറൽ എസ്.പി. ഓഫീസിലേക്ക് പോകുന്നതിന് മുമ്പാണ് ഗ്രീഷ്മ ശുചിമുറിയിൽ പോകണമെന്ന് പോലീസുകാരോട് ആവശ്യപ്പെട്ടത്. രണ്ട് വനിതാ പോലീസുകാർ പുറത്ത് കാവൽ നിൽക്കുകയും ഗ്രീഷ്മ ശുചിമുറിയിൽ പോയിവരികയും ചെയ്തു. തുടർന്ന് ജീപ്പിലേക്ക് നടന്നുപോകുന്നതിനിടെ ഗ്രീഷ്മ ഛർദിക്കുകയായിരുന്നു. ഇതോടെയാണ് അണുനാശിനി കുടിച്ച വിവരം പുറത്തറിയുന്നത്. ഉടൻതന്നെ യുവതിയെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍