പർദ്ദ ധരിച്ച് കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് കറങ്ങി നടന്ന ക്ഷേത്ര പൂജാരി പോലീസ് പിടിയിൽ
കൊയിലാണ്ടി: ബസ് സ്റ്റാന്റ് പരിസരത്ത് പർദ്ദ ധരിച്ച് കറങ്ങി നടന്ന യുവാവിനെ ഓട്ടോറിക്ഷാ തൊഴിലാളികൾ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കൽപ്പറ്റ പുത്തൻ വയൽ ഹൗസിൽ ജനാർദ്ദനന്റെ മകൻ ജിഷ്ണുവാണ് (28) പിടിയിലായത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള ഓട്ടോറിക്ഷാ സ്റ്റാന്റിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെയാണ് ഇയാളെ പിടികൂടിയത്. എന്തിനാണ് ഇയാൾ വേഷം മാറി നടന്നത് എന്ന് ഇനിയും വ്യക്തമല്ല.
മേപ്പയ്യൂർ കണ്ടമനശാല ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാൾ എന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഇയാൾ പനായിലുള്ള ക്ഷേത്രത്തിലായിരുന്നു. ക്ഷേത്രത്തിൽ മേൽശാന്തിയായി എത്തിയത് രണ്ടര മാസം മുമ്പാണ്. നല്ല രീതിയിലുള്ള പെരുമാറ്റമായതിനാൽ ഇയാളെ കുറിച്ച് ആർക്കും മോശം അഭിപ്രായം ഇല്ല എന്നാണ് ക്ഷേത്ര പരിസരത്തുള്ളവർ പറയുന്നത്. ജിഷ്ണു കൊയിലാണ്ടി പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ മോഷണക്കേസ് നിലവിലുണ്ട് എന്ന് കൽപ്പറ്റ പൊലീസ് പറഞ്ഞു
