പ്രതിഷേധിച്ചാൽ കുടുംബത്തെ തടവിലാക്കും; ഇറാൻ താരങ്ങൾക്ക് സർക്കാരിന്റെ ഭീഷണി
ഖത്തര്‍ ലോകകപ്പില്‍ അമേരിക്കക്കെതിരെ നിര്‍ണായക മല്‍സരത്തിനൊരുങ്ങുന്ന ഇറാന്‍ ഫുട്ബോള്‍ ടീമിന് സ്വന്തം സര്‍ക്കാരിന്റെ ഭീഷണി. ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭങ്ങളെ പിന്തുണച്ച് ദേശീയഗാനം ആലപിക്കാതിരിക്കുകയോ രാജ്യവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുകയോ ചെയ്താല്‍ കുടുംബാംഗങ്ങളെ തടവിലാക്കുമെന്നും ശിക്ഷിക്കുമെന്നുമാണ് ഭരണകൂടത്തിന്റെ താക്കീത്.
ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യമല്‍സരത്തില്‍ ഇറാന്‍ ടീം ദേശീയഗാനം ആലപിക്കാതെ പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ് പ്രതിനിധികള്‍ ടീം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. വെയ്ല്‍സിനെതിരെ നടന്ന രണ്ടാം മല്‍സരത്തില്‍ ഇറാന്‍ ടീം അംഗങ്ങള്‍ ദേശീയഗാനം ആലപിക്കുകയും ചെയ്തു. ലോകകപ്പ് വേദിയില്‍ ടീമംഗങ്ങളെയും കോച്ചിനെയും നിരീക്ഷിക്കാന്‍ റവല്യൂഷണറി ഗാര്‍ഡ് ഓഫിസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. കളിക്കാരും സ്റ്റാഫും ടീമിന് പുറത്തുള്ളവരുമായും വിദേശികളുമായും ഇടപഴകുന്നതിന് നിയന്ത്രണമുണ്ട്. താരങ്ങളുടെ കുടുംബാംഗങ്ങള്‍ക്കു നേരെ സർക്കാർ ഭീഷണി ഉയര്‍ത്തിയതോടെ പോര്‍ച്ചുഗീസുകാരനായ ടീം മാനേജര്‍ കാര്‍ലോസ് ക്വിറോസ് റവല്യൂഷണറി ഗാര്‍ഡ് പ്രതിനിധികളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇറാനിയന്‍ പോലീസ് പിടികൂടിയ 22കാരി മെഹ്സ അമീനി കസ്റ്റഡിയില്‍ മരിച്ചതിനെത്തുടര്‍ന്ന് ഇറാനില്‍ ആരംഭിച്ച ജനകീയ പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്. ഖത്തറിലെ ആദ്യമല്‍സരത്തില്‍ സര്‍ക്കാര്‍ വിരുദ്ധമുദ്രാവാക്യങ്ങളും ബാനറുകളും ഉയര്‍ന്നതോടെ വെയില്‍സിനെതിരായ മല്‍സരത്തില്‍ ഭരണകൂടം സര്‍ക്കാര്‍ അനുകൂലികളെ കൂട്ടത്തോടെ ഗാലറികളില്‍ എത്തിച്ചിരുന്നു. യുഎസുമായുള്ള മല്‍സരത്തിലും ഇത് തുടര്‍ന്നേക്കും.
രാത്രി 12.30 നാണ് ഇറാൻ- യു.എസ്.എ മത്സരം. യുഎസിനെതിരെ ജയിക്കുകയോ സമനില നേടുകയോ ചെയ്താല്‍ മാത്രമേ ഇറാന് പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ കഴിയൂ.
