റേഷൻ വ്യാപാരികളോട് വാക്കുപാലിച്ച് സർക്കാർ; തടഞ്ഞുവെച്ചതുൾപ്പടെ മുഴുവൻ കമ്മിഷനും അനുവദിച്ചു


തിരുവനന്തപുരം: റേഷൻ വ്യാപാരികൾക്ക് ഒക്ടോബർ-നവംബർ മാസങ്ങളിൽ നൽകാനുള്ള കമ്മിഷൻ അനുവദിച്ചുകൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ.അനിൽ അറിയിച്ചു.

റേഷൻവ്യാപാരികൾക്ക് 2023 മാർച്ചുവരെയുള്ള കമ്മിഷനായി 384.23 കോടി രൂപ സർക്കാർ അനുവദിച്ചു. തടഞ്ഞുവെച്ച 15.05 കോടിയുൾപ്പെടെ ഒക്ടോബറിലെ കമ്മിഷനായി അനുവദിച്ച 29.5 കോടിരൂപയുടെ വിതരണം തുടങ്ങി. ഈ മാസം 30-നകം കമ്മിഷൻ മുഴുവൻ നൽകുമെന്ന വാഗ്ദാനമാണു സർക്കാർ പാലിച്ചത്.

2022-23 സാമ്പത്തിക വർഷം റേഷൻ വ്യാപാരി കമ്മിഷൻ ഇനത്തിൽ 216 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരുന്നത്. റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകുന്നതിന് പ്രതിമാസം ശരാശരി 15 കോടി രൂപയാണ് ആവശ്യമായി വരുന്നത്. അതനുസരിച്ച് ബജറ്റ് വിഹിതം പര്യാപ്തമായിരുന്നു.

എന്നാൽ കേന്ദ്രപദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന്റെ കമ്മിഷൻ തുക ബജറ്റിൽ വകയിരുത്തിയിരുന്നില്ല. പദ്ധതി പ്രകാരമുള്ള റേഷൻ വ്യാപാരി കമ്മിഷൻ കൂടി ഉൾപ്പെടുമ്പോൾ പ്രതിമാസം 28 കോടി രൂപയോളം ആവശ്യമായി വന്നു. കമ്മിഷൻ ഇനത്തിൽ സെപ്റ്റംബർ മാസം വരെ 196കോടി രൂപ റേഷൻ വ്യാപാരികൾക്ക് നൽകിക്കഴിഞ്ഞു. പ്രതിമാസം 18,000 രൂപ കമ്മിഷൻ കിട്ടേണ്ട റേഷൻ വ്യാപാരികൾക്ക് കേന്ദ്രപദ്ധതി കൂടി ചേരുമ്പോൾ ഇരട്ടി തുക കമ്മിഷനായി ലഭിക്കും. കേന്ദ്ര സർക്കാരിന്റെ അധികമായി അനുവദിച്ച PMGKAY പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണത്തിനുള്ള കമ്മിഷൻ കേന്ദ്രസർക്കാരിൽ നിന്നും ലഭ്യമാകുന്നതിന് കാത്തു നിൽക്കാതെ വ്യാപാരി കമ്മിഷൻ മുഴുവൻ തുകയും മുടക്കം കൂടാതെ നൽകിവന്നു. ഒക്ടോബർ മാസം മുതൽ കമ്മിഷൻ നൽകുന്നതിന് 100 കോടി രൂപ അധികമായി കണ്ടെത്തേണ്ടി വരികയും ഭക്ഷ്യ വകുപ്പ് ആവശ്യപ്പെട്ട പ്രകാരം ധനകാര്യ വകുപ്പ് അധിക തുക അനുവദിക്കുകയും ചെയ്തു. ഒക്ടോബർ, നവംബർ മാസങ്ങളിലെ കമ്മിഷൻ കാലതാമസം കൂടാതെ ഒരുമിച്ച് വ്യാപാരികൾക്ക് ലഭ്യമാകുന്നതിന് നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ റേഷൻമേഖലയ്ക്കുള്ള ഫണ്ട് ധനവകുപ്പ് വെട്ടിക്കുറച്ചിരുന്നു. ഒക്ടോബറിൽ കമ്മിഷനായി നൽകേണ്ട തുകയിൽ 51 ശതമാനം കുറവാണു ഭക്ഷ്യവകുപ്പ് വരുത്തിയത്. 29.51 കോടി രൂപ ലഭിക്കേണ്ടിടത്ത് 14.46 കോടിയാണ് അനുവദിച്ചിരുന്നത്. ബാക്കി എപ്പോൾ നൽകുമെന്നു വ്യക്തമാക്കാതെയായിരുന്നു ഉത്തരവ്. സർക്കാർ നടപടിക്കെതിരേ ഭരണാനുകൂല റേഷൻവ്യാപാരി സംഘടനകളടക്കം നവംബർ 26 മുതൽ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചതോടെ സർക്കാർ സമ്മർദത്തിലായി.

മന്ത്രി ജി.ആർ. അനിൽ വിളിച്ചുചേർത്ത ചർച്ചയിൽ 30-നകം മുഴുവൻ തുകയും നൽകാമെന്ന് ഉറപ്പുനൽകി. ഇതേത്തുടർന്നാണ് അനിശ്ചിതകാല സമരത്തിൽനിന്ന് വ്യാപാരികൾ പിന്മാറിയത്. പണം ലഭ്യമായില്ലെങ്കിൽ 30-നു തുടർസമരം ആസൂത്രണം ചെയ്യാനിരിക്കെയാണ് വരുന്ന മാർച്ചുവരെയുള്ള തുക പൂർണമായി അനുവദിച്ചത്.