തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്.


ഒല്ലൂർ : പുത്തൂർ വെട്ടുകാട്ട്‌ തേനീച്ചകളുടെ കുത്തേറ്റ് അവണൂർ മണിത്തറ മച്ചിങ്ങൽ വിജയൻ നായർ (മണി-85) മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യ ശാരദയ്ക്കും സ്ഥലത്തുണ്ടായിരുന്ന മറ്റു നാലുപേർക്കും കുത്തേറ്റ് പരിക്കുണ്ട്. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ വെട്ടുകാട്-ചെമ്മരട്ട റോഡിൽ വർക്ക്ഷോപ്പിനടുത്താണ് സംഭവം.

വിജയൻ നായരും കുടുംബവും നേരത്തെ ഇവിടെയാണ് താമസിച്ചിരുന്നത്. ഒരാഴ്ച മുമ്പ് മരിച്ച പഴയ അയൽവാസി നമ്പീട്ടിയത്ത് കണ്ണന്റെ വീട്ടിലേക്ക് വരുകയായിരുന്നു ഇവർ. വർക്ക്ഷോപ്പിന് സമീപത്തെ മരത്തിലെ വലിയ തേനീച്ചക്കൂട്ടിൽ പരുന്ത് വന്നിടിച്ചതോടെ ഇവ കൂട്ടമായി ഇരമ്പിയെത്തുകയായിരുന്നു.

കൂട്ടത്തോടെയെത്തിയ തേനീച്ചകൾ മുഖത്തും ദേഹത്തും കുത്തിയതോടെ നടന്നു വരുകയായിരുന്ന വിജയൻ നായർ നിലത്തുവീണു.

ഭാര്യ ശാരദ അടുത്ത വീട്ടിലേക്ക് ഓടിക്കയറി. വർക്ക്‌ഷോപ്പ് ഉടമ കമലാകരൻ, മാന്ദാമംഗലം സ്വദേശി കല്ലോലിക്കൽ രാജു, ഏഴാംകല്ല് കൊച്ചുപുരയ്ക്കൽ എൽദോസ്, ചെമ്മരട്ട കോന്നത്തുപറമ്പിൽ കുട്ടമണി എന്നിവർക്കും കുത്തേറ്റു. കമലാകരനെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർക്ക് പ്രാഥമികചികിത്സ നൽകി.

തേനീച്ചകൾ പരിസരത്തുണ്ടായിരുന്നതിനാൽ ഏറെനേരം കഴിഞ്ഞാണ് വിജയൻ നായരെ ആശുപത്രിയിലെത്തിക്കാനായത്. വിജയൻ നായരുടെ മക്കൾ: പരേതനായ രാധാകൃഷ്ണൻ, രാജേഷ് കുമാർ, രമേഷ് കുമാർ. മരുമക്കൾ: മിനി, ജയശ്രീ, ലക്ഷ്മിക്കുട്ടി. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍