ഗ്യാസ് ക്രിമറ്റോറിയത്തിന് : കോരങ്ങാട് പുതുശ്മശാനം കളമൊരുങ്ങുന്നു
താമരശ്ശേരി : അശാസ്ത്രീയരീതിയുള്ള മൃതദേഹസംസ്കാരംകാരണം ഏറെ പഴികേൾക്കേണ്ടിവന്ന താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കോരങ്ങാട്ടെ പൊതുശ്മശാനം ശാപമോക്ഷത്തിന്റെ പാതയിലേക്ക്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഒരു കോടി രൂപയോളം ചെലവിൽ ശ്മശാനത്തെ അടിമുടി നവീകരിച്ച് ഗ്യാസ് ക്രിമറ്റോറിയമാക്കാനുള്ള പദ്ധതി വിഭാവനംചെയ്തിരിക്കുകയാണ് ഗ്രാമപ്പഞ്ചായത്ത്. ആദ്യഘട്ടത്തിൽ തനത് ഫണ്ടിൽനിന്ന് ഇരുപതുലക്ഷം രൂപ വകയിരുത്തുകയും കെട്ടിടമുൾപ്പെടെയുള്ള സൗകര്യമൊരുക്കുന്നതിനായി ശ്മശാനബ്ലോക്കിന് വലതുവശത്ത് മണ്ണെടുപ്പും നടത്തി. 20 ലക്ഷം ബ്ലോക്ക് പഞ്ചായത്തും ശേഷിക്കുന്ന തുക ജില്ലാപഞ്ചായത്ത് മുഖേനയും ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തലങ്ങളിൽനിന്ന് ഫണ്ട് ലഭ്യമാവാത്തപക്ഷം ഗ്രാമപ്പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്ന് തുക വിനിയോഗിച്ച് പദ്ധതി യാഥാർഥ്യമാക്കാനാണ് തീരുമാനം.
ഉദ്യാനവുംപ്രാർഥനാകേന്ദ്രവുമൊരുക്കും.
പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ പൊതുശ്മശാനത്തിന്റെ മാതൃകയിൽ ഉദ്യാനവും ഇരിപ്പിടസൗകര്യങ്ങളും മതപരമായ ചടങ്ങുകൾ നടത്താനുള്ള കെട്ടിടസൗകര്യവുമെല്ലാം ഉൾപ്പെടുത്തിയാണ് കോരങ്ങാട്ടെ പൊതുശ്മശാനനവീകരണം വിഭാവനംചെയ്തിരിക്കുന്നത്. നിലവിലെ ചൂളകൾ സ്ഥിതിചെയ്യുന്ന കെട്ടിടം നിലനിർത്തി നവീകരിച്ചുകൊണ്ടുതന്നെ ഒരേസമയം രണ്ടുമൃതദേഹങ്ങൾ സംസ്കരിക്കാവുന്ന തരത്തിലുള്ള ഗ്യാസ് ക്രിമറ്റോറിയമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
കോരങ്ങാട് വൈദ്യുതശ്മശാനമൊരുക്കണമെന്നായിരുന്നു വർഷങ്ങളായുള്ള ആവശ്യം. എന്നാൽ, ഇതിനുള്ള ഭാരിച്ച ചെലവും അറ്റകുറ്റപ്പണിക്ക് വേണ്ടിവരുന്ന സാമ്പത്തികബാധ്യതയും കണക്കിലെടുത്താണ് ഗ്യാസ് ക്രിമറ്റോറിയം ഒരുക്കാൻ തീരുമാനിച്ചതെന്നാണ് ഗ്രാമപ്പഞ്ചായത്തിന്റെ വിശദീകരണം. ശാസ്ത്രീയരീതിയിൽ ഗ്യാസ് ക്രിമറ്റോറിയമൊരുക്കാൻതന്നെ മുക്കാൽകോടിയോളം രൂപ ചെലവുവരുമെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം പൂജ, പ്രാർഥന ചടങ്ങുകൾക്കുള്ള സ്ഥലം, കുളിക്കാനുള്ള സൗകര്യം, ശൗചാലയങ്ങൾ എന്നിവയൊരുക്കും. കെട്ടിടമൊരുക്കാൻ നിശ്ചയിച്ച ഭാഗത്ത് പതിമ്മൂന്നുമീറ്ററോളം വീതിയിലും ഇരുപതുമീറ്ററോളം നീളത്തിലും ഇതിനകം മണ്ണെടുത്തിട്ടുണ്ട്.
