വടക്കും മുറി അങ്കണവാടി പ്രവേശനോൽസവം : നാടിന്റെ ഉൽസവമായി
താമരശ്ശേരി : കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വടക്കും മുറി 148 നമ്പർ അങ്കണവാടിയിൽ നടന്ന പ്രവേശനോൽസവം ജനപങ്കാളിത്തം കൊണ്ട് നാടിന്റെ തന്നെ ഉൽസവമായി മാറി. രക്ഷിതാക്കൾ , കുട്ടികൾ, നാട്ടുകാർ എന്നിവർക്കു പുറമെ കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി കമ്മിറ്റി അംഗങ്ങൾ തുടങ്ങി നിരവധി ആളുകളാണ് പ്രവേശനോൽസവത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത്. വന്നവരെ മുഴുവൻ പായസവും മറ്റു മധുര പലഹാരങ്ങളും നൽകിയാണ് സ്വീകരിച്ചത്. പുതുതായി പ്രവേശനം നേടിയ കുട്ടികളെ പൂക്കളും ബലൂണുകളും നൽകി വരവേറ്റു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോയത്ത് മുഖ്യ അതിഥിയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ ബിന്ദു സന്തോഷ് അധ്യക്ഷയായി. മുൻ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റംല ഒ.കെ.എം. കുഞ്ഞി, ആശാവർക്കർ ഓമന , സി ഡി എസ് ഷഹർബാൻ, സലാം കക്കാടൻ, കെ.ടി.മുഹമ്മദലി എന്നിവർ ആശംസാ പ്രസംഗം നടത്തി. അങ്കണവാടിയിൽ നിന്നും പിരിഞ്ഞു പോകുന്ന പതിനൊന്ന് കുട്ടികൾക്ക് സ്നേഹോപഹാരം നൽകി . മുൻവാർഡ് മെമ്പർ കെ.ടി. രിഫായത്ത് കുട്ടികൾക്കുള്ള സ്നേഹോപഹാരങ്ങൾ സ്പോൺസർ ചെയ്തു. സി.കെ.അബ്ദുറഹിമാൻ മാസ്റ്റർ സ്വാഗതവും, അങ്കണവാടി വർക്കർ എ.കെ. ഫാത്തിമ നന്ദിയും പറഞ്ഞു.
