കന്നൂട്ടിപ്പാറ സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധാചരണം നടത്തി.

കട്ടിപ്പാറ : ആധുനിക മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നായ ലഹരിക്കെതിരെ കുഞ്ഞു പ്രായത്തിൽ തന്നെ കുട്ടികളിൽ കൃത്യമായ പ്രതിരോധ ചിന്ത സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്ക്കൂളിൽ വ്യത്യസ്ത പരിപാടികളോടെ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.
 കാലത്ത് ചേർന്ന സ്പെഷ്യൽ അസംബ്ലിയിൽ ഹെഡ് മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ എ കെ അബൂബക്കർ കുട്ടി കുട്ടികളെ അഭിസംബോധന ചെയ്തു.
  തുടർന്ന് നടന്ന ലഹരി വിരുദ്ധ റാലിയിൽ അധ്യാപകരും കുട്ടികളുമൊന്നടങ്കം പങ്കെടുത്തു. ലഹരിയെ തുരത്താൻ ആഹ്വാനം ചെയ്യുന്ന പ്ലാക്കാർഡുകൾ ലഹരിമാഫിയക്ക് ശക്തമായ താക്കീതായി.
  തുടർന്നു നടന്ന ലഹരി വിരുദ്ധ സമ്മേളനം ബഹു. താമരശേരി സബ് ഇൻസ്പെക്ടർ പി. അഖിൽ ഉദ്ഘാടനം ചെയ്തു. ലഹരി മാഫിയക്കെതിരെ അണിനിരക്കുവാൻ അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം ലളിതമായ ഭാഷയിൽ മറുപടി പറഞ്ഞു. എ കെ അബൂബക്കർ കുട്ടി അധ്യക്ഷനായി. എച്ച് എം അബുലൈസ് തേഞ്ഞിപ്പലം സ്വാഗതം പറഞ്ഞു. കെ.ടി. ആരിഫ്, കെ.സി. ശിഹാബ്, ടി. ഷബീജ്, ഫൈസ് ഹമദാനി ആശംസകളർപ്പിച്ചു. കെ.പി. ജസീന നന്ദി പറഞ്ഞു.
 സെ നോ ടു ഡ്രഗ്സ് എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പയിൻ കുട്ടികൾ ഏറ്റെടുത്തു. റോൾ പ്ലെ, ടാബ്ലോ , പോസ്റ്റർ നിർമാണം മുതലായവയും സംഘടിപ്പിച്ചു. പരിപാടികൾക്ക് ദിൻഷ ദിനേശ്, പി.പി തസലീന, ഇ.പി. മുൻസില, കെ.പി മുഹമ്മദലി മുതലായവർ നേതൃത്വം നൽകി.