സാധനം വിൽക്കാനെത്തിയയാളെ കള്ളനാക്കിചിത്രീകരിച്ച് വാട്സാപ്പ് :പോലീസുകാരനും,പ്രവാസിക്കും,കടയുടമയ്ക്കുമെതിരെ പരാതി
കോഴിക്കോട്:ഫറോക്കിൽ സാമൂഹിക പ്രവർത്തകനായ നിരപരാധിയെ കള്ളനാക്കി ചിത്രീകരിച്ച് വാട്സാപ്പ് സന്ദേശം. അയച്ചുകിട്ടിയവർ സന്ദേശം വ്യാപകമായി പ്രചരിപ്പിച്ചതോടെ നിരപരാധിയായ ആൾ കള്ളനായി മുദ്രകുത്തപ്പെട്ടു. ആക്രിക്കടയിൽ നടന്ന മോഷണം കണ്ടെത്താൻ സി.സി.ടി.വി. പരിശോധിച്ചപ്പോൾ കടയിൽ സാധനം വിൽക്കാനെത്തിയയാളെ കള്ളനാക്കി മാറ്റിയതാണ് പ്രശ്നമായത്. ഫറോക്ക് കല്ലംപാറ സ്വദേശി ബഷീറിനെയാണ് മോഷ്ടാവെന്ന പേരിൽ മുദ്ര കുത്തിയത്. ബഷീറിന് നാട്ടിലിറങ്ങി നടക്കാനാവാത്ത സ്ഥിതിയായതോടെ ബഷീറിന്റെ കുടുംബം പരാതിയുമായി രംഗത്തെത്തി.
ബുധനാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. ഫറോക്ക് നല്ലൂരിലുള്ള ആക്രിക്കടയിൽ കള്ളൻ കയറിയത് പരിശോധിക്കാനായി വ്യാഴാഴ്ച പോലീസ് കടയിലെ സി.സി.ടി.വി. പരിശോധിച്ചിരുന്നു. ഇതിൽ സംശയമുള്ള ചിത്രങ്ങൾ സ്ഥാപനത്തിൽ നിന്ന് ഫറോക്ക് സ്റ്റേഷനിലെ പോലീസുകാരന് അയച്ചു നൽകിയിരുന്നു. ഇങ്ങനെ അയച്ച ഫോട്ടോകളിൽ ബഷീറിന്റേതും ഉൾപ്പെട്ടിരുന്നു. ഈ ഫോട്ടോ ഫറോക്ക് പുറ്റെക്കാടുള്ള ഒരു പ്രവാസിക്ക് പോലീസുകാരൻ അയച്ചു. ചിത്രത്തോടൊപ്പം ഇയാളാണ് പോലീസ് അന്വേഷിക്കുന്ന പ്രതിയെന്നും മോഷണം നടത്തിയത് ഇയാളാണെന്നും എവിടെയെങ്കിലും കണ്ടാൽ അറിയിക്കണമെന്നും പോലീസ് ശബ്ദ സന്ദേശവുമയച്ചു. കൂടാതെ, പുറ്റെക്കാട് മേഖലയിൽ മോഷണം നടത്തുന്നയാൾ ഇയാളാണെന്നും പലയിടങ്ങളിലും സി.സി.ടി.വി.യിൽ ബഷീറിന്റെ ഫോട്ടോ പതിഞ്ഞെന്നും കൂടെ ചേർത്ത് വാട്സാപ്പിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു.പ്രചാരണം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടിലെ
പൊതുപ്രവർത്തനത്തിൽ സജീവമായിരുന്ന ബഷീർ മാനസികമായി തളർന്നു. പിന്നാലെ ഫറോക്ക് നഗരസഭാ അധ്യക്ഷൻ എൻ.സി.റസാക്കിനോടൊപ്പമെത്തി അസി. കമ്മിഷണർ എ.എം. സിദ്ദീഖിന് പരാതി നൽകുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിന് തടയിടണമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബഷീറിന്റെ മകളും പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ യഥാർഥപ്രതിയെ പോലീസ് കണ്ടെത്തുകയും ചെയ്തു..
അബദ്ധം പിണഞ്ഞെന്നും
ക്ഷമിക്കണമെന്നും ആവശ്യപ്പെട്ട് പോലീസുകാരൻ തന്നെ ബന്ധപ്പെട്ടതായും ബഷീർ പറഞ്ഞു. എന്നാൽ, വരുത്തിവെച്ച മാനക്കേട് ഒരു ക്ഷമാപണത്തിൽ തീർക്കാനാവുന്നതല്ലെന്നാണ് കുടുംബം പറയുന്നത്. അതേസമയം, പിന്നീട് യഥാർഥ പ്രതിയുടെ ഫോട്ടോ പതിച്ച് പോലീസ് പോസ്റ്റർ തയ്യാറാക്കി. അതിൽ ബഷീറിന്റെ
പേരിൽ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും പ്രചാരകർക്കെതിരേ നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു.
എന്നാൽ, പോലീസുകാരനും കടയുടമയ്ക്കും പ്രവാസിക്കുമെതിരേ നടപടി സ്വീകരിക്കണമെന്നാണ് ബഷീറിന്റെ കുടുംബം ആവശ്യപ്പെടുന്നത്. ഇല്ലെങ്കിൽ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാനാണ് തീരുമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍