സാമൂഹികസുരക്ഷാ പെൻഷൻ: കേന്ദ്ര വിഹിതം മുടങ്ങിയിട്ട് രണ്ടുവർഷം
കോഴിക്കോട് : സാമൂഹികസുരക്ഷാ പെൻഷനുകളിൽ കേന്ദ്രം നൽകിയിരുന്ന വിഹിതം മുടങ്ങിയിട്ട് രണ്ടുവർഷം. വാർധക്യ പെൻഷൻ, വിധവാ പെൻഷൻ, ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ എന്നിവയ്ക്കാണ് കേന്ദ്രസർക്കാർ വിഹിതം നൽകിയിരുന്നത്. എന്നാൽ 2021-നുശേഷം കേന്ദ്രസർക്കാരിന്റെ വിഹിതം ലഭിച്ചിട്ടില്ല.
പബ്ലിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം (പി.എഫ്.എം.എസ്.) വഴി പെൻഷൻ വിതരണം നടത്തണമെന്ന് നിർബന്ധമാക്കിയിരുന്നു. എല്ലാ ഗുണഭോക്താക്കളുടെയും വിവരങ്ങൾ ഓൺലൈൻ സോഫ്റ്റ്‌വേർ സിസ്റ്റത്തിൽ ഉൾപ്പെടുത്തി വേണം പെൻഷൻ വിതരണം നടത്താൻ. അതിന്റെ നടപടികൾ പൂർത്തിയാകാൻ വൈകിയതിനെ തുടർന്നാണ് കേന്ദ്രവിഹിതം മുടങ്ങിയത്. 2023 ഏപ്രിലോടെ സംസ്ഥാനത്ത് പി.എഫ്.എം.എസുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞു. തുടർന്ന് മുടങ്ങിയ വിഹിതം നൽകണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ തുക വിതരണം ചെയ്യുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന ആറുലക്ഷത്തിലധികം ആളുകൾക്കാണ് കേന്ദ്രവിഹിതം ലഭിച്ചിരുന്നത്. 60 മുതൽ 79 വയസ്സുവരെയുള്ള ആളുകൾക്ക് 200 രൂപ, 80 വയസ്സുമുതൽ 500 രൂപ, വാർധക്യ പെൻഷനിൽ 300 രൂപ എന്നിങ്ങനെയാണ് കേന്ദ്രവിഹിതം. പെൻഷൻ വിതരണം നടത്തി മൂന്നുമാസത്തിനുള്ളിലാണ് കേന്ദ്രം തുക നൽകിയിരുന്നത്. എന്നാൽ 2021 മുതൽ കേന്ദ്രവിഹിതം മുടങ്ങി. ഇതോടെ സംസ്ഥാനസർക്കാരാണ് ആ തുക കൂടി ചേർത്ത് പെൻഷൻ വിതരണം ചെയ്യുന്നത്. 6,88329 ആളുകൾ ഇന്ന് കേരളത്തിൽ ഇത്തരത്തിൽ പെൻഷൻ വാങ്ങുന്നുണ്ട്. പി.എഫ്.എം.എസിൽ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തവർക്ക് ആക്കൗണ്ട് വഴിയും മറ്റുള്ളവർക്ക് വീടുകളിൽ നേരിട്ടെത്തിയുമാണ് പെൻഷൻ നൽകുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍