വൈദ്യുതി നിരക്ക് വര്‍ദ്ധന തടഞ്ഞ് ഹൈക്കോടതി; 'നടപടിക്രമങ്ങള്‍ പാലിച്ചില്ല'

കൊച്ചി: വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള കെഎസ്ഇബിയുടെ നീക്കം തടഞ്ഞ് ഹൈക്കോടതി. വൈദ്യുതി നിയമത്തിന് അനുസരിച്ച് തീരുമാനമെടുക്കണമെന്നുംഇത് റഗുലേറ്ററി കമ്മീഷന്റെ ചുമതലയാണെന്നും ഹൈക്കോടതി പറഞ്ഞു. കരട് താരിഫ് ചട്ടം നിയമവിരുദ്ധമാണെന്നും ബോര്‍ഡ് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.

കരട് ചട്ടം പ്രസിദ്ധീകരിച്ചില്ലെന്ന് മാത്രമല്ല അഭിപ്രായവും തേടിയില്ല. അതിനാല്‍ അന്തിമ ചട്ടം വൈദ്യുതി നിയമത്തിന് വിരുദ്ധമാണ്. താരിഫ് മാനദണ്ഡങ്ങളില്‍ കമ്മീഷന്‍ വ്യക്തത വരുത്തണം. പെന്‍ഷന്‍ ബാധ്യത വൈദ്യുതി നിരക്കില്‍ നിന്ന് ഈടാക്കാനാവില്ലെന്നും കോടതി പറഞ്ഞു. കെഎസ്ഇബിക്കും റെഗുലേറ്ററി കമ്മീഷനും തിരിച്ചടിയാണ് നിലവിലെ കോടതിയുടെ ഇടപെടല്‍.

മഴ കുറഞ്ഞതോടെ വൈദ്യുതി ഉത്പാദനവും ഉപഭോഗവും തമ്മില്‍ വലിയ അന്തരമാണുള്ളത്. ഡാമുകളില്‍ ആവശ്യത്തിന് വെള്ളമില്ലാത്തതിനാല്‍ ഉത്പാദനം കൂട്ടി പ്രതിസന്ധി പരിഹരിക്കാനുള്ള സാഹചര്യമില്ല. റദ്ദാക്കപ്പെട്ട ദീര്‍ഘകാല കരാറുകളിലൂടെ ഡിസംബര്‍ വരെ വൈദ്യുതി വാങ്ങാന്‍ അനുമതി ഉണ്ടെങ്കിലും കമ്പനികള്‍ വൈദ്യുതി നല്‍കുന്നില്ല. ഇതോടെ പുതിയ കരാറുകള്‍ വഴി വൈദ്യുതി ഉറപ്പാക്കാന്‍ കെഎസ്ഇബി നീക്കം ആരംഭിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍