പുതുപ്പള്ളിയുടെ ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം; രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും
കോട്ടയം: പുതുപ്പള്ളിയുടെ ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. എട്ടരയോടെ ആദ്യ ഫലസൂചനകൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോട്ടയം ബസേലിയോസ് കോളെജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണലിനായി പ്രത്യക സജ്ജീകരണം ഒരുക്കിയിരിക്കുന്നത്.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ 20 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുന്നതിനായി 14 മേശകളും തപാല്‍ വോട്ടുകള്‍ എണ്ണുന്നതിനായി അഞ്ച് മേശകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ബാക്കിയുള്ള ഒരു മേശയില്‍ ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം (ഇടിപിബിഎസ്) വഴി രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണും. 80 വയസ്സ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ തന്നെ വോട്ടു ചെയ്യാനാണ് ഇടിപിബിഎസ് സംവിധാനം ഒരുക്കിയത്. 2491 പേരാണ് ഇടിപിബിഎസ് സംവിധാനം വഴി വോട്ട് രേഖപ്പെടുത്തിയത്. ഇടിപിബിഎസ് വോട്ടുകളുടെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതിന് ശേഷമായിരിക്കും വോട്ടെണ്ണല്‍ ആരംഭിക്കുക.
ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സര്‍വര്‍, ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍, രണ്ട് കൗണ്ടിങ് സ്റ്റാഫ് എന്ന നിലയിലാണ് ഉദ്യോഗസ്ഥരെ ക്രമീകരിച്ചിരിക്കുന്നത്. ഇവര്‍ക്ക് പുറമെ രണ്ട് മൈക്രോ ഒബ്‌സര്‍വര്‍മാരെ കൂടി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിയോഗിച്ചിട്ടുണ്ട്.
പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി ആകെയുള്ള 182 ബൂത്തുകളിലെ വോട്ടുകള്‍ 13 റൗണ്ടുകളിലായാണ് എണ്ണുക. ആദ്യ റൗണ്ടില്‍ അയര്‍ക്കുന്നം പഞ്ചായത്തില്‍ വരുന്ന 1 മുതല്‍ 14 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. രണ്ടാം റൗണ്ടില്‍ അയര്‍ക്കുന്നം പഞ്ചായത്തിലെ തന്നെ 15 മുതല്‍ 28 വരെയുള്ള ബൂത്തുകളിലെ വോട്ടെണ്ണും. മൂന്നാം റൗണ്ടില്‍ അകലക്കുന്നം പഞ്ചായത്തിലെ 28 മുതല്‍ 42 വരെയുള്ള വോട്ടിംഗ് മെഷീനുകളാണ് എണ്ണുക. നാലാം റൗണ്ടില്‍ അകലക്കുന്നം, കൂരോപ്പട പഞ്ചായത്തുകളിലായി വരുന്ന 43 മുതല്‍ 56വരെയുള്ള ബൂത്തുകളിലെ വോട്ടെണ്ണും. കൂരോപ്പട, മണര്‍ക്കാട് പഞ്ചായത്തുകളിലായി വരുന്ന 57 മുതല്‍ 70 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് അഞ്ചാം റൗണ്ടില്‍ എണ്ണുന്നത്. ആറാം റൗണ്ടില്‍ മണര്‍കാട് പഞ്ചായത്തിലെ 71 മുതല്‍ 84വരെയുള്ള ബൂത്തുകളിലെ വോട്ടിംഗ് മെഷീനാണ് എണ്ണാനെടുക്കുക.
മണര്‍കാട്, പാമ്പാടി പഞ്ചായത്തിലെ 85 മുതല്‍ 98വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് ഏഴാം റൗണ്ടില്‍ എണ്ണുക. പാമ്പാടി പഞ്ചായത്തിലെ 99 മുതല്‍ 112 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ എട്ടാം റൗണ്ടില്‍ എണ്ണും. ഒമ്പതാം റൗണ്ടില്‍ പാമ്പാടി, പുതുപ്പള്ളി പഞ്ചായത്തുകളിലെ 113 മുതല്‍ 126വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. പത്താം റൗണ്ടില്‍ പുതുപ്പള്ളി പഞ്ചായത്തിലെ 127 മുതല്‍ 140വരെയുള്ള ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകളാണ് എണ്ണാനെടുക്കുക. പുതുപ്പള്ളി, മീനടം പഞ്ചായത്തുകളിലെ 141 മുതല്‍ 154വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് പതിനൊന്നാം റൗണ്ടില്‍ എണ്ണുക. വാകത്താനം പഞ്ചായത്തിലെ 155 മുതല്‍ 168 വരെയുള്ള ബൂത്തുകളിലെയും 169 മുതല്‍ 182 വരെയുള്ള ബൂത്തുകളിലെയും വോട്ടുകളാണ് യഥാക്രമം 12, 13 റൗണ്ടുകളില്‍ എണ്ണുക.
13 റൗണ്ടുകളിലായി വോട്ടെണ്ണല്‍ പൂര്‍ത്തിയായതിന് ശേഷം റാന്‍ഡമൈസ് ചെയ്ത് തിരഞ്ഞെടുക്കുന്ന അഞ്ച് വി വി പാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ ഒന്നാം നമ്പര്‍ ടേബിളില്‍ എണ്ണും.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ 72.86% വോട്ടാണ് പോൾ ചെയ്യപ്പെട്ടത്. 2021നെക്കാള്‍ 1.98 ശതമാനം കുറവ് പോളിംഗാണ് ഉപതിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ രേഖപ്പെടുത്തിയത്. 182 ബൂത്തുകളിലായി ക്രമസമാധാന പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് വോട്ടെടുപ്പ് പൂർത്തിയായത്. മഴയെ അവഗണിച്ചും സമ്മതിദായകര്‍ ബൂത്തുകളിലെത്തി. എന്നാല്‍ ചില ബൂത്തുകളില്‍ പോളിംഗ് വൈകിയതിൻ്റെ പേരിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും കോൺഗ്രസ് നേതാക്കളും പരാതി ഉന്നയിച്ചിരുന്നു. പോളിങ് വൈകിയത് അന്വേഷിക്കണമെന്ന് ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടിരുന്നു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് ജില്ലാകലക്ടര്‍ ഉറപ്പ് നൽകിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍