'ഒരു രാജ്യം, ഒന്നിച്ച് തിരഞ്ഞെടുപ്പ്'; പഠിക്കാന്‍ എട്ടംഗ സമിതിയെ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: 'ഒരു രാജ്യം, ഒന്നിച്ച് തിരഞ്ഞെടുപ്പ്' പഠിക്കാന്‍ മുന്‍രാഷ്ട്രപ്രതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതിയിലെ അംഗങ്ങളെ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. അമിത്ഷാ, അധിര്‍ രഞ്ജന്‍ ചൗധരി, ഗുലാംനബി ആസാദ്, എന്‍ കെ സിങ്, സുഭാഷ് സി കശ്യപ്, ഹരീഷ് സാല്‍വെ, സഞ്ജയ് കോത്താരി എന്നിവരാണ് സമിതി അംഗങ്ങള്‍.
വിജ്ഞാപനം നിയമമന്ത്രാലയം പുറത്തിറക്കി. കേന്ദ്ര നിയമമന്ത്രി സമിതിയില്‍ പ്രത്യേക ക്ഷണിതാവായിരിക്കും. നിയമകാര്യ സെക്രട്ടറി നിതിന്‍ ചന്ദ്രയും പങ്കെടുക്കും. ലോക്‌സഭാ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് ഒപ്പം മുന്‍സിപ്പല്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളും നടത്തുന്നത് സമിതി പരിശോധിക്കും.
ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒറ്റ തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ആശയം. തിരഞ്ഞെടുപ്പ് ഒറ്റത്തവണയായി നടത്തുന്നതിലൂടെ പൊതുഖജനാവിന് വലിയ ലാഭമുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നു. പ്രാദേശിക പാര്‍ട്ടികളെ തുടച്ചുനീക്കാനുള്ള ശ്രമമെന്നാണ് പ്രത്യേക സമിതിയെ നിയോഗിച്ച കേന്ദ്ര നീക്കത്തില്‍ സമാജ്വാദി പാര്‍ട്ടി അന്ന് പ്രതികരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍