കോഴിക്കോട് കൂടുതൽ കണ്ടെയിൻമെൻ്റ് സോണുകൾ, നിയന്ത്രണം കര്‍ശനം

കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി. കോഴിക്കോട് കോര്‍പറേഷനിലെ 43 (കൊളത്തറ), 44 (കുണ്ടായിത്തോട്), 45 (ചെറുവണ്ണൂര്‍ ഈസ്റ്റ്), 46 (ചെറുവണ്ണൂര്‍ വെസ്റ്റ്), 47 (ബേപ്പൂര്‍ പോര്‍ട്ട്), 48 (ബേപ്പൂര്‍), 51 (പുഞ്ചപ്പാടം) വാര്‍ഡുകളും ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. നിപ സ്ഥിരീകരിച്ചയാളുടെ താമസ സ്ഥലത്ത് നിന്നും 5 കിലോമീറ്റര്‍ ചുറ്റളവിലാണ് കണ്ടെയിന്‍മെന്റ് സോണുകള്‍.

കണ്ടെയിന്‍മെന്റ് സോണുകളാക്കിയ പ്രദേശങ്ങളില്‍നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ല. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തനസമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് 5 മണി വരെ മാത്രമായിരിക്കും. മരുന്ന് ഷോപ്പുകള്‍ക്കും ആരോഗ്യകേന്ദ്രങ്ങള്‍ക്കും സമയപരിധിയില്ല.

  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍