മുക്കത്തെ പെട്രോൾ പമ്പിൽ മുളകുപൊടി എറിഞ്ഞും മർദ്ദിച്ചും മോഷണം; മലപ്പുറം സ്വദേശികൾ പിടിയിൽ
കോഴിക്കോട്: മുക്കം മാങ്ങാപ്പൊയിലിൽ പെട്രോൾ പമ്പിലെ ജീവനക്കാരനെ മുളകുപൊടിയെറിഞ്ഞ് മർദ്ദനത്തിന് ഇരയാക്കി മോഷണം നടത്തിയ സംഭവത്തിലെ പ്രിതികൾ പിടിയിൽ. മൂന്നുപ്രതികളെയാണ് മുക്കം പോലീസ് പിടികൂടിയത്. നിലമ്പൂർ സ്വദേശി അനൂപ്, മലപ്പുറം വെള്ളില സ്വദേശി സാബിത്ത് അലി, പ്രായപൂർത്തിയാകാത്ത മറ്റൊരു മലപ്പുറം സ്വദേശിയുമാണ് പിടിയിലായത്. ഒരാൾ കൂടി പിടിയിലാകാനുണ്ട്.
ഇക്കഴിഞ്ഞ നവംബർ 17-ന് പുലർച്ചെയാണ് മാങ്ങാപ്പൊയിലിലെ പെട്രോൾ പമ്പിൽ കാറിലെത്തിയ നാലംഗസംഘത്തിന്റെ അതിക്രമമുണ്ടായത്. കാറിൽ എത്തിയ സംഘം ആദ്യം 2010 രൂപയ്ക്ക് പെട്രോൾ അടിച്ചു. ശേഷം മൂന്നുപേർ കാറിൽനിന്നും പുറത്തിറങ്ങി. ഒരാൾ ശൗചാലയത്തിലേക്ക് പോയി. കാർ അരികിലേക്ക് മാറ്റിയിട്ട് നാലാമനെ കാത്തിരുന്നു.
തുടർന്ന് ശൗചാലയത്തിൽ പോയ ആൾ വന്നാൽ പെട്രോൾ അടിച്ച പണം ഗൂഗിൾപേ ചെയ്ത് തരാമെന്ന് പ്രതികൾ ജീവനക്കാരോട് പറയുകയായിരുന്നു. ഇയാൾ തിരിച്ചെത്തി പമ്പ് ജീവനക്കാരനായ സുരേഷ് ബാബുവിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ്, ഉടുമുണ്ടൂരി തലയിലൂടെ ഇട്ട് മർദ്ദിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാരന്റെ കൈയിലുണ്ടായിരുന്ന 3200 രൂപ കവർന്നാണ് ഇവർ കടന്നുകളഞ്ഞത്.
അറസ്റ്റിലായ പ്രതികളെ ചൊവ്വാഴ്ച മോഷണം നടന്ന പെട്രോൾ പമ്പിലും ഇവർ ആദ്യം മോഷണം നടത്താൻ ലക്ഷ്യമിട്ട മുക്കം പെരുമ്പടപ്പിലെ പെട്രോൾ പമ്പിലും എത്തിച്ച് തെളിവെടുത്തു.
