ഹരിനാരായണന് വേണ്ടി സെല്‍വിന്റെ ഹൃദയം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് 'പറന്നെത്തി'


തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച സ്റ്റാഫ് നേഴ്സ് സെല്‍വിന്‍ ശേഖറിന്റെ അവയവങ്ങള്‍ സര്‍ക്കാര്‍ ഹെലികോപ്റ്ററില്‍ കൊച്ചിയിലെത്തിച്ചു. ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള 16-കാരന്‍ ഹരിനാരായണന് വേണ്ടിയാണ് ഹൃദയമെത്തിച്ചത്. ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കുന്നത്. സെല്‍വിന്റെ കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ടു രോഗികള്‍ക്കാണ് ദാനം നല്‍കുന്നത്.

10:20-ഓടുകൂടിയാണ് തിരുവനന്തപുരത്ത് നിന്നും സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ കൊച്ചിയിലേക്ക് പറന്നുയര്‍ന്നത്. 11.12-ന് ഹെലികോപ്ടര്‍ കൊച്ചിയിലെത്തി. ഹെലികോപ്ടറില്‍ നിന്ന് അവയവങ്ങളടങ്ങിയ ബോക്സുകള്‍ കൈപ്പറ്റിയ ജീവനക്കാര്‍ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികളിലേക്ക് പോവുകയായിരുന്നു. ഇവിടെ നിന്നും റോഡ് മാര്‍ഗമാണ് അവയവങ്ങള്‍ ആശുപത്രിയിലെത്തിച്ചത്.

ലിസി ആശുപത്രി വരെയുള്ള ഗതാഗതം പൂര്‍ണമായി നിയന്ത്രിച്ചുകൊണ്ടാണ് അവയവങ്ങള്‍ ലിസി ആശുപത്രിയിലെത്തിച്ചത്. 2.30 മിനിറ്റ് സമയത്തിനുള്ളില്‍ ഹൃദയം ലിസി ആശുപത്രിയിലെത്തിക്കാനായി. പത്ത് മിനിറ്റുകൊണ്ട് തന്നെ അവയവങ്ങള്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെത്തിക്കാനാകും. ആസ്റ്ററിലേക്കുള്ള റോഡിലും പോലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കായംകുളം സ്വദേശിയായ ഹരിനാരായണന്റെ ശസ്ത്രക്രിയക്ക് വേണ്ട ഒരുക്കങ്ങള്‍ നേരത്തെ തന്നെ ലിസി ആശുപത്രിയില്‍ ആരംഭിച്ചിരുന്നു. ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ വിദഗ്ധ സംഘമാണ് ശസത്രക്രിയ നടത്തുന്നത്. 28-ാമത് ഹൃദയ ശസ്ത്രക്രിയയാണ് ലിസി ആശുപത്രിയില്‍ നടക്കുന്നത്. ഹെലികോപ്ടറിലെത്തിച്ച് ഇതേ രീതിയില്‍ ആറ് ശസ്ത്രക്രിയകള്‍ നടന്നിരുന്നു. അവയെല്ലാം വിജയകരമായിരുന്നു.

36 വയസ്സുള്ള സെല്‍വിന്‍ ശേഖര്‍ സ്റ്റാഫ് നഴ്‌സാണ്. കന്യാകുമാരി വിളവിന്‍കോട് സ്വദേശിയാണ് മസ്തിഷ്‌ക മരണം സംഭവിച്ച സെല്‍വിന്‍. ഭാര്യ ഗീതയും സ്റ്റാഫ് നഴ്‌സാണ്. തമിഴ്നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. കടുത്ത തലവേദന വന്നതോടെ അവിടത്തെ ആശുപത്രിയിലും നവംബര്‍ 21-ന് കിംസിലും സെല്‍വിന്‍ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തി. ചികിത്സകള്‍ തുടരവേ നവംബര്‍ 24-ന് മസ്തിഷ്‌ക മരണമടയുകയായിരുന്നു. ഭാര്യയാണ് അവയവദാനത്തിന് സന്നദ്ധതയറിയിച്ചത്. തുടര്‍ന്ന് രാത്രി തന്നെ എല്ലാ ക്രമീകരണങ്ങളും നടത്തുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍