നന്മണ്ട യിൽ യുവാവിന്റെ മരണത്തിന് കാരണം വനിതാ സുഹൃത്തെന്ന് ഭാര്യ
ബാലുശ്ശേരി: നന്മണ്ടയിൽ യുവാവ് ജീവനൊടുക്കിയത് വനിതാ സുഹൃത്തിൻറെ ഭീഷണിയെ തുടർന്നാണെന്ന് ഭാര്യയുടെ പരാതി. ടിപ്പർ ലോറി ഡ്രൈവറായ നന്മണ്ട കരിക്കീരിക്കണ്ടി ജയേഷിന്റെ (36) മരണം സംബന്ധിച്ചാണ് പരാതി. ജയേഷിൻറെ ഭാര്യ ദീപയാണ് ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയത്.
മാസങ്ങളായി വനിതാ സുഹൃത്തിനൊപ്പം വാടക വീട്ടിൽ താമസിക്കുകയായിരുന്ന ജയേഷിനെ കഴിഞ്ഞ ദിവസം രാത്രിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. വനിതാ സുഹൃത്ത് തന്റെ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തി, സാമ്പത്തികമായി ചൂഷണം ചെയ്തു, ഇടതു കയ്യിൽ വെട്ടിപ്പരിക്കേൽപ്പിച്ചു എന്നെല്ലാമാണ് പരാതി. ജയേഷിൻറെ വനിതാ സുഹൃത്ത് തന്നെയും ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ ദീപ പരാതിയിൽ പറയുന്നു.
ജയേഷ് മരിച്ച വിവരം അറിഞ്ഞതിന് പിന്നാലെ മൊബൈൽ ഫോൺ ആവശ്യപ്പെട്ട് യുവതി വിളിച്ചത് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നുവെന്നും ജയേഷിൻറെ കുടുംബം ആരോപിച്ചു. ജയേഷ് മരിക്കുന്നതിന്റെ തലേ ദിവസം വീട്ടിലേക്കു വിളിച്ച് ഇനി താൻ എങ്ങോട്ടും പോകില്ലെന്നും നാളെ വരുമെന്നും അറിയിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍