യുവതിയുടെ കൊലപാതകത്തിൽ വഴിത്തിരിവ്:17-കാരനായ മകൻ മാത്രമല്ല, ഭർത്താവും പ്രതി; മറ്റൊരുബന്ധമെന്ന് സംശയം


ബെംഗളൂരു: കെ.ആര്‍. പുരത്ത് പ്രായപൂര്‍ത്തിയാകാത്ത മകന്‍ അമ്മയെ കൊലപ്പെടുത്തിയശേഷം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ സംഭവത്തില്‍ വഴിത്തിരിവ്. അച്ഛനോടൊപ്പം ചേര്‍ന്നാണ് മകന്‍ അമ്മയെ കൊലപ്പെടുത്തിയതെന്നും അമ്മയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണിതെന്നും പോലീസ് കണ്ടെത്തി. ഇതോടെ പോലീസ് അച്ഛനേയും അറസ്റ്റുചെയ്തു. കോലാര്‍ സ്വദേശിയായ ചന്ദ്രപ്പ (47) ആണ് അറസ്റ്റിലായത്.

ഈമാസം രണ്ടിന് കെ.ആര്‍. പുരം ഭീമയ്യ ലേഔട്ടിലാണ് സംഭവം. മുള്‍ബാഗല്‍ സ്വദേശിയായ നേത്ര (40) ആണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് 17-കാരനായ ഇവരുടെ മകന്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. തനിക്ക് വീട്ടില്‍ പരിഗണന ലഭിച്ചിരുന്നില്ലെന്നും മതിയായ അളവില്‍ ഭക്ഷണം ലഭിച്ചിരുന്നില്ലെന്നുമാണ് കൊലപാതകത്തിന്റെ കാരണമായി ഇയാള്‍ പറയുന്നത്. ഇതു വിശ്വസിക്കാതിരുന്ന പോലീസ് നടത്തിയ വിശദപരിശോധനയിലാണ് ചന്ദ്രപ്പയ്ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയത്.

നേത്രയെ മര്‍ദിച്ച് കൊല്ലാനുപയോഗിച്ച ഇരുമ്പുവടിയില്‍ ചന്ദ്രപ്പയുടെ വിരലടയാളം പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് താനും മകനും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് ചന്ദ്രപ്പ സമ്മതിച്ചത്. നേത്രയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ചന്ദ്രപ്പയും നേത്രയും നിരന്തരം വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു. മകനും നേത്രയെ ചോദ്യം ചെയ്തിരുന്നു.

പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുറഞ്ഞ ശിക്ഷയേ ലഭിക്കുകയുള്ളൂവെന്ന് കരുതിയാണ് മകന്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി കുറ്റം ഏറ്റെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് കെ.ആര്‍. പുരം പോലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍