ഇന്ത്യയിൽ വികസിപ്പിച്ച അർബുദ ചികിത്സാരീതി ഒമ്പതുകാരിയിലും ഫലം കണ്ടു, കാൻസർമുക്തയായി ഈശ്വരി ! 


ഇന്ത്യയിൽ വികസിപ്പിച്ച പ്രത്യേകതരം ചികിത്സാരീതിയിലൂടെ അറുപത്തിനാലുകാരൻ കാൻസർരോ​ഗവിമുക്തനായ വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. മാസങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ ഡ്ര​ഗ് റെ​ഗുലേറ്ററായ സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർ​ഗനൈസേഷൻ അം​ഗീകരിച്ച CAR-T സെൽ തെറാപ്പി സ്വീകരിച്ച ഡോ. വി.കെ. ​ഗുപ്ത എന്നയാളിലെ കാൻസറാണ് മുക്തമായത്. ഇപ്പോഴിതാ നാസിക്കിൽ നിന്നുള്ള ഈശ്വരി ഭാ​ഗീരവ് എന്ന ഒമ്പതുവയസ്സുകാരിലും ഇതേചികിത്സ ഫലംകണ്ടുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

ആറാംവയസ്സിൽ രക്തത്തേയും മജ്ജയേയും ബാധിക്കുന്ന അക്യൂട്ട് ലിംഫോസൈറ്റിക് ലുക്കീമിയ സ്ഥിരീകരിച്ച പെൺകുട്ടിയിലാണ് ചികിത്സ ഫലംകണ്ടതെന്ന് ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നു. മുംബൈയിലെ ടാറ്റമെമ്മോറിയൽ സെന്ററിലാണ് ഈശ്വരിയുടെ ചികിത്സ നടന്നത്. നിരവധി ചികിത്സകൾക്കുശേഷവും ഈശ്വരിയുടെ ശരീരത്തിൽ കാൻസർ തിരിച്ചുവന്നിരുന്നു. തുടർന്നാണ് CAR-T സെൽ തെറാപ്പി സ്വീകരിക്കാൻ കുടുംബം തീരുമാനിച്ചത്. കുട്ടികളിൽ ഈ ചികിത്സ നടത്തിയതിന്റെ ആദ്യ​ഗുണഭോക്താവുമാണ് ഈശ്വരി.

തുടർപരിശോധനകൾക്കൊടുവിൽ ഈശ്വരി കാൻസർമുക്തയാണെന്നു തെളിഞ്ഞുവെന്നും ആരോ​ഗ്യവതിയാണെന്നും കുടുംബം പറയുന്നു. രാജ്യത്ത് അർബുദബാധിതരായ കുട്ടികൾക്ക് പ്രതീക്ഷയേകുന്നതാണ് ഈശ്വരിയുടെ അതിജീവനകഥ. ഈ തെറാപ്പിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള അനുമതി വർഷാവസാനത്തോടെ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ടാറ്റാ മെമോറിയൽ സെന്ററിലെ ഡോക്ടർമാർ വ്യക്തമാക്കി. മുതിർന്നവർക്കായി ഈ തെറാപ്പി ഇതിനകംതന്നെ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

NexCAR19 എന്ന പേരിലുള്ള തദ്ദേശീയമായി വികസിപ്പിച്ച ഈ ചികിത്സാരീതി ലുക്കീമിയ, ലിംഫോമ തുടങ്ങിയ രക്താർബുദ രോ​ഗികളിൽ കൂടുതൽ ഫലപ്രദമാണെന്നാണ് പറയപ്പെടുന്നത്. രോ​ഗിയുടെ രക്തത്തിൽ നിന്ന് ഇമ്മ്യൂൺ സെല്ലുകളായ ടി-സെല്ലുകളെ വേർതിരിച്ചെടുത്ത് ലബോറട്ടറിയിൽ പരിഷ്കരിച്ചെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. രോ​ഗിയുടെ പ്രതിരോധശേഷിയെ ജനിതകപരമായി പരിഷ്കരിച്ചെടുത്ത് കാൻസർ സെല്ലുകളോട് പോരാടാൻ പ്രാപ്തമാക്കുകയാണ് ചെയ്യുന്നത്- 2023 ഒക്ടോബറിലാണ് സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർ​ഗനൈസേഷൻ ഈ ചികിത്സാരീതിക്ക് അം​ഗീകാരം നൽകിയത്.

ടാറ്റാ മെമോറിയൽ സെന്ററിലും ഐഐടി ബോംബേ ലബോറട്ടറികളിലുമായാണ് ​ഗുപ്തയ്ക്കു വേണ്ടിയുള്ള തെറാപ്പിയും വികസിപ്പിച്ചത്. കാലങ്ങളായി കീമോതെറാപ്പി, റേഡിയേഷൻ, സർജറി തുടങ്ങിയ ചികിത്സാരീതികളാണ് കാൻസർരോ​ഗികളെ ചികിത്സിക്കാൻ സ്വീകരിച്ചുവരുന്നത്. എന്നാൽ ഈ പ്രത്യേകയിനം ചികിത്സാരീതിയിൽ ഇമ്മ്യൂൺ സെല്ലുകളെ(പ്രത്യേകിച്ച് ടി-സെല്ലുകളെ) പരിഷ്കരിക്കുകയും അവയെ കാൻസർകോശങ്ങളോട് പൊരുതുന്നവയാക്കുകയും ചെയ്യുകയാണ്


ശരീരത്തിന്റെ രോ​ഗപ്രതിരോധശേഷി നിലനിർത്തുന്നതിലും മറ്റ് ഉപദ്രവകാരികളായ കോശങ്ങളെ ഇല്ലാതാക്കുന്നതിലും വലിയ പങ്കുവഹിക്കുന്നവയാണ് ടി-സെല്ലുകൾ. ഈ ചികിത്സയുടെ ഭാ​ഗമായി ഓരോ രോ​ഗികൾക്കും വേണ്ടി പ്രത്യേകമായി ടി-സെല്ലുകളെ പരിഷ്കരിച്ച് ശരീരത്തിലേക്ക് തിരികെ കയറ്റുകയും അവ കാൻസർ കോശങ്ങളോട് പൊരുതുകയും ചെയ്യുന്നു.

മറ്റുരാജ്യങ്ങളിലേതിനെ അപേക്ഷിച്ച് ഇവിടെ വികസിപ്പിച്ച CAR-T cell തെറാപ്പിക്ക് പാർശ്വഫലങ്ങൾ കുറവാണെന്നാണ് മൃ​ഗങ്ങളിൽ നടത്തിയ ലബോറട്ടറി ടെസ്റ്റുകളിലും പരീക്ഷണങ്ങളിലും വ്യക്തമായത്. കീമോതെറാപ്പിയിൽ നിന്നെല്ലാം വ്യത്യസ്തമായി പല സെഷനുകൾ വേണ്ടിവരുന്നില്ല എന്നതാണ് ഈ ചികിത്സാരീതിയെ വേറിട്ടതാക്കുന്നത്.

CAR-T തെറാപ്പിക്കുവേണ്ടി 42 ലക്ഷത്തോളം രൂപ വി.കെ.​ഗുപ്ത ചെലവാക്കിയെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യക്ക് പുറത്ത് മൂന്നുമുതൽ നാലുകോടിയോളം ചെലവുവരുന്ന ചികിത്സാരീതിയാണിത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍