തോട്ട ഭൂമി: കട്ടിപ്പാറ പഞ്ചായത്ത് ഹൈക്കോടതിയിലേക്ക്
കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്തിലെ തോട്ട ഭൂമിയിൽ താമസിക്കുന്ന സാധാരണ ജനങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിന് ഹൈക്കോടതിയെ സമീപിക്കുന്നതിന് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഭരണ സമിതി യോഗം ഐക്യ ഖണ്ഡേന തീരുമാനമെടുത്തു.
2021 നവംബർ 1 നു ഭരണ സമിതി തോട്ട ഭൂമി വിഷയങ്ങൾ ചർച്ച ചെയ്യുകയും പ്രമേയം പാസാക്കി ഗവൺമെൻറിലേക്കും മറ്റ് ഉന്നതരെയും രേഖാമൂലം വിവരങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു.
കട്ടിപ്പാറ പഞ്ചായത്തിലെ 8 വാർഡുകളിലെ ജനങ്ങൾ പൂർണമായും തോട്ട ഭൂമി വിഷയത്തിന്റെ ദുരിതം അനുഭവിക്കുന്നവരാണ്. കട്ടിപ്പാറ, കെടവൂർ വില്ലേജുകളിൽപ്പെടുന്ന പ്രദേശങ്ങളിലും വാർഡുകളിലുമാണ് പ്രശ്നം നിലനിൽക്കുന്നത്.
കേരള ഭൂപരിഷ്കരണ നിയമം സെക്ഷൻ 81 പ്രകാരം ഇളവ് അനുവദിച്ച തോട്ടം ഭൂമികളിൽ വർഷങ്ങളായി വീടുകളും കെട്ടിടങ്ങളും നിർമ്മിച്ച് താമസിച്ച് വരുന്നവർക്കാണ് എറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
കട്ടിപ്പാറ പഞ്ചായത്തിലെ മേൽപറഞ്ഞ സ്ഥലങ്ങളിൽ 3581 വീടുകളും, 218 കച്ചവട വ്യവസായ സ്ഥാപനങ്ങളും,23 ആരാധനാലയങ്ങളും, വിദ്യഭ്യാസ സ്ഥാപനങ്ങളും കൂടാതെ പ്രാഥമികാരോഗ്യ കേന്ദ്രം മറ്റ് അനുബന്ധ സ്ഥാപനങ്ങൾ, വയോജന പാർപ്പിടങ്ങൾ തുടങ്ങിയവ സ്ഥിതി ചെയ്യുന്നു.
2021 ഫെബ്രുവരിയിലെ ഗവ: സർക്കുലറും, അനുബന്ധ കോടതി ഉത്തരവുകളും പ്രകാരം ഈ പ്രദേശങ്ങളിൽ സ്ഥലം വാങ്ങി വീടുകൾ നിർമ്മിച്ച് താമസമാക്കിയവർക്ക് വില്ലേജുകളിൽ നിന്നും പൂർണ്ണ സ്വാതന്ത്ര്യത്തോടെയുള്ള കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കാത്തതുമൂലം വീടുകൾക്ക് നമ്പറുകൾ ലഭിക്കാത്ത അവസ്ഥയാണുള്ളത്.
കടം വാങ്ങിയും, ലോൺ എടുത്തും സ്ഥലം വാങ്ങി വീടുകൾ നിർമ്മിച്ച സാധാരണക്കാർക്ക് വീടുനമ്പറുകൾ ലഭിക്കാത്തതിനാൽ സർക്കാറിനെ ആനുകൂല്യങ്ങളോ, മറ്റ് സഹായങ്ങളോ ലഭിക്കാത്ത അവസ്ഥയാണ്. ഏറ്റവും സാധാരണക്കാരെയും തൊഴിലാളികളെയുമാണ് ഇത് ഏറ്റവും ബാധിച്ചിരിക്കുന്നത്.
തോട്ട ഭൂമി ഉൾപ്പെട്ട പ്രദേശങ്ങളിൽ 560 ൽ പരം വീടുകൾക്ക് വീടുനമ്പർ ലഭിക്കാത്ത സ്ഥിതിയാണ് നിലവിൽ. ഇതിൽ സർക്കാർ സഹായം ലഭിച്ച ലൈഫിൽ ഉൾപ്പെടുന്ന വീടുകൾ വരെയുണ്ട്.
ഇത്തരം അവസ്ഥകളിൽ നിന്നും മോചനം ലഭിക്കുന്നതിനും, സാധാരണക്കാർക്ക് അത്താണിയാകുന്നതിനുമായിട്ടാണ് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഒറ്റക്കെട്ടായി ഭരണ സമിതിയിൽ തീരുമാനമെടുത്ത് ഹൈക്കോടതിയെ സമീപിക്കുന്നതിന് തീരുമാനമെടുത്തതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍