സഹയാത്രികയുടെ മാല മോഷ്ടിച്ചു; നാടോടി സ്ത്രീയെ ഓടിച്ചിട്ട് പിടിച്ച് യുവതി
കോഴിക്കോട്: സഹയാത്രികയുടെ മാല മോഷ്ടിച്ച നാടോടി സ്ത്രീയെ സിനിമാസ്‌റ്റൈലില്‍ ഒറ്റയക്ക് അരകിലോമീറ്ററോളം ഓടി പിടികൂടി എടക്കര സ്വദേശിനി മിധു ശ്രീജിത്ത്. എരഞ്ഞിപ്പാലത്തുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ മിധു രാവിലെ ജോലിക്ക് പോകുന്നതിനായി ബസിറങ്ങിയപ്പോൾ യാത്രക്കാരില്‍ ഒരാൾ മാല നഷ്ടപ്പെട്ടതായി ബഹളം വെയ്ക്കുന്നത് കേട്ടു. ബസിലുണ്ടായിരുന്ന ചേളന്നൂർ സ്വദേശിനി ജലജയാണ് മാല നഷ്ടപ്പെട്ടതായി ബഹളം വെച്ചത്. അതോടെ ബസിൽ നിന്ന് ഇറങ്ങിയ ഒരാളും പോകരുതെന്ന് കണ്ടക്ടർ അറിയിച്ചു. ആ സമയം ബസിറങ്ങി ആൾക്കൂട്ടത്തിൽ നിൽക്കുകയായിരുന്ന തമിഴ്നാട് സ്വദേശിനിയായ മാരിയമ്മ ബസിനകത്തേക്കു തിരികെക്കയറി മാല താഴെയിട്ടു. അതു കണ്ടവർ ഒച്ചവയ്ക്കുകയും മാരിയമ്മയെ വാഹനത്തിൽ നിന്നും പുറത്തേയ്ക്ക് ഇറക്കുകയും ചെയ്തു. എന്നാൽ അവർ കുതറി ഓടുകയും മിധു പിന്നാലെ ഓടുകയായിരുന്നു.
മാരിയമ്മയെ വിടാതെ മിധുവും പിന്നാലെ ഓടി. എരഞ്ഞിപ്പാലം ജംഗ്ഷനിലെത്തിയ മാരിയമ്മ റോഡിലൂടെ പോകുന്ന ഓട്ടോയ്ക്കും ബസിനും കൈകാണിച്ചുവെങ്കിലും കയറ്റരുതെന്നും മാല മോഷ്ടിച്ച് ഓടുന്നതാണെന്നും മിധു വിളിച്ചു പറഞ്ഞു. ആ സമയം അതുവഴിവന്ന ഓട്ടോ തൊഴിലാളികളുടെയും ജംഗ്ഷനിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റേയും സഹായത്തോടെ മാരിയമ്മയെ പിടികൂടി. മാരിയമ്മയെ കോടതിയിൽ റിമാൻഡ് ചെയ്തു. മോഷ്ടാവിനെ അതിസാഹസികമായി പിടികൂടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എരഞ്ഞിപ്പാലം ജംക്‌ഷനിൽ ചൊവ്വാഴ്ച രാവിലെ ഒൻപതു മണിയോടെയാണു സംഭവം നടന്നത്.
മാല മോഷണം പോയതായി പരാതി ഉയർന്നതിന് പിന്നാലെയാണ് ബസില്‍ കയറി ബാഗിന്റെ സൈഡില്‍ നിന്ന് മാരിയമ്മ മാല നിലത്തിട്ടത്. രണ്ട് മാലകള്‍ ഉണ്ടായിരുന്നു. ഒന്ന് സ്വര്‍ണത്തിന്റേയും മറ്റൊന്ന് മുക്കുപണ്ടവും ആയിരുന്നു. മാല ബസില്‍ ഇടുന്നത് ഞാനും മറ്റൊരു പെണ്‍കുട്ടിയും കണ്ടു. ബസില്‍ നിന്ന് അവരെ താഴോട്ടിറക്കി. എന്നാല്‍ ആര്‍ക്കും പിടികൂടാൻ പറ്റാതെ അവർ കുതറിയോടി. പൊലീസുകാരെ വിളിക്കാന്‍ മറ്റുള്ളവര്‍ പറയുന്നുണ്ടായിരുന്നു. റോഡ് ക്രോസ് ചെയ്ത് ഓടിയപ്പോള്‍ സിഗനലിന്റെ ഉള്ളിലൂടെ ഞാന്‍ പിന്നാലെ ഓടി. എരഞ്ഞിപ്പാലം മുതല്‍ കാരപറമ്പ് ആശിര്‍വാദം ഫ്‌ളാറ്റിന്റെ അവിടെവരെ ഓടി അവരെ പിടികൂടുകയായിരുന്നു. പിന്നാലെ പൊലീസുകാരും വന്നു. പുറകെ മാലയുടെ ഉടമയും വന്നു. മാല മോഷണം പോയ ചേച്ചിയുടെ മകള്‍ ആശുപത്രിയില്‍ ഓപറേഷന്‍ കഴിഞ്ഞ് കിടക്കുകയാണ്. അങ്ങോട്ടേക്ക് പോകുന്ന വഴിക്കായിരുന്നു സംഭവം', മിധു ശ്രീജിത്ത് പറഞ്ഞു.
ഇപ്പോഴത്തെ സ്വര്‍ണ്ണത്തിന് നല്ല വിലയല്ലേ, തനിക്ക് ഒരു ചെയിന്‍വാങ്ങാന്‍ തന്റെ ഭര്‍ത്താവ് കഷ്ടപ്പെട്ടിട്ടുണ്ട്. തനിക്കവരെ പിടിക്കണം എന്നുതന്നെയായിരുന്നുവെന്നും മിധു പറഞ്ഞു. ഒറ്റയ്ക്കാണ് ഓടിയത്. ഓട്ടക്കാരിയാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നുെവന്നും മിധു പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍