മഞ്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 12കാരൻ മരിച്ചു; നാലുപേർക്ക് പരിക്ക്


മഞ്ചേരി : കാരാപറമ്പ് ഞാവലിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. ബന്ധുക്കളായ നാല് പേർക്ക് പരിക്കേറ്റു. ചെങ്ങര തടത്തിൽ മൂലക്കുടവൻ വീട്ടിൽ അബ്ദുൽ ലത്തീഫിന്റെ മകൻ ഹംദാൻ (12) ആണ് മരിച്ചത്.

ലത്തീഫിന്റെ സഹോദരി ഹസീന ബാനു (40), മക്കളായ ഹസീം അമൽ (21), ഹാമിസ് മുഹമ്മദ് (14), ഹിസ (10) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചക്ക് 1.30നാണ് അപകടം. പാണ്ടിക്കാട് നിന്നും അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ നിന്നും വരികയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

വ്യാഴാഴ്ച പാണ്ടിക്കാടുള്ള പിതാവിന്റെ സഹോദരി ഹസീനയുടെ വീട്ടിലേക്ക് വിരുന്നിന് പോയതായിരുന്നു ഹംദാൻ. തിങ്കളാഴ്ച സ്കൂൾ തുറക്കാനിരിക്കെ വീട്ടിലേക്ക് തിരിച്ച് വരുന്നതിനിടെയാണ് അപകടം. ഹസീനയായിരുന്നു കാർ ഓടിച്ചിരുന്നത്.

ശക്തമായ മഴയിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമായതാണ് അപകട കാരണം. നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹംദാന്റെ ജീവൻ രക്ഷിക്കാനായില്ല. ഹംദാന്റെ മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

സാരമായി പരിക്കേറ്റ ഹസിം അമൽ, ഹാമിസ് മുഹമ്മദ് എന്നിവരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസീന ബാനുവിനെയും ഹിസയെയും മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം ഖബറടക്കം ഞായറാഴ്ച ചെങ്ങര ജുമാ മസ്ജിദിൽ നടക്കും. മാതാവ്: സഫിയ. സഹോദരങ്ങൾ: ബാസിൽ, റംസി, ദാനിയ



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍