കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ആത്മകഥ അനേകം ജീവിതങ്ങളുടെ പ്രതിഫലനമായി മാറും- മുഖ്യമന്ത്രി
തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ആത്മകഥ അനേകം ജീവിതങ്ങളുടെ പ്രതിഫലനമായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാന്തപുരത്തിന്റെ 'വിശ്വാസപൂര്‍വം' എന്ന് പേരിട്ടിരിക്കുന്ന ആത്മകഥ പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശശി തരൂര്‍ എം.പി.ക്ക് കൈമാറിയാണ് പുസ്തകത്തിന്റെ പ്രകാശനകര്‍മം നിര്‍വഹിച്ചത്.
കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ വികാസപരിണാമങ്ങളെ അടയാളപ്പെടുത്തുന്ന പുസ്തകമാണിത്. ചരിത്രവിദ്യാര്‍ഥികള്‍ക്കും വായനാതല്‍പരര്‍ക്കും ഒരുപോലെ പ്രിയങ്കരമായി ഇത് മാറും. ചരിത്രം, സംസ്‌കാരം, വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളെക്കുറിച്ച് 24 അധ്യാങ്ങളായാണ് പുസ്തമുള്ളത്. ആധ്യാത്മിക പ്രഭാഷകന്‍, പണ്ഡിതന്‍, അധ്യാപകന്‍, വാഗ്മി എന്നിങ്ങനെ നിരവധി മേഖലകളില്‍ മുദ്രപതിപ്പിച്ച വ്യക്തിത്വമാണ് കാന്തപുരം. ബൃഹത്തായ പ്രവര്‍ത്തനമേഖലകള്‍ സ്വന്തമായുള്ള ഒരാള്‍ ആത്മകഥയെഴുതുമ്പോള്‍ അത് സ്വന്തം കഥമാത്രമാകില്ല. അനേകം ജീവിതങ്ങളുടെ പ്രതിഫലനമായി മാറും- മുഖ്യമന്ത്രി പറഞ്ഞു.
താന്‍ ഏറെ ആദരിക്കുന്ന അബൂബക്കര്‍ മുസ്ലിയാരുടെ പുസ്തകം മുഖ്യമന്ത്രിയുടെ കൈയില്‍ നിന്നും ഏറ്റുവാങ്ങാനായതില്‍ സന്തോഷമുണ്ടെന്ന് ശശി തരൂര്‍ എം.പി. പറഞ്ഞു.
പുസ്തകത്തില്‍ ഉസ്താദിന്റെ വിദ്യാഭ്യാസ-സാമൂഹിക സാംസ്‌കാരിക പവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിദ്യാഭ്യാസമേഖലയിലെ അദ്ദേഹത്തിന്റെ സംഭാവന ദേശീയ ഉദ്ഗ്രഥനത്തിനായുള്ള സംഭാവനയായാണ് ഞാന്‍ കാണുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്ഡൗണ്‍ സമയം, ആശുപത്രിവാസത്തിന് ശേഷമുള്ള വിശ്രമസമയം എന്നിവ ഉപയോഗിച്ചാണ് എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ആത്മകഥ പൂര്‍ത്തിയാക്കിയത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍