മണ്ണിടിച്ചിൽ; കക്കയം - തലയാട് റോഡ് ഗതാഗത യോഗ്യമാക്കി. രാത്രിയിൽ ഗതാഗത നിരോധനം
ബാലുശ്ശേരി:കക്കയം-തലയാട് റോഡില്‍ 26-ാം മൈലിനടുത്ത് കനത്തമഴയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് റോഡിലേക്ക് വീണ കല്ലുകളും മണ്ണും മരങ്ങളും നീക്കം ചെയ്ത് റോഡ് ഗതാഗത യോഗ്യമാക്കി. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. 28ആം മൈല്‍ - തലയാട് ഭാഗത്ത് മലയോരഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട് റോഡിന്റെ വീതി കൂട്ടല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൈഡിലെ മരങ്ങളും മണ്ണുകളും നീക്കം ചെയ്യുന്ന പ്രവൃത്തിയെ തുടര്‍ന്ന് പാതയോരത്തെ മണ്ണും കല്ലുകളുമെല്ലാം ഇളകി കിടക്കുന്ന സാഹചര്യമുള്ളതിനാലാണ് മഴ ശക്തമായതോടെ മണ്ണും, കല്ലുകളും, മരങ്ങളുമെല്ലാം ഇളകി റോഡിലേക്ക് വീണത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് വാഹന ഗതാഗതം ഭാഗികമായി പുനസ്ഥാപിക്കാന്‍ സാധിച്ചത്. ബുധനാഴ്ച രാവിലെ മുതല്‍ ബസ് ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മലയോര ഹൈവേ അധികൃതര്‍ അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിലും, മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാലും കക്കയം - തലയാട് മേഖലയിലൂടെയുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍