തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ വാഹനമിടിപ്പിച്ച യുവാവ് പിടിയിൽ

പാലക്കാട്: തൃത്താലയിൽ എസ്ഐയെ ഇടിച്ച് വാഹനം നിർത്താതെ പോയ യുവാവ് പൊലീസ് പിടിയിൽ. ഞാങ്ങാട്ടിരി സ്വദേശി അലനെയാണ് പൊലീസ് പിടികൂടിയത്. ഇയാൾ ഓടിച്ചിരുന്ന വാഹനവും, വാഹന ഉടമയായ പിതാവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അപകട സമയത്ത് അലനായിരുന്നു വാഹനം ഓടിച്ചിരുന്നത്. തൃത്താല എസ്‌ഐ ശശികുമാറിനെയാണ് വാഹനമിടിച്ച് വീഴ്ത്തിയത്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. പ്രദേശത്ത് പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെ ദുരൂഹ സാഹചര്യത്തിൽ ഒരു വാഹനം നിർത്തിയിട്ടത് ശ്രദ്ധയിൽ പെട്ടു. വാഹനത്തിൽ നാലുപേരുമുണ്ടായിരുന്നു. തുടർന്ന് പരിശോധനക്കായി പൊലീസ് മുന്നോട്ട് വന്നതിന് പിന്നാലെ വാഹനം പിന്നോട്ട് എടുക്കുകയായിരുന്നു. പിറകിൽ നിന്നിരുന്ന എസ്ഐ ശശിയെ വാഹനം ഇടിക്കുകയും പരിക്കേൽപ്പിക്കുകയുമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍