ആമസോൺ പാഴ്‌സലിൽ മൂർഖൻ പാമ്പ്‌

ബംഗളൂരു > ആമസോണിൽ നിന്നും മൈക്രോസോഫ്‌റ്റ്‌ എക്‌സ്‌ ബോകസ്‌ കൺട്രേളർ ഓർഡർ ചെയ്ത യുവതിക്ക്‌ പാഴ്‌സൽ തുറക്കുമ്പോൾ കിട്ടിയത്‌ മൂർഖൻ പാമ്പിനെ. ബംഗളുരു സർജാപുർ റോഡിൽ താമസിക്കുന്ന തൻവിക്കാണ്‌ ഈ ദുരനുഭവം ഉണ്ടായത്‌.

ജൂൺ 16 നായിരുന്നു തൻവി ആമസോണിൽ നിന്നും എക്‌സ്‌ ബോക്‌സ്‌ കൺട്രോളർ ഓർഡർ ചെയ്തത്‌. ജൂൺ 18 ന്‌ പാഴ്‌സൽ കയ്യിൽ കിട്ടുകയും ചെയ്തു. തൻവി പെട്ടി തുറക്കുമ്പോൾ തന്നെ മൂർഖനെ കണ്ട്‌ ഞെട്ടുകയായിരുന്നു. ഉടനെ ഫോണിൽ വീഡിയോ എടുത്ത്‌ എക്‌സിൽ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു. ആമസോണിൽ നിന്നും ഒരു എക്‌സ്‌ബോക്‌സ്‌ കൺട്രോളർ ഓർഡർ ചെയ്തു, കൂടെ ഫ്രീയായി ഒരി പാമ്പിനേയും കിട്ടി എന്ന്‌ വീഡിയോ പങ്കുവച്ച് യുവതി എക്‌സിൽ എഴുതി.

സംഭവം ആമസോണിൽ അറിയിച്ചപ്പോൾ രണ്ട്‌ മണിക്കൂറോളം കാര്യമായ പ്രതികരണമൊന്നുമുണ്ടായിരുന്നില്ല എന്ന്‌ തൻവിയും ഭർത്താവും പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. റീഫണ്ട്‌ കിട്ടിയെങ്കിലും ആമസോണിൽ നിന്നുണ്ടായത്‌ ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന്‌ ദമ്പതികൾ പറഞ്ഞു. സംഭവത്തിൽ ആമസോൺ മാപ്പ്‌ പറഞ്ഞിട്ടുണ്ട്‌. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍