കഴുത്തിൽ കത്തി വെച്ച് കുരുമുളകും കാപ്പിയും കവർച്ച ; സഹോദരങ്ങൾ പിടിയിൽ.


കൽപ്പറ്റ:കമ്പളക്കാട് എസ്റ്റേറ്റ് ഗോഡൗണിൽ ജോലിക്കാരന്റെ കഴുത്തിൽ കത്തി വെച്ച് കുരുമുളകും കാപ്പിയും കവർച്ച ചെയ്‌ത സംഭവത്തിൽ സഹോദരങ്ങൾ പിടിയിൽ.
താമരശ്ശേരിയിൽ ജ്വല്ലറി കുത്തിത്തുറന്ന് 45 പവൻ മോഷ്ടിച്ച കേസില്‍ ജാമ്യത്തിൽ ഇറങ്ങി വീണ്ടും കവർച്ച നടത്തുകയായിരുന്നു.

താമരശ്ശേരി പൂനൂർ, കുറുപ്പിന്റെക്കണ്ടി പാലംതലക്കൽ വീട്ടിൽ അബൾ റിഷാദ്(29), കെ.പി. നിസാർ(26) എന്നിവരെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കവർച്ച നടത്തിയ ശേഷം കുന്ദമംഗലം, പെരിങ്ങളത്ത് വാടക വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ ചൊവ്വാഴ്ച പുലർച്ചെ പോലീസ് വീടു വളഞ്ഞ് സാഹസികമായി പിടികൂടുകയായിരുന്നു .

സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്കുള്ളിലാണ് പ്രതികളെ വയനാട് പൊലീസ് വലയിലാക്കിയത്.

എസ്റ്റേറ്റ് ഗോഡൗണിൽ അതിക്രമിച്ചു കയറി ജോലിക്കാരൻ്റെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയാണ് കാപ്പിയും കുരുമുളകും കവർന്നത്.

250-ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെയും നടത്തിയ ശാസ്ത്രീയാന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലാകുന്നത്. നിസാർ നിരവധി കേസുകളിൽ പ്രതിയാണ്.

15.11.2024 രാത്രിയോടെയാണ് കമ്പളക്കാട്, ചുണ്ടക്കര, പൂളക്കൊല്ലി എന്ന സ്ഥലത്തുള്ള എസ്റ്റേറ്റ് ഗോഡൗണിൽ കവർച്ച നടന്നത്. ഗോഡൗണിൽ അതിക്രമിച്ചു കയറി ജോലിക്കാരനെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി കൈകൾ കെട്ടിയിട്ടായിരുന്നു കവർച്ച. 70 കിലോയോളം തൂക്കം വരുന്ന  43000 രൂപയോളം വില മതിക്കുന്ന കുരുമുളകും, 12000 രൂപയോളം വില വരുന്ന കാപ്പിയുമാണ് ഇവർ കവർന്നത്.

മോഷണം നടന്നതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമാതാരി ഐ.പി.എസിന്റെ നിർദേശപ്രകാരം കൽപ്പറ്റ ഡിവൈ.എസ്.പി ബിജുരാജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്ക്കരിച്ചിരുന്നു. തുടർന്ന്, നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിലാണ് മൂന്ന് ദിവസത്തിനുള്ളിൽ പ്രതികൾ വലയിലാകുന്നത്. കമ്പളക്കാട് ഇൻസ്പെക്ടർ എസ്‌.എച്ച്.ഒ എം.എ. സന്തോഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സി.കെ. നൗഫൽ, കെ.കെ. വിപിൻ, കെ. മുസ്‌തഫ, എം. ഷമീർ, എം.എസ്. റിയാസ്, ടി.ആർ രജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ വി.പി. ജിഷ്‌, മുഹമ്മദ് സക്കറിയ, പി. ബി അജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍