"ആരവം 25" മനംകവർന്ന അങ്കണവാടി കലോത്സവം
കട്ടിപ്പാറ : കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "ആരവം 25" രണ്ടാം ദിവസത്തിൽ അങ്കണവാടി കലോത്സവം അരങ്ങേറി. പഞ്ചായത്തിലെ 23 അങ്കണവാടികളിൽ നിന്നുള്ള മുന്നൂറോളം കൊച്ചു കലാകാരന്മാരാണ് വൈവിധ്യമാർന്ന കലാപരിപാടികളുമായി രംഗത്തെത്തിയത്. മൂന്നു വയസ്സു മാത്രം പ്രായമുള്ള കുരുന്നു കുട്ടികൾ ഇമ്പമാർന്ന മാപ്പിളപ്പാട്ടിൻ്റെ ഈണത്തിനൊത്ത് ദഫുകളിൽ താളമിട്ടും, പുതുമയാർന്ന ഒപ്പനപ്പാട്ടിനൊത്ത് ചുവടുവെച്ചും, സിനിമാറ്റിക്ക് ഡാൻസുകളും, നൃത്തനൃത്യങ്ങളുമായെത്തി
സദസ്സിൻ്റെ മനം കവർന്നു. ശക്തമായ മഴയുണ്ടായിട്ടുപോലും രക്ഷിതാക്കളും നാട്ടുകാരുമടക്കം ആയിരത്തിലധികം ആളുകൾ കൊച്ചുകുട്ടികളുടെ കലാപരിപാടികൾ ആസ്വദിക്കാനെത്തിയിരുന്നു. മുണ്ടപ്പുറം എം പി ഹാളിൽ നടന്ന കലോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ബിന്ദു സന്തോഷ് അധ്യക്ഷതവഹിച്ചു. വടക്കുംമുറി 148-ാം നമ്പർ അങ്കണവാടിയിലെ പത്ത് കുട്ടികൾ ഒന്നിച്ചു ചേർന്ന് അവതരിപ്പിച്ച വെൽകം ഡാൻസോടു കൂടിയായിരുന്നു പരിപാടികൾ ആരംഭിച്ചത്. കുരുന്നുകൾ ആലപിച്ച പ്രാർഥനാ ഗാനവും ഏറെ ശ്രദ്ധേയമായി. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി രവീന്ദ്രൻ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ. കെ അബൂബക്കർ കുട്ടി, ഐ സി ഡി എസ് സൂപ്പർവൈസർ ജാസ്മിൻ, കെ.വി. അബ്ദുൽ അസീസ്, രതീഷ് വേണാടി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മുഹമ്മദ് മോയത്ത്, മുഹമ്മദ് ഷാഹിംഹാജി, അനിത രവീന്ദ്രൻ,ജിൻസി തോമസ്, വി.പി. സുരജ, സൈനബാ നാസിർ, സാജിദ ഇസ്മാഈൽ, വിഷ്ണു ചുണ്ടൻകുഴി തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ പ്രതിഭകൾക്കും സ്നേഹോപഹാരം സമ്മാനിച്ചു. അഷ്റഫ് പൂലോട് സ്വാഗതവും അങ്കണവാടി വർക്കർ തങ്കമണി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍