കേരളത്തിലും എസ്‌ഐആർ; നടപടിക്രമങ്ങൾ ഇന്ന് അർധരാത്രി മുതൽ

ന്യൂഡൽഹി: രാജ്യ വ്യാപക എസ്‌ഐആറിന്റെ രണ്ടാംഘട്ടം ഷെഡ്യൂൾ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ആദ്യഘട്ടത്തിൽ 12 സംസ്ഥാനങ്ങളിൽ എസ്‌ഐആർ നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കേരളത്തിലും ഇന്ന് അർധരാത്രി മുതൽ നടപടിക്രമങ്ങൾ ആരംഭിക്കും. നടപ്പിലാക്കരുതെന്ന കേരളത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.

എസ്‌ഐആർ നടപ്പിലാക്കുന്ന 12 സംസ്ഥാനങ്ങളിലെ നിലവിലെ വോട്ടർപട്ടിക ഇന്ന് അർധരാത്രി മുതൽ മരവിപ്പിക്കും. ഡിസംബർ ഒൻപതിന് കരട് വോട്ടർപട്ടിക പ്രഖ്യാപിക്കും. ജനുവരി എട്ടുവരെ പരാതി നൽകാൻ അവസരമുണ്ടാകും. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും.

അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന അസമൊഴികെയുള്ള 12 സംസ്ഥാനങ്ങളിൽ എസ്‌ഐആർ നടപ്പിലാക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. ആൻഡമാൻ നിക്കോബാർ, ചത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, കേരളം, ലക്ഷദ്വീപ്്, മധ്യപ്രദേശ്, പുതുച്ചേരി, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർ പ്രദേശ്, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് രണ്ടാം ഘട്ട എസ്‌ഐആർ നടപ്പിലാക്കുന്നത്.

അതേസമയം, ബിഹാറിൽ ആദ്യഘട്ട എസ്‌ഐആർ വിജയകരമായി പൂർത്തിയാക്കിയെന്നും ഒരു അപ്പീൽ പോലും ബിഹാറിൽ ഉണ്ടായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 1951 മുതൽ 2004 വരെ രാജ്യത്ത് എട്ടുതവണ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം നടന്നുവെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍