ലോഡ്ജിലെത്തിച്ചത് ഭാര്യയെന്ന വ്യാജേന; കോഴിക്കോട് സ്വദേശിനിയെ ആറ്റിങ്ങലിലെ ലോഡ്ജില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍
ആറ്റിങ്ങല്‍: കോഴിക്കോട് വടകര സ്വദേശിയെ ആറ്റിങ്ങലിലെ ലോഡ്ജില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. കായംകുളം സ്വദേശി ജോബി ജോര്‍ജ് എന്ന റോയിയെയാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വച്ച് പൊലിസ് പിടികൂടിയത്.
കോഴിക്കോട് വടകര ഒഞ്ചിയം പഞ്ചായത്ത് കണ്ണൂക്കര മാടാക്കരയിലെ പാണ്ടികയില്‍ അസ്മിനയാണ്(38) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ആറ്റിങ്ങല്‍ മൂന്നുമുക്ക് വാട്ടര്‍സപ്ലൈ റോഡ് ഗ്രീന്‍ ഇന്‍ ലോഡ്ജിലാണ് സംഭവം നടന്നത്.
ലോഡ്ജില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന ജോബി ജോര്‍ജ് ഭാര്യയെന്ന് പരിചയപ്പെടുത്തിയാണ് അസ്മിനയെ ലോഡ്ജിലെത്തിച്ചത്. മുറി വാടകയ്‌ക്കെടുത്ത ശേഷം ഇയാള്‍ റിസപ്ഷനിലെത്തി. രാത്രി 1.30 ഓടെ ഇയാള്‍ മുറിയിലേക്ക് പോയതായി ജീവനക്കാര്‍ പൊലിസിനോട് പറഞ്ഞു.
ബുധനാഴ്ച രാവിലെ ഇരുവരേയും പുറത്തുകാണാതായതിനെത്തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലിസ് എത്തി വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്നപ്പോഴാണ് അസ്മിനയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മുറിയില്‍ കയ്യാങ്കളിയുടെയും വസ്തുക്കള്‍ വലിച്ചെറിഞ്ഞതിന്റെയും ലക്ഷണങ്ങളുണ്ടായിരുന്നു. പൊട്ടിയ ബിയര്‍ കുപ്പിയും സമീപത്തുണ്ടായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ജോബി ലോഡ്ജില്‍നിന്നു പുറത്തേക്കുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ഇന്ന് രാവിലെ കോഴിക്കോട് നിന്നും പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍