പ്രഭാത വാർത്തകൾ
2025 ഒക്ടോബർ 28 ചൊവ്വ
1201 തുലാം 11 പൂരാടം
1447 ജ : അവ്വൽ 6
◾ രാജ്യവ്യാപകമായുള്ള തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ എസ്ഐആര്‍ നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ന് മുതല്‍ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ ഇതിനുള്ള നടപടികള്‍ ആരംഭിക്കും. ആദ്യഘട്ടം ബിഹാറില്‍ നടപ്പിലാക്കിയിരുന്നു. ഗോവ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കേരളം, ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ലക്ഷദ്വീപ്, പുതുച്ചേരി, ആന്തമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലായിരിക്കും രണ്ടാം ഘട്ടത്തില്‍ എസ്‌ഐആര്‍ നടപ്പിലാക്കുക. എസ്ഐആര്‍ നടക്കുന്ന ഇടങ്ങളില്‍ വോട്ടര്‍ പട്ടിക ഇന്നലെ മുതല്‍ മരവിപ്പിച്ചു. ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി പരിഗണിക്കും. ഡിസംബര്‍ എട്ടിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 2026- ജനുവരി എട്ടുവരെ പരാതി സ്വീകരിക്കും. തുടര്‍ന്ന് ജനുവരി 31ന് പരാതിയുമായി ബന്ധപ്പെട്ട വിശദീകരണം കേള്‍ക്കും. അന്തിമ വോട്ടര്‍ പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
◾എസ്ഐആറിനെതിരെ പൊരുതുമെന്നും വിഷയത്തില്‍ ഞായറാഴ്ച സര്‍വ്വകക്ഷി യോഗം ചേരുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തമിഴ്നാട്ടിലെ വോട്ടര്‍മാരുടെ അവകാശം അട്ടിമറിക്കാനുള്ള ദുരൂഹ നീക്കമാണ് കേന്ദ്രവും തെരഞ്ഞെടുപ്പ് കമ്മീഷനും നടത്തുന്നതെന്നും മഴക്കാലത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം സംശയകരമാണെന്നും യോഗം വിലയിരുത്തി. അതേസമയം വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ മുഖ്യ പ്രതിപക്ഷ പാര്‍ടിയായ എഐഎഡിഎംകെ പിന്തുണച്ചു.
◾ ജനാധിപത്യപരമായി നടപ്പാക്കപ്പെടുന്ന തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാനുള്ള രഹസ്യ അജണ്ടയാണ് എസ്.ഐ.ആറിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സുഗമമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ബിജെപി വിജയിക്കില്ലെന്ന് ഉറപ്പായ ഇടങ്ങളില്‍ തിരഞ്ഞെടുപ്പ് അട്ടിമറി നടത്താന്‍ കളമൊരുക്കുന്ന അജണ്ടയാണിതെന്ന് കെ സി ആരോപിച്ചു. രാഷ്ട്രീയ പാര്‍ട്ടികളോട് ഒരു ചര്‍ച്ചപോലും നടത്താതെ ഏകപക്ഷീയമായി എസ്. ഐ. ആര്‍ നടപ്പാക്കുന്നതിന് പിന്നില്‍ ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.
◾ ധൃതിപിടിച്ച് കേരളത്തില്‍ എസ്‌ഐആര്‍ നടത്താനുള്ള തീരുമാനം ദുരുദ്ദേശപരമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഒരു ചര്‍ച്ചപോലും നടത്താതെ ഏകപക്ഷീയമാണ് ഈ തീരുമാനമെടുത്തത്. ഇത് തിരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകണം. ശക്തമായ പ്രതിഷേധം കോണ്‍ഗ്രസ് രേഖപ്പെടുത്തുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
◾ എസ്ഐആര്‍ നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ജനാധിപത്യ വിരുദ്ധമെന്ന് എല്‍ഡിഎഫ്. തെരഞ്ഞെടുപ്പ് പ്രക്രിയകളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കണമെന്ന് എല്‍ഡിഎഫ് ആഹ്വാനം ചെയ്തു. നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയകളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമക്യഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.
◾ പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാര്‍ മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും റിപ്പോര്‍ട്ടുകള്‍. പദ്ധതിയുമായി ബന്ധപ്പെട്ട് എതിര്‍പ്പ് കടുപ്പിച്ച് സംസ്ഥാനത്തെ വിദ്യാര്‍ത്ഥി സംഘടനകള്‍. യുഡിഎസ്എഫ് സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പിട്ടതിന് വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയരുന്നത്.
◾ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുളള കൂടിക്കാഴ്ചയിലെ ചര്‍ച്ചയുടെ വിശദവിവരങ്ങള്‍ പുറത്ത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് പ്രധാനമാണെന്ന് ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി അറിയിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്. അതേസമയം ഫണ്ടിനേക്കാള്‍ പ്രധാനം നയമെന്നാണ് ബിനോയ് വിശ്വത്തിന്റെ നിലപാട്. പിഎം ശ്രീയുടെ ഭാഗമാണ് എന്‍ഇപിയെന്നും ദേശീയ തലത്തില്‍ തന്നെ സിപിഐ നിലപാട് എടുത്തു കഴിഞ്ഞെന്നും പിന്നോട്ട് പോകാന്‍ ആകില്ലെന്നും ബിനോയ് വിശ്വം അറിയിച്ചതായാണ് വിവരം. ദേശീയ വിദ്യാഭ്യാസ നയത്തോട് യോജിക്കാനാവില്ലെന്നും നയം വിദ്യാഭ്യാസ മേഖലയ്ക്ക് ആപത്താണെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയും വ്യക്തമാക്കി.
◾ സിപിഐയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാരെന്നും മുടക്കുന്നവരുടെ കൂടെയല്ല എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കൂടി പങ്കെടുത്ത പുന്നപ്ര വയലാര്‍ വാര്‍ഷിക ദിനാചരണ വേളയിലെ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. പുന്നപ്ര വയലാര്‍ സമര സേനാനിയായിരുന്ന വി എസ് വേര്‍പിരിഞ്ഞ അവസരമാണിതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
◾ പി .എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചതില്‍ പ്രതിഷേധിച്ച് കെ എസ് യു - എം എസ്എ ഫ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കെ എസ് യു പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ടു നീങ്ങാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലിസ് നിരവധി പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു.റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
◾ തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം ഉണ്ടായിരിക്കില്ല. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങള്‍ക്ക് തൃശ്ശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.
◾ പുനഃസംഘടന തര്‍ക്കങ്ങള്‍ക്കിടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ അടിയന്തരമായി ദില്ലിക്ക് വിളിപ്പിച്ച് ഹൈക്കമാന്‍ഡ്. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ്, മുന്‍ കെപിസിസി പ്രസിഡണ്ടുമാര്‍, പ്രവര്‍ത്തകസമിതി അംഗങ്ങള്‍ തുടങ്ങിയവരെയാണ് ദില്ലിക്ക് വിളിപ്പിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പും ചര്‍ച്ചയാകും. ഇന്ന് രാവിലെ 11 മണിയോടെ രാഹുല്‍ഗാന്ധി അടക്കം പങ്കെടുക്കുന്ന യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയെയും ദേശീയപാത 66-നെയും ബന്ധിപ്പിക്കുന്ന അമ്പലപ്പുഴയിലെ തോട്ടപ്പള്ളി - നാലുചിറ പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കിഫ്ബിയുടെ സഹായത്തോടെ 60.73 കോടി രൂപ ചെലവിലാണ് തോട്ടപ്പള്ളി - നാലുചിറ പാലം നിര്‍മ്മിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ എക്സ്ട്രാ ഡോസ്ഡ് കേബിള്‍സ്റ്റേ പാലമാണിത്.
◾ ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ സൂവായ തൃശ്ശൂരിലെ സുവോളജിക്കല്‍ പാര്‍ക്ക് ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും.
◾ എട്ടു നാള്‍ നീണ്ട കായിക കേരളത്തിന്റെകൗമാര കുതിപ്പിന് ഇന്ന് പരിസമാപ്തി. വൈകിട്ട് നാലിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ സമാപനച്ചടങ്ങ് നടക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആണ് മുഖ്യാതിഥി.
◾ കാസര്‍കോട് അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയില്‍ പൊട്ടിത്തെറി. ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഉഗ്ര ശബ്ദത്തോടെയാണ് പൊട്ടിത്തെറി ഉണ്ടായത് എന്ന് നാട്ടുകാര്‍ പറയുന്നു.
◾ ഇടുക്കി അടിമാലിയിലെ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് ഉള്‍പ്പെടെ പ്രത്യേകസഘം പരിശോധ നടത്തി. മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയമായ മണ്ണെടുപ്പ് എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു പരിശോധന. രണ്ട് ദിവസത്തിനുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അടിമാലിയില്‍ ഇടവിട്ട് മഴ തുടരുകയാണ്. അടിമാലി ലക്ഷംവീട് ഉന്നതിയില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിക്കാന്‍ ഇടയായ സാഹചര്യത്തില്‍ ആണ് കാരണം കണ്ടെത്താനുള്ള പരിശോധന.
◾ ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നിര്‍ണായക പ്രതികരണം പുറത്ത്. സ്വര്‍ണക്കൊള്ളയിലെ പ്രധാന ഇടനിലക്കാരന്‍ കല്‍പേഷിന്റെ പ്രതികരണമാണ് പുറത്തുവന്നിരിക്കുന്നത്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് പാക്കറ്റ് വാങ്ങി നല്‍കിയെന്ന് കല്‍പേഷ് പ്രതികരിച്ചു. പാക്കറ്റ് ബെല്ലാരിയില്‍ ഗോവര്‍ധന് എത്തിച്ചു നല്‍കിയെന്നും കല്‍പേഷ് പറഞ്ഞു. ചെന്നൈയിലെ സ്വര്‍ണക്കടയിലെ ജീവനക്കാരനാണ് കല്‍പേഷ്. എസ് ഐടി ഇതുവരെ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും കല്‍പേഷ് കൂട്ടിച്ചേര്‍ത്തു.
◾ പാശ്ചാത്യ ജീവിതശൈലികളിലേക്കുള്ള മാറ്റം അലര്‍ജിരോഗങ്ങള്‍ അപകടരമായ രീതിയില്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റുമറ്റോളജി ആന്‍ഡ് ഇമ്യൂണോളജി സയന്‍സസ് സംഘടിപ്പിച്ച ദ്വിദിന ഹെല്‍ത്ത് സമ്മിറ്റ് - ഐറിസ് അലര്‍ജി കണക്ടില്‍ പങ്കെടുത്ത വിദഗ്ദ്ധരാണ് ആശങ്കപ്പെടുത്തുന്ന സ്ഥിതിവിശേഷം ചൂണ്ടിക്കാട്ടിയത്.
◾ അര്‍ജന്റീനയുടെ മത്സരം നടന്നാലും ഇല്ലെങ്കിലും കലൂര്‍ സ്റ്റേഡിയം കരാര്‍ തീയതിക്കുള്ളില്‍ നവീകരിച്ച് വിട്ടുനല്‍കുമെന്ന് സ്പോണ്‍സര്‍ ആന്റോ അഗസ്റ്റിന്‍. കലൂര്‍ സ്റ്റേഡിയം വിട്ടുതന്നതിന്റെ കരാര്‍ കാലാവധി നവംബര്‍ 30വരെയാണ്. ഒരു ദുരൂഹ ഇടപാടും തനിക്കില്ലെന്നും നവീകരണത്തിന്റെ നഷ്ടം സഹിക്കാന്‍ തയ്യാറാണെന്നും ഇനി ഇപ്പോള്‍ ചെയ്യുന്ന നവീകരണം നിര്‍ത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അതിനും തയ്യാറാണെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.
◾ ലൈംഗികാതിക്രമം നടത്തിയെന്ന ബംഗാളി നടിയുടെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. 2009-ല്‍ നടന്നുവെന്ന് പറഞ്ഞ സംഭവത്തില്‍ 15 വര്‍ഷത്തിന് ശേഷമാണ് കേസെടുത്തത് എന്ന കാരണം പറഞ്ഞാണ് കേസ് റദ്ദാക്കിയത്. പരമാവധി രണ്ടുവര്‍ഷം മാത്രം തടവുശിക്ഷ ലഭിക്കുന്ന കേസുകളില്‍ സംഭവം നടന്ന് മൂന്നുവര്‍ഷത്തിനകം പരാതി നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
◾ ഭക്ഷ്യ-ഭക്ഷ്യേതര മേഖലകളില്‍ നിന്നായി 10 പുതിയ ഉത്പന്നങ്ങള്‍ കൂടി കേരള ബ്രാന്‍ഡ് പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. നിലവില്‍ വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകള്‍ക്കായി നടപ്പിലാക്കി വിജയിച്ച പൈലറ്റ് പദ്ധതിയുടെ തുടര്‍ച്ചയായാണ് ഈ നീക്കം. ആഗോള വിപണിയില്‍ 'മെയ്ഡ് ഇന്‍ കേരള' എന്ന ആധികാരിക മുദ്ര നല്‍കാനുള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമായാണ് കേരള ബ്രാന്‍ഡ് നടപ്പാക്കിയത്.
◾ സംസ്ഥാനത്ത് വീണ്ടും ആശങ്കയായി കോളറ. എറണാകുളം കാക്കനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ കോളറ സ്ഥിരീകരിച്ചത് മൂന്നുപേര്‍ക്കാണ്. മൂന്നാമത്തെ കേസാണ് എറണാകുളത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോളറ ബാധയെ തുടര്‍ന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
◾ സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വേങ്ങേരി സ്വദേശി കൊടക്കാട് വീട്ടില്‍ സലില്‍ കുമാറി(50)നെയാണ് ചേവായൂര്‍ പോലീസ് പിടികൂടിയത്. 76 വയസ്സുള്ള അമ്മയെ വീടും സ്ഥലവും ബാങ്കിലുള്ള ഡെപ്പോസിറ്റ് തുകയും ആവശ്യപ്പെട്ടുകൊണ്ട് ആക്രമിച്ചുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
◾ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്താനുള്ള സമ്മര്‍ദം മൂലമാണ് കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ എല്‍ഡി ക്ലര്‍ക്കായ അജീഷ് ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി യുഡിഎഫ്. ഇടതു കൗണ്‍സിലര്‍മാരാണ് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്താന്‍ സമ്മര്‍ദം ചെലുത്തിയതെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണമാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയതായും കൊടുവള്ളി നഗരസഭാ ചെയര്‍പേഴ്സന്‍ വെള്ളറ അബ്ദു പറഞ്ഞു.
◾ ബംഗാള്‍ ഉള്‍ക്കടലില്‍ 'മോന്താ' ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കന്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടില്‍ ചെന്നൈ അടക്കം വടക്കന്‍ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ആന്ധ്രയിലെയും ഒഡിഷയിലെയും തമിഴ്നാട്ടിലെയും തീരദേശ ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
◾ എറണാകുളം വടക്കന്‍ പറവൂരില്‍ ഭാര്യയെ മദ്യപാനിയായ ഭര്‍ത്താവ് തല്ലിക്കൊന്നു. പറവൂര്‍ വെടിമറ സ്വദേശി കോമളമാണ് കൊല്ലപ്പെട്ടത്. ഓടി രക്ഷപെടാന്‍ ശ്രമിച്ച പ്രതി ഉണ്ണികൃഷ്ണനെ പറവൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്ഥിരം മദ്യപാനിയായ ഉണ്ണികൃഷ്ണന്‍ ഭാര്യയെ മര്‍ദിക്കുന്നത് പതിവായിരുന്നു.
◾ കരൂരില്‍ തമിഴക വെട്രി കഴകം പരിപാടിക്കിടെ തിക്കിലും തിരക്കിലും ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ നടനും പാര്‍ട്ടി അധ്യക്ഷനുമായ വിജയ് നേരിട്ടെത്തി കണ്ടു. ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തെ ഒരു റിസോര്‍ട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. 37 കുടുംബങ്ങളാണ് മഹാബലിപുരത്തേക്ക് എത്തിയിരുന്നത്. ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് ദുരിതബാധിതരുടെ കുടുംബങ്ങളെ നേരിട്ട് കാണുന്നത്.
◾ യുപിയില്‍ വീണ്ടും പേര് മാറ്റവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖിംപൂര്‍ ഖേരി ജില്ലയിലെ മുസ്തഫാബാദ് ഗ്രാമത്തിന്റെ പേര് 'കബീര്‍ധാം' എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദ്ദേശം കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം. സ്മൃതി മഹോത്സവ് മേള 2025 ല്‍ ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് പ്രഖ്യാപനം. മുസ്ലീം ജനസംഖ്യ ഇല്ലാത്ത ഒരു ഗ്രാമത്തിന് മുസ്തഫാബാദ് എന്ന പേര് നല്‍കിയതില്‍ താന്‍ അത്ഭുതപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ ദില്ലി കലാപ ഗൂഢാലോചന കേസില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ അപേക്ഷയില്‍ മറുപടി സമര്‍പ്പിക്കാന്‍ സമയം വേണമെന്ന ദില്ലി പോലീസിന്റെ ആവശ്യത്തില്‍ സുപ്രീംകോടതിക്ക് അതൃപ്തി. അഞ്ച് വര്‍ഷമായി പ്രതികള്‍ ജയിലില്‍ ആണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നേരത്തെ സമയം നല്‍കിയതാണെന്നും ഇന്ന് കേസ് കേള്‍ക്കാമെന്ന് വ്യക്തമാക്കിയതാണെന്നും കോടതി പറഞ്ഞു. ഇനി സമയം നീട്ടി നല്‍കില്ലെന്നും കോടതി വ്യക്തമാക്കി.
◾ മധ്യപ്രദേശില്‍ കര്‍ഷകനെ ബിജെപി നേതാവ് ക്രൂരമായി കൊലപ്പെടുത്തിയതായി ആരോപണം. ഭോപ്പാലില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഗുണ ജില്ലയിലെ ഗണേഷ്പുര ഗ്രാമത്തിലെ പ്രാദേശിക ബിജെപി നേതാവിനെതിരെയാണ് ആരോപണം. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു .
◾ ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്ക്കുനേരെ ഷൂ എറിയാന്‍ ശ്രമിച്ച അഭിഭാഷകനെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കണമോയെന്നതില്‍ സുപ്രീം കോടതി അടുത്ത ആഴ്ച വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കുക. അഭിഭാഷകന്‍ രാകേഷ് കിഷോറിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ നോട്ടീസയക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
◾ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുസംഭവങ്ങള്‍ രാജ്യവ്യാപകമാണെന്നു ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, ഇതുസംബന്ധിച്ച മുഴുവന്‍ കേസുകളും സിബിഐക്ക് വിടുമെന്ന് വ്യക്തമായ സൂചനനല്‍കി. സിബിഐ അന്വേഷണത്തിന്റെ പുരോഗതി തങ്ങള്‍ നിരീക്ഷിക്കുമെന്നും സൈബര്‍ തട്ടിപ്പ് അന്വേഷിക്കുന്നതിന് വിദഗ്ധസഹായം വേണമെങ്കില്‍ ലഭ്യമാക്കുമെന്നും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
◾ ബിഹാറില്‍ പ്രചാരണം ശക്തമാക്കാന്‍ മഹാസഖ്യത്തിലെ ഭിന്നതകള്‍ മറന്ന് രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും. സംയുക്ത റാലികളിലേക്ക് നീങ്ങുകയാണ് മഹാസഖ്യം. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍ഡിഎയുടെ പ്രചാരണ മുഖമാകും. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ജെഡിയുവിന്റെ നിര്‍ദ്ദേശങ്ങള്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തള്ളി.
◾ സീറ്റ് വിഭജനത്തിന് പിന്നാലെ വിമതരെ പുറത്താക്കി ബീഹാറിലെ പാര്‍ട്ടികള്‍. 26 നേതാക്കളെയാണ് ആര്‍ജെഡി പുറത്താക്കിയത്. കഹല്‍ഗാം എംഎല്‍എയടക്കം 6 നേതാക്കളെ ബിജെപി പുറത്താക്കി. ജെഡിയു 16 നേതാക്കളെ പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് നടപടി. നവംബര്‍ 6, 11 തിയതികളിലാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 14നാണ് തെരഞ്ഞെടുപ്പ് ഫലം വരിക.
◾ ദക്ഷിണ ചൈനാക്കടലില്‍ അമേരിക്കന്‍ നാവികസേനയുടെ ഹെലികോപ്ടറും, യുദ്ധ വിമാനവും തകര്‍ന്നുവീണത് അസ്വാഭാവിക സംഭവമാണെന്നും പോര്‍ വിമാനവും ഹെലികോപ്ടറും തകര്‍ന്ന് വീഴാനുള്ള കാരണം എന്താണെന്ന് അമേരിക്ക ഉറപ്പായും കണ്ടുപിടിക്കുമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മോശം ഇന്ധനമാണ് പ്രശ്നകാരണമെന്ന് സംശയിക്കുന്നുവെന്നും അമേരിക്ക ഒന്നും ഒളിക്കില്ലെന്നും പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു.
◾ യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക ഉപരോധങ്ങള്‍ കടുപ്പിച്ചിരിക്കെ ശക്തി പ്രകടനവുമായി റഷ്യ. റഷ്യയുടെ പുതിയ ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയകരമായെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ അറിയിച്ചിരിക്കുന്നത്. ബ്യൂര്‍വെസ്നിക് ക്രൂയിസ് മിസൈലാണ് റഷ്യയുടെ പുത്തന്‍ ആയുധം.
◾ കാമറൂണില്‍ ഏട്ടാം തവണയും അധികാരം നിലനിര്‍ത്തി 92കാരനായ പോള്‍ ബിയ. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രാഷ്ട്രത്തലവനാണ് പോള്‍ ബിയ. വിവാദം നിറഞ്ഞ തെരഞ്ഞെടുപ്പിനൊടുവില്‍ 53.7 ശതമാനം വോട്ടുകള്‍ നേടിയാണ് പോള്‍ ബിയയുടെ എട്ടാം വിജയം.
◾ ജമൈക്കയില്‍ വന്‍ നാശം വിതക്കും എന്ന് വിലയിരുത്തുന്ന, മണിക്കൂറില്‍ 275 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുമെന്ന് പ്രവചിക്കുന്ന മെലിസ കൊടുങ്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചയോടെ കരീബിയന്‍ ദ്വീപ് രാജ്യമായ ജമൈക്കയിലേക്ക് എത്തുന്നു. ദ്വീപില്‍ പേമാരിയും അതിശക്തമായ കാറ്റും ഉണ്ടാവുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്നത്. മെലിസ ജമൈക്കയില്‍ ഇതുവരെ നേരിട്ടതില്‍ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് ആയി മാറിയേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. തീരത്തോട് അടുക്കുമ്പോള്‍ മെലിസയുടെ വേഗത കുറയുന്നത് കരയില്‍ പേമാരി ശക്തമാകാന്‍ കാരണമാകും. ഇത് മാരകമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യത കൂട്ടുമെന്നതാണ് ജമൈക്കയെ വലയ്ക്കുന്നത്.
◾ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ല മുന്നോട്ടുവെച്ച പുതിയ പ്രതിഫല പാക്കേജിന് അംഗീകാരം ലഭിച്ചില്ലെങ്കില്‍ ഇലോണ്‍ മസ്‌ക് കമ്പനിയുടെ സിഇഒ സ്ഥാനം ഒഴിഞ്ഞേക്കും. ഇന്നലെ ടെസ്ല മോട്ടോഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ റോബിന്‍ ഡെന്‍ഹോം ഓഹരിയുടമകള്‍ക്ക് നല്‍കിയ കത്തിലാണ് ഈ മുന്നറിയിപ്പ്.
◾ പൊതുമേഖല ബാങ്കുകളിലെ പ്രത്യക്ഷ വിദേശ നിക്ഷേപം 49 ശതമാനം വരെയായി ഉയര്‍ത്താനുളള ഒരുക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍. ഇപ്പോള്‍ അനുവദനീയമായ പരിധിയുടെ ഇരട്ടിയാണിത്. നിരവധി വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ബാങ്കുകളില്‍ മുതല്‍ മുടക്കാനും സ്വാധീനം വര്‍ധിപ്പിക്കാനും പ്രത്യേക താല്‍പര്യം ഈയിടെയായി കാട്ടുന്നുണ്ട്. 12 പൊതുമേഖല ബാങ്കുകളുടെ സംയോജനം വഴി ഇന്ത്യയില്‍ വലിയ പൊതുമേഖല ബാങ്കുകളുടെ എണ്ണം നാലായി ഉയര്‍ത്താനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. സ്വകാര്യ ബാങ്കുകളില്‍ 74 ശതമാനമാണ് അനുവദനീയമായ പരമാവധി വിദേശ പങ്കാളിത്തം. പൊതുമേഖല ബാങ്കുകളില്‍ വിദേശ നിക്ഷേപ പരിധി 49 ലേക്ക് ഉയര്‍ത്തിയാലും സര്‍ക്കാറിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനം ഉണ്ടാവും. ഇതുവഴി നിയന്ത്രണം സര്‍ക്കാറിനു തന്നെയാകുമെന്നാണ് വാദം. ഇപ്പോള്‍ പൊതുമേഖല ബാങ്കുകളിലെ വിദേശനിക്ഷേപം പല അനുപാതത്തിലാണ്. കാനറ ബാങ്കില്‍ 12 ശതമാനമാണെങ്കില്‍ യൂക്കോ ബാങ്കില്‍ ഒട്ടുമില്ല. വിദേശ പങ്കാളിത്തം കൂട്ടിയാലും നിയന്ത്രണം നഷ്ടപ്പെടാത്ത വിധം വ്യവസ്ഥകള്‍ കൊണ്ടുവരാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നുണ്ട്. തീരുമാനമെടുക്കുന്നതില്‍ വിദേശ നിക്ഷേപകന് നിയന്ത്രണം വരാത്ത വിധം ഒറ്റ ഓഹരി ഉടമയുടെ വോട്ടവകാശം പരമാവധി 10 ശതമാനമായി പരിമിതപ്പെടുത്തി നിര്‍ത്തിയിരിക്കുന്ന രീതി തുടരും.
◾ കുറുപ്പ് എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനയതക്കളെ തേടുന്ന കാസ്റ്റിംഗ് കാള്‍ വീഡിയോ ശ്രദ്ധേയമാകുന്നു. എ ഐ സാങ്കേതിക വിദ്യയിലൂടെ നിര്‍മ്മിച്ച വിഡിയോയില്‍ വൈക്കം മുഹമ്മദ് ബഷീറാണ് അഭിനേതാക്കളെ തേടുന്നത്. കോഴിക്കോട് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലേക്ക് യുവതി യുവാക്കളെ തേടുന്നതായി അറിയിക്കുന്ന വീഡിയോ ഇതിനോടകം പ്രേക്ഷക ശ്രദ്ധനേടിക്കഴിഞ്ഞു. 'ഫ്രം ദി മേക്കേഴ്‌സ് ഓഫ് സെക്കന്റ് ഷോ' എന്ന വിശേഷണവുമായി എത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഒട്ടേറെ പേര്‍ പങ്കുവച്ച് കഴിഞ്ഞു. വീഡിയോയിലെ ചില 'ഹിഡന്‍ ഡീറ്റൈല്‍സും' ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്. 18 നും 25 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കളെ ക്ഷണിക്കുന്ന പോസ്റ്ററിന്റെ താഴെ ഒളിഞ്ഞിരിക്കുന്ന ഒരു വരി, തൊട്ടപ്പുറത്തെ കവലയില്‍ കുരുടിയും പിള്ളേരും കാണും, ദം ഉള്ളവര്‍ കേറി പോര്..' എന്നിവയാണ് ആരാധകര്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്. ബ്ലൂ വെയില്‍ മോഷന്‍ പിക്ചര്‍സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
◾ തെന്നിന്ത്യന്‍ സിനിമയുടെ ദൃശ്യ വിസമയമായി മാറിയ ഋഷഭ് ഷെട്ടി ചിത്രം 'കാന്താര ചാപ്റ്റര്‍ 1' പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ ചിത്രം ആഗോളതലത്തില്‍ 813 കോടി രൂപയാണ് ഇതുവരെ നേടിയത്. ആയിരം കോടി കളക്ഷന്‍ നേട്ടം സ്വന്തമാക്കാനിരിക്കെ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. ഋഷഭ് ഷെട്ടി രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത 'കാന്താര'യുടെ പ്രീക്വല്‍ ആയ കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ 1 ഒക്ടോബര്‍ രണ്ടിനാണ് പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷമാണ് ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒക്ടോബര്‍ 31 മുതലാണ് ഒടിടി സ്ട്രീമിങ്ങ് ആരംഭിക്കുന്നത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ ചിത്രം ലഭ്യമാവും. ദീപാവലിക്ക് കാന്താര ആകെ 11 കോടിയോളം നേടിയെന്നാണ് ഏകദേശ കണക്കുകള്‍. കേരളത്തില്‍ നിന്ന് 55 കോടി ചിത്രം നേടി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് വിതരണം ചെയ്തത്. വിദേശത്ത് നിന്ന് മാത്രം 108 കോടി രൂപയോളം കാന്താര നേടി. കാന്താര ഹിന്ദി പതിപ്പ് 204 കോടി നേടി എന്നത് ബോളിവുഡ് സൂപ്പര്‍ താരങ്ങളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.
◾ കുറഞ്ഞ വില്‍പ്പനയിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയരുന്ന മഹീന്ദ്ര മരാസോ ഇപ്പോള്‍, 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 227% വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 77 യൂണിറ്റുകള്‍ മാത്രമുണ്ടായിരുന്ന മരാസോയുടെ വില്‍പ്പന 252 യൂണിറ്റായി ഉയര്‍ന്നു. മുന്‍ കാലയളവിനെ അപേക്ഷിച്ച് 227% വാര്‍ഷികാടിസ്ഥാനത്തില്‍ ഇത് വര്‍ദ്ധനയാണ്. കഴിഞ്ഞ വര്‍ഷത്തെ വളരെ കുറഞ്ഞ വില്‍പ്പന (77 യൂണിറ്റുകള്‍)യുടെ പശ്ചാത്തലത്തിലാണ് ഈ വളര്‍ച്ചയുണ്ടായതെങ്കിലും, 252 യൂണിറ്റുകളുടെ വില്‍പ്പനയാണ് മികച്ച 10 എംപിവികളില്‍ ഒന്നായി ഇത് സ്ഥാനം നേടി. വില്‍പ്പന പട്ടികയില്‍ പത്താം സ്ഥാനത്താണ് നിലവില്‍ മരാസോ. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മരാസോയുടെ ഹൃദയം. ഈ എഞ്ചിന്‍ 121 കുതിരശക്തിയും 300 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇതിന് 6 സ്പീഡ് ഗിയര്‍ബോക്സുണ്ട്. ഈ കാറിന്റെ എല്ലാ വകഭേദങ്ങളിലും എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, സുരക്ഷയ്ക്കായി റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ തുടങ്ങിയ സവിശേഷതകള്‍ ഉണ്ടായിരിക്കും.
◾ മീരാബെന്റെ കവിതകളില്‍ അപൂര്‍വങ്ങളായ ഇമേജുകള്‍ ഉണ്ട്. ആറ്റില്‍ മുങ്ങിച്ചത്ത സ്വകാര്യങ്ങള്‍, ഉണര്‍ന്നപ്പോഴും നല്ല ഉറക്കത്തിലായവള്‍, ചെത്തുകാരന്റെ മേളപ്പെരുക്കം, കണ്ണുകളില്‍ തിളങ്ങുന്ന ഗോതമ്പുമണികള്‍, ചരിത്രം വേട്ടയാടുന്നതറിയാതെ അപഥസഞ്ചാരം നടത്തുന്ന അപ്പൂപ്പന്‍താടി...ഇത്തരം ബിംബങ്ങളാണ് ഈ രചനകളുടെ ജീവന്‍. തിടുക്കം, സുരാമൃതം, അഭിനിവേശം, അന്നത്തെ ആ പൂവല്ലിവള്‍, ആടാതെങ്ങനെ ഞാന്‍, വ്യാകുലയക്ഷി, തരിശുനിലങ്ങള്‍, നീ പൂത്ത കാലം, ധൃതരാഷ്ട്രരുടെ കെട്ടിപ്പിടിത്തം, പറുദീസക്കിളി തുടങ്ങിയ 46 കവിതകള്‍. 'വ്യാകുലയക്ഷി'. മീരാബെന്‍. പഠനങ്ങള്‍: ജി. ഉഷാകുമാരി, എം.എസ്. ബനേഷ്. ഡിസി ബുക്സ്. വില 171 രൂപ.
◾ രാത്രിയിലെ ഉറക്കം മെച്ചപ്പെടുത്താന്‍ പ്രത്യേകം ഡയറ്റ് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ചിക്കാ?ഗോ സര്‍വകലാശാലയിലേയും കൊളംബിയ സര്‍വകലാശാലയിലേയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തില്‍ ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങള്‍ ഉറക്കത്തെ മെച്ചപ്പെടുത്താന്‍ സാഹായിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. പകല്‍ സമയത്ത് കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് രാത്രിയിലെ ഉറക്കത്തിന്റെ ഗുണനിലവാരം 16 ശതമാനം വരെ മെച്ചപ്പെടുത്തുമെന്ന് ഒരു പുതിയ പഠനത്തില്‍ പറയുന്നു. ഭക്ഷണത്തിന്റെ ഗുണനിലവാരവും ഉറക്കത്തിന്റെ ആഴവും തമ്മിലുള്ള വ്യക്തമായ ബന്ധം പഠനത്തില്‍ വിശദീകരിക്കുന്നുണ്ട്. ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍ നമ്മള്‍ എത്ര നന്നായി വിശ്രമിക്കുന്നു എന്നതില്‍ വലിയ വ്യത്യാസമുണ്ടാക്കുമെന്ന് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. ഭക്ഷണക്രമീകരണങ്ങളും ഉറക്കവും നിരീക്ഷിക്കുന്നതിന് പ്രത്യേകം രൂപീകരിച്ച ആപ്പ് വഴിയാണ് പഠനം നടത്തിയത്. അതിനായി 'സ്ലീപ്പ് ഫ്രാഗ്മെന്റേഷന്‍' എന്ന ഒരു അളവുകോല്‍ ഗവേഷകര്‍ വിശകലനം ചെയ്തു. ഇത് രാത്രിയില്‍ ഒരു വ്യക്തി എത്ര തവണ ഉണരുന്നു അല്ലെങ്കില്‍ ഉറക്കത്തിന്റെ ഭാരം കുറഞ്ഞതും ആഴമേറിയതുമായ ഘട്ടങ്ങള്‍ക്കിടയില്‍ മാറുന്നുവെന്ന് രേഖപ്പെടുത്തി. പകല്‍ സമയം കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുകയും ധാന്യങ്ങള്‍ പോലുള്ള സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റുകള്‍ കഴിക്കുകയും ചെയ്തവര്‍ക്ക് ആ രാത്രി കൂടുതല്‍ നേരം ആഴത്തിലുള്ളതും തടസ്സമില്ലാത്തതുമായ ഉറക്കം ലഭിച്ചതായി കണ്ടെത്തി. ദിവസവും അഞ്ച് കപ്പ് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഉറക്കത്തിന്റെ ഗുണനിലവാരത്തില്‍ ശരാശരി 16 ശതമാനം പുരോഗതി കാണാന്‍ കഴിഞ്ഞതായി ഗവേഷകര്‍ പറയുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ഗുരുവും ശിഷ്യന്മാരും ഒരിക്കല്‍ ഒരു അരുവിയില്‍ സ്നാനം ചെയ്യുകയായിരുന്നു. അതിനിടയില്‍ വെള്ളത്തില്‍ മുങ്ങിത്താണ് ജീവനുവേണ്ടി പിടയുന്ന ഒരു തേളിനെ ഗുരു കണ്ടു. ഗുരു തന്റെ ഇരു കൈകളിലും തേളിനെ കോരിയെടുത്ത് കരയിലേക്ക് എറിയാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ അങ്ങനെ ശ്രമിക്കുന്നതിനിടയില്‍ ആ ക്ഷുദ്ര ജീവി ഗുരുവിന്റെ കരങ്ങളില്‍ ആഞ്ഞു കുത്തി. അസഹ്യമായ വേദനയോടെ അദ്ദേഹം കൈകുടഞ്ഞു. തേള്‍ വീണ്ടും വെള്ളത്തിലേക്കുതന്നെ പിടഞ്ഞുവീണു. വീണ്ടും അത് അവിടെക്കിടന്ന് ജീവനുവേണ്ടി പിടയുന്നതുകണ്ട് ഗുരു ഒരിക്കല്‍ കൂടി അതിനെ കൈകളില്‍ കോരിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അത് വീണ്ടും ഗുരുവിനെ കുത്തി നോവിച്ചു. ഗുരുവിന് കൈകുടഞ്ഞു വീണ്ടും അതിനെ വെള്ളത്തിലേക്കുതന്നെ ഇടേണ്ടി വന്നു. ഇത്രയുമായപ്പോഴേക്കും ശിഷ്യന്മാര്‍ ഗുരുവിനോട് സംശയം ചോദിച്ചു: 'ആ ക്ഷുദ്ര ജീവിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോഴൊക്കെ അത് അങ്ങയെ കുത്തിനോവിക്കുക യായിരുന്നു. അതിനെ ഉപേക്ഷിച്ചേക്കൂ... അത് ആ വെള്ളത്തില്‍ കിടന്ന് ചാകട്ടെ. അങ്ങ് എന്തിനാണ് ഇത്രയും വിഷമിക്കുന്നത്?' ഗുരു ചോദ്യം കേട്ടെങ്കിലും ഒന്നുകൂടി സാഹസികമായി ശ്രമിച്ച് തേളിനെ കോരിയെടുത്ത് കരയിലേക്ക് എറിഞ്ഞു. അതിനുശേഷം വെള്ളത്തില്‍ നിന്ന് കയറിവന്നപ്പോള്‍ ഗുരു ശിഷ്യന്മാരോടായി പറഞ്ഞു: 'ആ ക്ഷുദ്ര ജീവി അതിന്റെ തിന്മ ഉപേക്ഷിക്കുന്നില്ല എന്നുവെച്ച് ഞാന്‍ എന്നിലെ നന്മ എന്തിന് ഉപേക്ഷിക്കണം?' നമുക്ക് നന്മ നിറഞ്ഞതും സന്തോഷകരവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം. മറ്റുള്ളവര്‍ അവരിലെ തിന്മ ഉപേക്ഷിക്കുന്നില്ല എന്നുവെച്ച് നാം എന്തിന് നമ്മുടെ നന്മ ഉപേക്ഷിക്കണം - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍