പ്രഭാത വാർത്തകൾ
2026 ഏപ്രില്‍ 30, വ്യാഴം
1201 മേടം 17, ചിത്തിര
1447 ദുൽഖഅ്ദ 12
◾ കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍. യുഡിഎഫിന് 75 ലേറെ സീറ്റു ലഭിക്കുമെന്നാണു പൊതുവായ വിലയിരുത്തല്‍. ടൈംസ് നൗ ജെവിസി, പി മാര്‍ക്, പീപ്പിള്‍സ് പള്‍സ്, വോട്ട് വൈബ്, ആക്സിസ് മൈ ഇന്ത്യ, ചാണക്യ സ്ട്രാറ്റജീസ് എന്നീ ഏജന്‍സികളുടെ സര്‍വേ ഫലങ്ങളാണ് പുറത്തുവിട്ടത്. യുഡിഎഫ് 70 മുതല്‍ 90 വരെ നേടാമെന്നും എല്‍ഡിഎഫ് 49 മുതല്‍ 68 വരെ നേടാമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. ബിജെപിമുന്നേറ്റമുണ്ടാക്കുമെന്നാണ്എക്‌സിറ്റ് പോള്‍ സര്‍വേകള്‍ പറയുന്നത്. പൂജ്യം മുതല്‍ 7 വരെ സീറ്റുകള്‍ സര്‍വേ ഫലത്തില്‍ തെളിയുന്നുണ്ട്.
◾ പശ്ചിമ ബംഗാളില്‍ ബിജെപി അട്ടിമറി വിജയം നേടുമെന്ന് എക്സിറ്റ് പോള്‍ ഫല പ്രവചനം. ആസാമില്‍ ബിജെപിയും തമിഴ്നാട്ടില്‍ ഡിഎംകെയും ഭരണം നിലനിര്‍ത്തുമെന്നാണ് ഫല പ്രവചനം.
◾ ഹര്‍ത്താല്‍ ദിനത്തില്‍ തിരുവല്ലയില്‍ ആശുപത്രിയിലേക്കു പോകുകയായിരുന്ന കാന്‍സര്‍ രോഗിയെ തടഞ്ഞ സിഎസ്ഡിഎസ് നേതാവ് അജിമോന്‍ ചാലക്കേരി റിമാന്‍ഡില്‍. കാലടി സ്വദേശി സിജുവിന്റെ പരാതിയിലാണ് കേസെടുത്ത് അറസ്റ്റു ചെയ്തത്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
◾ സംസ്ഥാനത്തു ലോഡ് ഷെഡിംഗ് ഇല്ലെന്നും നാമമാത്രമായ വൈദ്യുതി നിയന്ത്രണം മാത്രമാണ് ഏര്‍പ്പെടുത്തിയതെന്നും കെഎസ്ഇബി. പുറത്തുനിന്നുള്ള 250 മെഗാവാട്ട് വൈദ്യുതി ഏതാനും ദിവസമായി ലഭിച്ചിരുന്നില്ല. ഇപ്പോള്‍ അതു ലഭ്യമാക്കിയതോടെ പ്രതിസന്ധി പരിഹരിക്കപ്പെട്ടെന്നാണു വിശദീകരണം.
◾ സര്‍ക്കാരിന്റ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളില്‍ സംസാരിച്ചതിന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ ബി അശോകിന് സസ്പെന്‍ഷന്‍. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ ബി അശോകിന് സസ്‌പെന്‍ഷന്‍. സര്‍ക്കാരിന്റെ അനുമതിയില്ലാതെ സമൂഹമാധ്യമങ്ങളില്‍ സംസാരിച്ചതിനാണ് നടപടി. സര്‍വ്വീസ് ചട്ടം ലംഘിച്ച് സര്‍ക്കാര്‍ നയങ്ങളെ അടക്കം വിമര്‍ശിച്ചു എന്ന കുറ്റം ചുമത്തിയാണ് സസ്‌പെന്‍ഷന്‍.
◾ മില്‍മ പാലിന്റെ വില ലിറ്ററിനു നാലു രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും മേയ് അഞ്ചിനു ശേഷമേ പ്രാബല്യത്തിലാകൂ. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ വോട്ടെണ്ണല്‍ ഫല പ്രഖ്യാപനത്തിനു ശേഷമേ വില വര്‍ധന നടപ്പാക്കാനാകൂ.
◾ യുവതിപ്രവേശന വിധിക്കു പിറകേ ശബരിമലയില്‍ കയറിയ സ്ത്രീകള്‍ യഥാര്‍ത്ഥ വിശ്വാസികളായിരുന്നോ എന്ന് സുപ്രീംകോടതി. യുവതിപ്രവേശനത്തെ അനൂകൂലിച്ച് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിങ്ങ് വാദിക്കുന്നതിനിടെയാണ് ജസ്റ്റിസ് നാഗരത്ന ചോദ്യം ഉന്നയിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളില്‍ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് വാദത്തിനിടെ കോടതി നീരീക്ഷിച്ചു.
◾ കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കുടുംബത്തിന്റെ പരാതിയും ലോണ്‍ ആപ്പ് കേസും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
◾ പാമ്പുകടിയേറ്റു രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് ഗുരുതര പിഴവു സംഭവിച്ചെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ മുഖ്യമന്ത്രിക്കു കത്തു നല്‍കി. ആന്റിവെനം നല്‍കാത്തതാണ് മരണകാരണമെന്ന് കുടുംബങ്ങള്‍ ആരോപിച്ചിരുന്നു.
◾ കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഇറങ്ങിയ വ്യാജകത്തുമായി ബന്ധപ്പെട്ട് കെ സുധാകരന്റെ മരുമകനെ പൊലീസ് ചോദ്യം ചെയ്തു. കത്ത് പ്രചരിപ്പിച്ചവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. കണ്ണൂരില്‍ സുധാകരന് ജയസാധ്യത ഇല്ലെന്നും സ്ഥാനാര്‍ത്ഥിയാക്കരുതമെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കം.
◾ കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട.് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കിയില്‍ ശക്തമായ മഴയിലും കാറ്റിലും നാശനഷ്ടം. വണ്ടിപ്പെരിയാര്‍ മ്ലാമല ഭാഗത്താണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്. മരം കടപുഴകി വീണ് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. വ്യാപാര സ്ഥാപനങ്ങള്‍ക്കും കൃഷിക്കും നാശമുണ്ടായി.
◾ കോഴിക്കോട്ടേക്കും ബഹ്‌റൈനിലേക്കും ഖത്തര്‍ എയര്‍വേയ്സ് നാളെ പ്രതിദിന വിമാന സര്‍വീസുകള്‍ ആരംഭിക്കും.
◾ കേരള ഫിലിം ക്രിറ്റിക് അവാര്‍ഡ് ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത 'എക്കോ' നേടി. ഡൊമിനിക് അരുണ്‍ മികച്ച സംവിധായകന്‍. തുടരും, ഹൃദയപൂര്‍വം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മോഹന്‍ലാല്‍ മികച്ച നടന്‍. കല്യാണി പ്രിയദര്‍ശനും അനശ്വര രാജനും മികച്ച നടിമാര്‍.
◾ വയനാട് പുനരധിവാസ ടൗണ്‍ഷിപ്പിലെ 178 വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇന്ന് കിഫ്‌കോണിന് കൈമാറുമെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി അറിയിച്ചു. പരിശോധന പൂര്‍ത്തിയാക്കിയ 140 വീടുകള്‍ കൈമാറിക്കഴിഞ്ഞു. ബാക്കിയുള്ള 38 വീടുകളാണ് ഇന്നു കൈമാറുന്നത്. കിഫ്‌കോണിന്റെ അന്തിമ പരിശോധനകള്‍ക്കു ശേഷം വീടുകള്‍ ഗുണഭോക്താക്കള്‍ക്കു നല്‍കും.
◾ കഴിഞ്ഞവര്‍ഷം കൊല്ലം കുന്നിക്കോട് സ്വദേശിനിയായ എട്ടു വയസ്സുകാരി തെരുവുനായയുടെ കടിയേറ്റു മരിച്ച സംഭവത്തില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരേ കേസെടുക്കാന്‍ പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ആശുപത്രി സൂപ്രണ്ട് ഡോ.കെ.ആര്‍ സുനില്‍കുമാര്‍, ഡോ. ദേവിലക്ഷ്മി, ഡോ. അംജിത, ഡോ. ജയസൂര്യ എന്നിവരാണു പ്രതികള്‍.
◾ കടക്കാവൂര്‍ നിലയ്ക്കാമുക്കില്‍ തെരുവ് നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന്‍ മരിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ടയില്‍ വാള്‍ട്ടര്‍- ബിജി ദമ്പതികളുടര്‍ മകന്‍ ബിനോയ് (കുട്ടു) ആണ് മരിച്ചത്.
◾ പത്താം ക്ലാസുകാരിയായ പട്ടികജാതി വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 20 വര്‍ഷം കഠിനതടവും നാലു ലക്ഷം രൂപ പിഴയും വിധിച്ചു. കിളിമാനൂര്‍, ചൊറിയണംകോട്, ആയിരവല്ലി പാറയ്ക്ക് സമീപം ചരുവിള പുത്തന്‍വീട്ടില്‍ ശ്രീഹരി (29)യെ യാണ് ആറ്റിങ്ങല്‍ അതിവേഗ കോടതി ശിക്ഷിച്ചത്.
◾ അനധികൃത കുടിയേറ്റം നടത്തിയ രണ്ട് ബംഗ്ലാദേശി യുവതികള്‍ കഴക്കൂട്ടത്ത് പിടിയില്‍. ബംഗ്ലാദേശികളായ സുമി, ഇദ്ഖാനൂന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പെണ്‍വാണിഭം സംശയിച്ച് കൂടെയുണ്ടായിരുന്ന ആറു പേരേയും കസ്റ്റഡിയിലെടുത്തു.
◾ സംശയംമൂലം ഭാര്യയെ കൊലപ്പെടുത്തി ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. മലപ്പുറം പൊന്നാനി സ്വദേശി ഫാത്തിമ (22) യെ പൊന്നാനി ബീച്ചില്‍ കൊലപ്പെടുത്തിയതിനു ഭര്‍ത്താവ് മുഹമ്മദിനെ പോലീസ് അറസ്റ്റു ചെയ്തു.
◾ അവതാരകനും മുന്‍ ബിഗ് ബോസ് താരവുമായ ഫിറോസ് ഖാനെതിരെ പോക്സോ അടക്കമുള്ള ആരോപണങ്ങളുമായി മുന്‍ ഭാര്യ സജ്‌ന നൂര്‍. സ്വന്തം മകളുടെ പ്രായമുള്ള 17 കാരിയെപ്പോലും ഫിറോസ് പീഡിപ്പിച്ചെന്നാണ് ആരോപണം.
◾ കാസര്‍കോട് ഉപ്പളയില്‍ എടിഎം വാഹനം തകര്‍ത്ത് 50 ലക്ഷം രൂപ കവര്‍ന്ന കേസില്‍ റാംജിനഗര്‍ ഗ്യാങ്ങിലെ മുഖ്യപ്രതി ഛത്തീസ്ഗഡില്‍ പിടിയില്‍. തമിഴ്നാട് തിരുച്ചിറപ്പളളി സ്വദേശി അറുമുഖന്‍ എന്ന കിട്ടുവിനെ ആണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്.
◾ ആലപ്പുഴ മണ്ണഞ്ചേരി ബിജു കൊലക്കേസില്‍ ഒന്നാംപ്രതി കൊല്ലം ഇട്ടിവ സ്വദേശി മനോജ് കൃഷ്ണനു ജീവപര്യന്തം തടവുശിക്ഷ. ഒരു ലക്ഷം രൂപ പിഴയൊടുക്കുകയും വേണമെന്ന് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. ഭാര്യ മാതാവിന്റെ രണ്ടാം ഭര്‍ത്താവായ 48 കാരന്‍ ബിജുവിനെ അടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.
◾ കൊല്ലത്ത് സഹപ്രവര്‍ത്തകയെ ശല്യം ചെയ്ത് ആക്രമിച്ചെന്ന പരാതിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വാട്ടര്‍ അതോറിറ്റിയില്‍ ക്ലാര്‍ക്കായ വര്‍ക്കല ഇടവ സ്വദേശി നിഷാദ് (40) ആണ് അറസ്റ്റിലായത്.
◾ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വില്പന നടത്തിയ പ്രതി പിടിയില്‍. മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി നിതിന്‍ മോഹന്‍ദാസിനെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
◾ കാന്‍സര്‍ രോഗിയായ വയോധികന് പ്രാഥമിക ചികിത്സ നിഷേധിച്ചെന്നു കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ആരോഗ്യ വകുപ്പിന് പരാതി. രോഗം മൂര്‍ച്ഛിച്ച് മരിച്ച മേപ്പയ്യൂര്‍ സ്വദേശി ബാലകൃഷ്ണന്റെ കുടുംബമാണ് പരാതി നല്‍കിയത്.
◾ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ പോളിംഗ് ശതമാനം 92.47 ശതമാനമായി ഉയര്‍ന്നു. ഏഴു ജില്ലകളിലെ 142 മണ്ഡലങ്ങളിലാണു രണ്ടാം ഘട്ട വോട്ടെടുപ്പു നടന്നത്. 16 ജില്ലകളിലെ 152 മണ്ഡലങ്ങളില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 93.19 ശതമാനമായിരുന്നു പോളിംഗ്.
◾ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരത്തിലേക്കെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ബിജെപിക്ക് 146 മുതല്‍ 161 വരേയും തൃണമൂലിന് 125 മുതല്‍ 140 വരെയും സീറ്റു കിട്ടുമെന്നാണു പ്രവചനം.
◾ തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിന് അധികാര തുടര്‍ച്ചയെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. പീപ്പിള്‍സ് പള്‍സ്, പി മാര്‍ക്ക് എന്നീ സര്‍വ്വെകള്‍ പ്രകാരം 125 മുതല്‍ 145 വരെ സീറ്റുകള്‍ നേടി ഡിഎംകെ സഖ്യം വിജയിക്കും. എന്‍ഡിഎയ്ക്ക് 65 - 80 സീറ്റുകളും വിജയ്യുടെ ടിവികെ 18 -24 സീറ്റുകളും നേടുമെന്നാണ് പ്രവചനം.
◾ ആസം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം വന്‍ വിജയത്തോടെ അധികാരം നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോള്‍ ഫലപ്രവചനം. ആകെ 126 സീറ്റുകളുള്ള ആസാമില്‍ എന്‍ഡിഎ നൂറിലേറെ സീറ്റു നേടുമെന്നാണു റിപ്പോര്‍ട്ട്.
◾ ബെംഗളൂരുവില്‍ ശിവാജിനഗറിലെ ബൗറിംഗ് ആശുപത്രിയുടെ എട്ടടി ഉയരമുള്ള ചുറ്റുമതില്‍ കനത്ത മഴയില്‍ ഇടിഞ്ഞുവീണ് രണ്ടു മലയാളികള്‍ അടക്കം ഏഴു പേര്‍ മരിച്ചു. എറണാകുളം സ്വദേശികളും കുടുംബശ്രീ പ്രവര്‍ത്തകരുമായ ലത, സ്മിത എന്നിവരാണ് മരിച്ചത്. മൂന്നു മലയാളികള്‍ക്കു പരിക്കേറ്റു. ബംഗളൂരുവിലേക്കു വിനോദയാത്ര പോയതായിരുന്നു മലയാളി സംഘം.
◾ ലക്ഷദ്വീപ് സന്ദര്‍ശനത്തിനുള്ള നിബന്ധനകളില്‍ ഇളവുകള്‍. ദ്വീപ് സന്ദര്‍ശിക്കാന്‍ ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും പ്രാദേശിക സ്പോണ്‍സറും ആവശ്യമില്ല. എന്നാല്‍ ഓണ്‍ലൈന്‍ വഴി പെര്‍മിറ്റ് ഉറപ്പാക്കണം. ദ്വീപുകള്‍ തമ്മിലുള്ള സഞ്ചാരം മെച്ചപ്പെടുത്താന്‍ സീപ്ലെയ്ന്‍ സര്‍വീസ് ആരംഭിക്കും.
◾ ബെംഗളൂരുവില്‍നിന്ന് മംഗളൂരു വഴി ഗോവയിലേക്ക് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ വരുന്നൂ. ഗോവ സര്‍ക്കാര്‍ സമര്‍പ്പിച്ച അഭ്യര്‍ഥനയെ തുടര്‍ന്നാണ് വന്ദേഭാരത് സര്‍വീസ് തുടങ്ങുന്നത്.
◾ ഡല്‍ഹി ഹൈക്കോടതിയിലെ വെര്‍ച്വല്‍ വിചാരണയ്ക്കിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍. ചീഫ് ജസ്റ്റിസിന് മുന്നിലാണ് അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിക്കപ്പെട്ടത്. ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അമേരിക്കന്‍ ഹാക്കര്‍മാരുടെ അട്ടിമറിയാണെന്നു പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്
◾ രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍മോചിതനായ പേരറിവാളന്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തെങ്കിലും കോടതികളില്‍ ഹാജരാകാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി രാഷ്ട്രപതിക്കു കത്തു നല്‍കി. തമിഴ്‌നാട്ടിലെ മയിലാടുതുറൈയില്‍ നിന്നുള്ള എംപി സുധയാണ് കത്ത് നല്‍കിയത്.
◾ ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഏഴ് എംപിമാരെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. കൂടിക്കാഴ്ച്ചയ്ക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു മേയ് അഞ്ചിനു സമയം അനുവദിച്ചെന്നും അദ്ദേഹം പറഞ്ഞു.
◾ ലക്ഷ്യം കാണുന്നതുവരെ പിന്‍വാങ്ങില്ലെന്നും ഇറാന്റെ ഭീഷണി ഇല്ലാതാക്കുമെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അമേരിക്കന്‍ കോണ്‍ഗ്രസില്‍. യുദ്ധത്തെ കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ ഇറാന്‍ യുദ്ധച്ചെലവ് 2500 കോടി ഡോളറാണെന്നും യുദ്ധത്തില്‍ 14 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടെന്നും പെന്റഗണ്‍ വ്യക്തമാക്കി.
◾ അന്താരാഷ്ട്ര ജലപാതകളില്‍ അമേരിക്ക നടത്തുന്ന ഇടപെടലുകളും കപ്പലുകള്‍ പിടിച്ചെടുക്കലും നിയമവിരുദ്ധമാണെന്ന് ഇറാന്‍. നാവിക ഉപരോധം തുടര്‍ന്നാല്‍ സൈനികമായി തിരിച്ചടിക്കുമെന്നും ഇറാന്‍ സേന മുന്നറിയിപ്പു നല്‍കി. എന്നാല്‍ ആണവ വിഷയത്തില്‍ ധാരണയാകുന്നതുവരെ ഉപരോധം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ.്
◾ സൗദി അറേബ്യയുടെ ആതിഥേയത്വത്തില്‍ ജിദ്ദയില്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) അസാധാരണ കണ്‍സള്‍ട്ടേറ്റീവ് ഉച്ചകോടി ചേര്‍ന്നു. യുദ്ധവും സാമ്പത്തിക വിഷയങ്ങളും ചര്‍ച്ച ചെയ്തെന്നാണു റിപ്പോര്‍ട്ട്.
◾ സ്വന്തം തട്ടകത്തില്‍ തോല്‍വിയുമായി മുംബൈ ഇന്ത്യന്‍സ്. സണ്‍ റൈസേഴ്സ് ഹൈദരാബദിനെതിരെ ആറ് വിക്കറ്റിനാണ് മുംബൈ തോല്‍വി സമ്മതിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് അടിച്ചുകൂട്ടിയെങ്കിലും വെറും 18.4 ഓവറില്‍ സണ്‍റൈസേഴ്സ് ലക്ഷ്യം മറികടന്നു. 55 പന്തില്‍ 123 റണ്‍സുമായി സെഞ്ച്വറി നേടിയ റയാന്‍ റിക്കിള്‍ട്ടണിന്റെ മികച്ച ഇന്നിങ്സ് ബലത്തിലാണ് മുംബൈ മുന്നേറിയത്. എന്നാല്‍ ഹൈദരാബാദിനെ 30 പന്തില്‍ 76 റണ്‍സ് നേടിയ ഓസീസ് താരം ട്രാവിസ് ഹെഡ് മുന്നില്‍ നിന്ന് നയിച്ചു. 24 പന്തില്‍ 45 റണ്‍സ് നേടിയ അഭിഷേക് ശര്‍മക്കൊപ്പം ഒന്നാം വിക്കറ്റില്‍ 8.4 ഓവറില്‍ ഹൈദരാബാദ് 128 റണ്‍സ് അടിച്ചുകൂട്ടി.
◾ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിന്റെ ആദ്യപാദത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്‌സണലും സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റിക്കോ മഡ്രിയും സമനിലയില്‍ പിരിഞ്ഞു. റിയാദ് എയര്‍ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തില്‍ നടന്ന തീപാറും പോരില്‍ പെനാല്‍റ്റിയിലൂടെയാണ് ഓരോ ഗോള്‍ വീതം നേടിയത്.
◾ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഷമ്മി സില്‍വയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും രാജിവച്ചു. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ക്രിക്കറ്റ് ബോര്‍ഡില്‍ അഴിച്ചുപണി വേണമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ കര്‍ശന നിലപാടെടുത്തതോടെയാണ് രാജിവച്ചത്.
◾ വേനല്‍ കടുത്തതോടെ കേരളത്തില്‍ ചെറുനാരങ്ങ വില കുതിച്ചുയരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വരെ, കിലോയ്ക്ക് 60-70 രൂപയ്ക്ക് ലഭ്യമായിരുന്ന ചെറുനാരങ്ങയ്ക്ക് ഇപ്പോള്‍ പ്രധാന വിപണികളില്‍ കിലോയ്ക്ക് 200-240 രൂപയാണ് വില. ചില്ലറ വില്‍പ്പനയില്‍, ഇപ്പോള്‍ ഒരു നാരങ്ങയുടെ വില 10 മുതല്‍ 15 രൂപ വരെയാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ വടക്കന്‍ ജില്ലകളില്‍, കിലോയ്ക്ക് 200 മുതല്‍ 230 രൂപ വരെയാണ് ചെറുനാരങ്ങയുടെ വില. കൊച്ചി, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവയുള്‍പ്പെടെ മധ്യ, തെക്കന്‍ നഗരങ്ങളില്‍ വില 230-240 രൂപ വരെയാണ്. കേരളം നാരങ്ങയ്ക്കായി പ്രധാനമായും ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. അതേസമയം, വടക്കേ ഇന്ത്യയിലെ കൊടും ചൂട് വിതരണ രീതികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഒരു വലിയ പങ്ക് നിലവില്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ ഉയര്‍ന്ന ഡിമാന്‍ഡുള്ള വടക്കന്‍ വിപണികളിലേക്ക് പോകുകയാണ്.
◾ ഈ വര്‍ഷം അവസാനത്തോടെ പഴയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളില്‍ വാട്സ്ആപ്പ് ലഭ്യമാകില്ല. റിപ്പോര്‍ട്ട് അനുസരിച്ച് ആന്‍ഡ്രോയിഡ് 5.0, 5.1 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസുകളില്‍ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. കാലഹരണപ്പെട്ട ആന്‍ഡ്രോയിഡ് സോഫ്റ്റ് വെയര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന സാംസങ്, സോണി, എച്ച്ടിസി, എല്‍ജി, ഹുവാവേ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ളവ ഇതില്‍ ഉള്‍പ്പെട്ടേക്കാം. പുതിയ അപ്ഡേറ്റുകള്‍ പിന്തുണയ്ക്കുന്നില്ലെങ്കില്‍, പുതിയ സ്മാര്‍ട്ട്ഫോണിലേക്ക് മാറുക എന്നതാണ് ഏക പോംവഴി. സോണി: എക്സ്പീരിയ ഇ 4, ഇസെഡ് 3, ഇസെഡ് 5 സീരീസുകള്‍, സാംസങ്: ഗാലക്സി എസ് 6 ലൈനപ്പ്, ഗാലക്സി നോട്ട് 4, നോട്ട് 5, ഹോണര്‍: 4, 6, 7, വണ്‍പ്ലസ്: 1, 2, അസ്യൂസ്: സെന്‍ഫോണ്‍ 2 സീരീസ്, ലെനോവ: കെ3 നോട്ട്, എ 7000 തുടങ്ങിയ മോഡല്‍ ഫോണുകള്‍ കൈവശമുള്ളവര്‍ക്ക്, പുതിയൊരു ഫോണിലേക്ക് മാറാത്ത പക്ഷം വാട്സ്ആപ്പ് സേവനം പൂര്‍ണമായും നഷ്ടപ്പെട്ടേക്കും.
◾ ധനുഷ് നായകനായി വരാനരിക്കുന്ന പുതിയ ചിത്രമാണ് 'കര'. പോര്‍ തൊഴില്‍ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം നിര്‍വഹിക്കുന്ന ചിത്രവുമാണ് കര. ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ഏപ്രില്‍ 30ന് ചിത്രം തിയറ്ററുകളില്‍ എത്തും. കരയിലെ അയ്യാ അയ്യാ എന്ന ഗാനം പുറത്തുവിട്ടതാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തില്‍ മലയാളി താരം മമിതയാണ് ധനുഷിന്റെ നായികയായി എത്തുന്നത്. വേല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഐഷാരി കെ. ഗണേഷ് ആണ് കര നിര്‍മ്മിക്കുന്നത്. ജി.വി. പ്രകാശ് കുമാര്‍ സംഗീത സമവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വര്‍ നിര്‍വഹിക്കുന്നു. മലയാളത്തില്‍ നിന്നും സുരാരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
◾ റോക്കിംഗ് സ്റ്റാര്‍ യാഷ് നായകനാകുന്ന 'ടോക്സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്പ്സ്' എന്ന ചിത്രത്തിന്റെ റിലീസ് തീയതിയില്‍ മാറ്റം വരുത്തിയതായി നിര്‍മാണ കമ്പനികളായ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും കെ.വി.എന്‍ പ്രൊഡക്ഷന്‍സും അറിയിച്ചു. 2026 ജൂണ്‍ 4ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രം, പുതിയ തീയതിയില്‍ ആഗോളതലത്തില്‍ വിപുലമായി റിലീസ് ചെയ്യും. പുതുക്കിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. യാഷും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഗീതു മോഹന്‍ദാസ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. യാഷിനൊപ്പം നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ചിരിക്കുന്ന ചിത്രം, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ഡബ്ബ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തും.
◾ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി പുതിയ ആംപിയര്‍ മാഗ്നസ് നിയോ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. 86,999 രൂപ ആണ് ഇതിന്റെ എക്സ്-ഷോറൂം വില. പുതിയ ആംപിയര്‍ മാഗ്നസ് നിയോയില്‍ 3.5 ഇഞ്ച് എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഉണ്ട്. ഇത് വേഗത, ബാറ്ററി, മറ്റ് വിവരങ്ങള്‍ എന്നിവ എളുപ്പത്തില്‍ ആക്സസ് ചെയ്യുന്നു. എല്‍ഇഡി ഹെഡ്‌ലൈറ്റ്, ടെയില്‍ലാമ്പ്, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയുള്‍പ്പെടെ പൂര്‍ണ്ണ എല്‍ഇഡി ലൈറ്റിംഗ് സജ്ജീകരണവും ഇതിലുണ്ട്. യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടും സ്‌കൂട്ടറില്‍ ഉണ്ട്. സീറ്റിനടിയില്‍ 22 ലിറ്റര്‍ സംഭരണവും ഇത് വാഗ്ദാനം ചെയ്യുന്നു. ആംപിയര്‍ മാഗ്നസ് നിയോയ്ക്ക് 2.3 കിലോവാട്ട്അവര്‍ എല്‍ഇപി ബാറ്ററിയാണ് കരുത്ത് പകരുന്നത്. ഒറ്റ ചാര്‍ജില്‍ 118 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ബാറ്ററി 0 മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ ഏകദേശം 5 മണിക്കൂര്‍ എടുക്കും.
◾ ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ജോസി ജോസഫ് എഴുതിയ പുസ്തകം. എങ്ങനെയാണ് ഭരണകൂടങ്ങള്‍ തങ്ങളുടെ നിലനില്പിനായി കാര്യങ്ങള്‍ അട്ടിമറിക്കുന്നതെന്ന് ഈ പുസ്തകത്തിലൂടെ വ്യക്തമാകുന്നു. മൂംബൈ ഭീകരാക്രമണത്തില്‍ എത്ര നീചമായാണ് ഒരാളെ പ്രതിചേര്‍ത്തതെന്നും വര്‍ഷങ്ങളോളം അയാളുടെ ജീവിക്കാനുള്ള അവകാശംതന്നെ റദ്ദ് ചെയ്തതെന്നും ഈ പുസ്തകം പറയുന്നു. ഗൂജറാത്ത് കൂട്ടക്കൊലയും അതിന്റെ പിന്നാമ്പുറക്കാഴ്ച്ചകളും ഭരണകൂടത്തിന്റെ പങ്കും പുസ്തകം വ്യക്തമാക്കുന്നു. എങ്ങനെയാണ് മതം നോക്കി മനുഷ്യരെ കുറ്റവാളികളാക്കുന്നതെന്നും തകര്‍ക്കപ്പെടുന്ന ജനാധിപത്യമൂല്യങ്ങളുടെ ആവശ്യകതയും നിശ്ശബ്ദ അട്ടിമറിയില്‍ ചര്‍ച്ചചെയ്യുന്നു. 'നിശ്ശബ്ദ അട്ടിമറ'. ജോസി ജോസഫ്. ഡിസി ബുക്സ്. വില 414 രൂപ.
◾ മാമ്പഴത്തിന് രക്തസമ്മര്‍ദ്ദത്തില്‍ നല്ല സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് പഠനം. പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാനും രക്തക്കുഴലുകളുടെ ഭിത്തികള്‍ക്ക് അയവ് വരുത്താനും ഇത് സഹായിക്കുന്നു. കൂടാതെ, മാമ്പഴത്തില്‍ വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍ തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായ ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവ കുറയ്ക്കാന്‍ സഹായിക്കും. മാമ്പഴം കഴിക്കുന്നത് വെറും രണ്ട് മണിക്കൂറിനുള്ളില്‍ സിസ്റ്റോളിക് രക്തസമ്മര്‍ദ്ദത്തില്‍ അളക്കാവുന്ന കുറവിന് കാരണമാകുമെന്ന് സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നു. രക്തക്കുഴലുകളുടെ ഭിത്തികള്‍ക്ക് വിശ്രമം നല്‍കാന്‍ മഗ്നീഷ്യം പൊട്ടാസ്യവുമായി പ്രവര്‍ത്തിക്കുന്നു. ഇത് രക്തപ്രവാഹത്തിനെതിരായ പ്രതിരോധം കുറയ്ക്കുന്നു. ഒരു ഇടത്തരം മാമ്പഴം കഴിക്കുന്നത് നല്ലതായിരിക്കും. എന്നാല്‍ ഒറ്റയടിക്ക് വളരെയധികം കഴിക്കുന്നത് അമിതമായ പഞ്ചസാരയുടെ ഉപഭോഗത്തിലേക്ക് നയിച്ചേക്കാം. ഉയര്‍ന്ന അളവിലുള്ള ജലാംശം കാരണം മാമ്പഴം കഴിക്കുന്നത് ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കും. അതിനാല്‍ ദിവസം മുഴുവന്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇത് രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ബുദ്ധനും അദ്ദേഹത്തിന്റെ ശിഷ്യന്‍ ആനന്ദനും യാത്രയിലാണ്. വളരെ ദൂരം പിന്നിട്ടപ്പോള്‍ ശിഷ്യന്‍ ചോദിച്ചു: നമുക്ക് പോകേണ്ട ഗ്രാമത്തിലേക്ക് ഇനിയും ഒരുപാട് ദൂരമുണ്ടോ? ബുദ്ധന്‍ പറഞ്ഞു: ഇനി കുറച്ച് ദൂരമേയുളളൂ.. വീണ്ടും കുറെ ദൂരം സഞ്ചരിച്ചപ്പോള്‍ അവര്‍ ഒരു കര്‍ഷകനെ കണ്ടു. അയാളോടും ശിഷ്യന്‍ ഈ ചോദ്യം ചോദിച്ചു. അയാള്‍ ബുദ്ധനെ നോക്കിയ ശേഷം പറഞ്ഞു: ഇനി രണ്ടുമൈല്‍ ദൂരം മാത്രമേയുളളൂ.. പത്തുമൈലോളം നടന്നപ്പോഴാണ് ഒരു വൃദ്ധയെ കണ്ടത്. വൃദ്ധയോടും ശിഷ്യന് ചോദ്യം ആവര്‍ത്തിച്ചു. അവര്‍ ബുദ്ധനെ നോക്കിയ ശേഷം പറഞ്ഞു: ഇനിയും രണ്ട് മൈല്‍ ദൂരം മാത്രമേയുളളൂ.. ആനന്ദന്‍ ബുദ്ധനോട് ചോദിച്ചു: ആളുകള്‍ എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നത്. ഇനിയും ഒരുപാട് ദൂരം നടക്കാനുണ്ടെന്ന് എനിക്കറിയാം. ബുദ്ധന്‍ പറഞ്ഞു: നിന്റെ തളര്‍ച്ച അവരെല്ലാം കാണുന്നുണ്ട്. യാഥാര്‍ത്ഥ്യം പറഞ്ഞാല്‍ നീ ഈ യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ചേക്കാമെന്ന് അവര്‍ക്ക് മനസ്സിലായി. എത്തിച്ചേരാന്‍ പറ്റും എന്ന വിശ്വാസമാണ് എല്ലാ യാത്രകളുടേയും തുടക്കം. സ്വന്തമാക്കാന്‍ കഴിയും എന്ന വിശ്വാസമാണ് എല്ലാ പരിശ്രമങ്ങളുടേയും ഊര്‍ജ്ജം. ശുഭാരംഭം മാത്രമേ നമുക്ക് കുറക്കാനാകൂ.. ശുഭാവസാനം എന്നത് പലഘടങ്ങളേയും ആശ്രയിച്ചിരിക്കുന്നു. അതില്‍ നമ്മുടെ ആത്മബലവും ആവാസവ്യവസ്ഥയും എല്ലാം ഉള്‍പ്പെടും. പൂര്‍ത്തീകരിക്കാത്ത ദൗത്യങ്ങള്‍ നമ്മോടു പറയുന്ന ചില കാര്യങ്ങളുണ്ട്. കൃത്യമായ വഴികളിലൂടെ സഞ്ചരിക്കണം. മാര്‍ഗ്ഗതടസ്സങ്ങളില്‍ മനം മടുക്കരുത്, ആവശ്യത്തിന് സമയമനുവദിക്കണം, മററുളളവരുമായി താരതമ്യം ചെയ്യരുത്. ദൂരക്കാഴ്ചയും ഹൃസ്വദൃഷ്ടിയും നഷ്ടപ്പെടുത്തരുത്, തളര്‍ന്നാലും തകരരുത്. നമ്മുടെ യാത്രയുടെ ദൂരം ഒരിക്കലും കുറയില്ല.. കാഠിന്യം ലഘൂകരിക്കപ്പെടില്ല, കാലാവസ്ഥ ക്രമീകരിക്കപ്പെടില്ല.. ചെയ്യാന്‍ കഴിയുന്നത് ഒന്ന്മാത്രമാണ്.. സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം മാറ്റങ്ങള്‍ വരുത്തുക എന്നത് മാത്രം - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍