ബസിന്റെ അറ്റകുറ്റപ്പണിക്കിടെ ജാക്കി ലിവർ തെന്നിമാറി അപകടം; യുവാവിന് ദാരുണാന്ത്യം.


കോഴിക്കോട് ∙ നഗരത്തിൽ സരോവരം പാർക്കിനു സമീപം ബസിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ജാക്കി തെന്നിമാറി ഉണ്ടായ അപകടത്തിൽ ജീവനക്കാരന് ദാരുണാന്ത്യം. ആലപ്പുഴ കണ്ടല്ലൂർ പുതിയാവിള മീനത്തിൽ പുതുവൽ വീട്ടിൽ പ്രകാശിന്റെ മകൻ ഗിരിപ്രകാശ് (24) ആണ് മരിച്ചത്.

സരോവരം പാർക്കിന് എതിർവശം വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥലത്താണ് ഉച്ചയ്ക്കു 12 മണിയോടെ അപകടം ഉണ്ടായത്. കോഴിക്കോട് ദേവാല റൂട്ടിൽ ഓടുന്ന സിഡബ്ലിയുഎംഎസ് എന്ന ബസിന്റെ അറ്റകുറ്റപ്പണിക്കിടെ ബസ് ഉയർത്തി നിർത്തിയിരുന്ന ജാക്കി തെന്നി മാറിയതാണ് അപകടത്തിന് ഇടയാക്കിയത്.

ബസിനടിയിൽ ഇരുവശത്തും രണ്ട് തൊഴിലാളികൾ കിടന്നാണ് ബ്രേക്ക് ലൈനറിന്റെ അറ്റകുറ്റപ്പണി നടത്തിവന്നത്. പിന്നിലെ ടയറുകൾ ഊരിമാറ്റിയ ശേഷം ജാക്കി ലിവർ ഉപയോഗിച്ചാണ് ബസ് ഉയർത്തി നിർത്തിയിരുന്നത്. ഇതിനിടെ ജാക്കി തെന്നി മാറി ഗിരിപ്രകാശിന്റെ നെഞ്ചിന്റെ ഭാഗത്തേക്കും മറുഭാഗത്ത് ഉണ്ടായിരുന്ന കണ്ണൂർ സ്വദേശി അശ്വിൻ എന്നയാളുടെ കാലിനു മുകളിലേക്കും ബസ് വീണു.

അപകടം ഉണ്ടായ ഉടൻ മറ്റ് തൊഴിലാളികൾ ഓടിക്കൂടി ബസ് ഉയർത്താൻ ശ്രമിച്ചെങ്കിലും ഗിരിപ്രകാശിനെ പുറത്തെടുക്കാൻ ആയില്ല. ജാക്കി ലിവറുകൾ ഉപയോഗിച്ച് ബസിന്റെ വശം ഉയർത്തി അശ്വിനെ ആശുപത്രിയിലേക്ക് മാറ്റി. ഒടുവിൽ ഫയർഫോഴ്സ് ഹൈഡ്രോളിക് റെസ്ക്യു ഉപകരണം ഉപയോഗിച്ച് ബസ് ഉയർത്തിയാണ്  ഗിരിപ്രസാദിനെ പുറത്തെടുത്തത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു.

ചതുപ്പുപ്രദേശത്തിന് സമീപമാണ് അപകടമുണ്ടായത്. മണ്ണിന്റെ ബലക്കുറവാണോ ജാക്കി തെന്നാൻ ഇടയാക്കിയതെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍