പ്രഭാത വാർത്തകൾ

2026  മേയ് 3, ഞായര്‍
1201  മേടം 20, വിശാഖം
1447  ദുൽഖഅ്ദ 15

◾ ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടിന് ആരംഭിക്കും. 43 സ്ഥലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സമീപ പ്രദേശങ്ങളിലും വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. കേരളത്തില്‍ 15,465 ഉദ്യോഗസ്ഥര്‍ക്കാണ് വോട്ടെണ്ണല്‍ ചുമതല. തമിഴ്നാട്, ബംഗാള്‍, ആസാം, പുതുച്ചേരി എന്നിവിങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും നാളെയാണ്. രാവിലെ പത്താകുമ്പോഴേക്കും ഫലസൂചകങ്ങള്‍ അറിയാം.

◾ വോട്ടെണ്ണുന്ന നാളെ കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ, പിന്നീടു ജില്ലാ കളക്ടര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കു 200 മീറ്റര്‍ പരിധിയില്‍ മാത്രമാക്കി. പടക്കം വില്‍പനയും പടക്കം പൊട്ടിക്കലും നിരോധിച്ചു. ആഘോഷങ്ങള്‍ അതിരു കടന്നാലും സംഘര്‍ഷമുണ്ടാക്കിയാലും കടുത്ത നടപടികള്‍ സ്വീകരിക്കും. രാത്രി ഏഴിനുശേഷം ആഹ്ലാദപ്രകടനങ്ങള്‍ക്കും വിലക്ക്. ആഹ്ലാദപ്രകടനങ്ങള്‍ക്ക് അനുമതി വേണമെന്നു പൊലീസ്.

◾ യുഎഇ വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ നീക്കി. വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകും. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കും പൂര്‍ണതോതില്‍ സര്‍വീസ് നടത്താം. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളിലേക്കു കൂടുതല്‍ സര്‍വീസുകള്‍ എത്തും. ടിക്കറ്റു നിരക്കും കുറയും.
◾  കോഴിക്കോട് സ്ട്രോങ് റൂമില്‍ അട്ടിമറി ശ്രമം ആരോപിച്ച് യുഡിഎഫ് നല്‍കിയ പരാതി തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളി. പേരാമ്പ്രയിലും കൊയിലാണ്ടിയിലും വരണാധികാരികള്‍ ചട്ടം ലംഘിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു. വീഴ്ച ഇല്ലാത്തതിനാല്‍ നടപടി ഉണ്ടാവില്ലെന്നും കമ്മീഷന്‍ അറിയിച്ചു.

◾  മണിയാര്‍ ജലവൈദ്യുത പദ്ധതി കെഎസ്ഇബി ഏറ്റെടുക്കുന്നതു സംബന്ധിച്ച് വൈദ്യുതി, വ്യവസായ മന്ത്രിമാര്‍ തമ്മില്‍ മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കം. ഏറ്റെടുക്കണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും വേണ്ടെന്ന് വ്യവസായ മന്ത്രി പി. രാജീവും തര്‍ക്കിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് തീരുമാനമെടുക്കാന്‍ നിയമവകുപ്പു സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചു. ഏറ്റെടുക്കല്‍ നടപടി തത്കാലം നിര്‍ത്തിവയ്ക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. 12 മെഗാവാട്ടിന്റെ ഈ പദ്ധതി കാര്‍ബൊറാണ്ടം കമ്പനിയുടെ നിയന്ത്രണത്തിലാണ്.

◾  വിധവാ പെന്‍ഷന് അപേക്ഷിക്കാന്‍ ഓഫീസിലെത്തിയ സ്ത്രീ നഗരസഭ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു. കോഴിക്കോട് മുക്കം നഗരസഭയിലാണ് സംഭവം. വിധവാ പെന്‍ഷന്‍ കിട്ടണമെങ്കില്‍ പുനര്‍ വിവാഹിതയല്ലെന്ന രേഖ സമര്‍പ്പിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. പ്രകോപിതയായ സ്ത്രീ ജീവനക്കാരിയായ ധന്യയെ ആക്രമിച്ചെന്നാണ്  പരാതി.

◾  കുന്നത്തുനാട്ടില്‍ പാര്‍ട്ടിയുടെ കണക്കില്‍ താന്‍ തോറ്റുപോകുമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി.വി. ശ്രീനിജന്‍. 6000 വോട്ടിന് പിന്നിലെന്നാണ് പാര്‍ട്ടിയുടെ കണക്കെന്നു ശ്രീനിജന്‍ പറഞ്ഞു. എങ്കിലും വ്യക്തിപരമായ വോട്ടുകള്‍ സമാഹരിച്ച് ജയിക്കുമെന്നും ശ്രീനിജന്‍ അവകാശപ്പെട്ടു.

◾  വയനാട്ടില്‍ നിന്നും മൃഗശാലയിലെത്തിച്ച പെണ്‍കടുവ ചത്തു. വയനാട്ടില്‍ നിന്ന് പിടികൂടി പുനരധിവസിപ്പിച്ച പത്തു വയസുള്ള കടുവ ഇന്നലെ രാവിലെയാണ് ചത്തത്.

◾  വോട്ടെണ്ണല്‍ നടക്കാനിരിക്കെ പാലക്കാട് ജില്ലയില്‍ പടക്കനിര്‍മാണ - വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ അഞ്ചാം തീയതി വരെയാണ് ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി പടക്കം വില്‍പന നിരോധിച്ചത്.

◾  മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മിച്ചു നല്‍കിയ വീടുകളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം നിരോധിച്ചു. ആദ്യഘട്ടത്തില്‍ കൈമാറിയ 51 വീടുകളിലും കുടുംബങ്ങള്‍ താമസം ആരംഭിച്ച സാഹചര്യത്തിലാണ് ഈ നിയന്ത്രണമെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം വ്യക്തമാക്കി.

◾  മൂവാറ്റുപുഴയില്‍ വി ഡി സതീശന് പിന്തുണയര്‍പ്പിച്ച് വീണ്ടും ഫ്ളക്സ് ബോര്‍ഡ്. വിഎസിന് സീറ്റ് നിഷേധിച്ചപ്പോള്‍ കേരളത്തില്‍ ഉണ്ടായ സാഹചര്യം ഓര്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള മുന്നറിയിപ്പാണ് ഫ്ലക്സിലുള്ളത്. കോണ്‍ഗ്രസ് കൂട്ടായ്മയുടെ പേരിലാണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

◾  കോലഞ്ചേരി കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംഘര്‍ഷം. യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. 15 ദിവസം വീതം ഇരു വിഭാഗത്തിനും നിര്‍ണയിച്ചു നല്‍കിയ സ്ഥലം ഇപ്പോള്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിനുള്ളതാണ്. ഇതിനിടെ യാക്കോബായ വൈദികന് ആരാധനക്ക് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രശ്നത്തിനു കാരണം.

◾  സുഹൃത്തിന്റെ വിവാഹത്തിന് മാഹിയില്‍നിന്ന് കോഴിക്കോട്ടേക്കു മദ്യം കടത്തുകയായിരുന്ന രണ്ടുപേര്‍ പിടിയിലായി. കോഴിക്കോട് ചേളന്നൂര്‍ സ്വദേശികളായ എ. ജ്യോതിഷ് ബാബു (30), ഡി.പി. നിധിന്‍ (34) എന്നിവരെയാണ് 22 ലിറ്റര്‍ മാഹി മദ്യവും സ്‌കൂട്ടറും സഹിതം നാദാപുരം പോലീസ് പിടികൂടിയത്.

◾  ട്യൂഷന്‍ സെന്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 12 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. കള്ളിക്കാട് മൈലക്കര സ്വദേശി രാജേന്ദ്രനെയാണ് (58) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാര്‍ ശിക്ഷിച്ചത്.

◾  പ്രമുഖ ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് 63,000 രൂപ തട്ടിയെടുത്തെന്ന കേസില്‍ യുവതി പിടിയിലായി. കരമന, നെടുങ്കാട് സ്വദേശിനിയായ ബി.വി അര്‍ച്ചന (25) ആണ് മെഡിക്കല്‍ കോളേജ് പൊലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനേയും അച്ഛനേയും കബളിപ്പിച്ചെന്നാണു കേസ്.

◾  ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ഭര്‍ത്താവ് 24 വര്‍ഷത്തിനുശേഷം പിടിയില്‍. കോഴിക്കോട് എടച്ചേരി വേങ്ങോളിയില്‍ ജമീലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് ഹമീദിനെ ആണ് പിടികൂടിയത്. 2001 സെപ്റ്റംബര്‍ എട്ടിനാണ് എടച്ചേരി സ്വദേശിനിയായ ജമീല കൊല്ലപ്പെട്ടത്.

◾  പശ്ചിമബംഗാളില്‍ വോട്ടെണ്ണലിന് ഇരൂന്നൂറിലധികം നിരീക്ഷകരെ കൂടി അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മേല്‍നോട്ടത്തിനായി നിയമിച്ചതിനെതിരായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനു പിറകേയാണ് നടപടി.

◾  മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ ക്രൂയിസ് ബോട്ട് അപകടത്തിനു കാരണം ക്രൂയിസ് ബോട്ടിന്റെ പൈലറ്റിന്റൈയും ജീവനക്കാരുടേയും വീഴ്ചയാണെന്നു പ്രാഥമിക റിപ്പോര്‍ട്ട്. ഇരുവരേയും സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ബോട്ട് ഓപ്പറേറ്റര്‍ക്കെതിരെ നരഹത്യയ്ക്കു കേസെടുത്തിട്ടുണ്ട്. കൂടുതല്‍ യാത്രക്കാരെ കയറ്റിയതാണ് അപകട കാരണം. ബോട്ടില്‍ കയറുമ്പോള്‍തന്നെ സുരക്ഷാ ജാക്കറ്റുകള്‍ നല്‍കിയില്ല. കാണാതായ നാലു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

◾  നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുന്‍പായി തമിഴ്നാട്ടില്‍ ഡിഎംകെയെ വിമര്‍ശിച്ചും വിജയ്യെ പ്രകീര്‍ത്തിച്ചും സഖ്യകക്ഷികള്‍. ഇടതുപാര്‍ട്ടികളെ ഡിഎംകെ അംഗീകരിക്കുന്നില്ലെന്നും സീറ്റ് വിഭജനം ശരിയായില്ലെന്നും സിപിഎം പിബി അംഗം കെ ബാലകൃഷ്ണന്‍ തുറന്നടിച്ചു. വിജയ് വലിയ ഇംപാക്റ്റ് ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ പറഞ്ഞു. സര്‍പ്രൈസ് ഫലം ഉണ്ടാകാമെന്നായിരുന്നു വൈക്കോയുടെ പ്രതികരണം.

◾  പ്രസാര്‍ ഭാരതിയുടെ ചെയര്‍മാനായി പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനുമായ പ്രസൂണ്‍ ജോഷിയെ നിയമിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

◾  ആസാമില്‍ രാഷ്ട്രീയ നീക്കങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് നിരീക്ഷകരായ ഡികെ ശിവകുമാറും ഭൂപേഷ് ഭാഗേലും ജിതേന്ദ്ര സിങ്ങും സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗൗരഗ് ഗൊഗോയ് അവകാശപ്പെട്ടു.

◾  ഹോര്‍മുസ് കടലിടുക്കിലെ തടസങ്ങള്‍ ഭേദിച്ച് 45,000 ടണ്‍ പാചകവാതകവുമായി ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ 'സര്‍വ് ശക്തി' ലക്ഷ്യസ്ഥാനത്തേക്ക്. ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷം മൂലം കപ്പല്‍ ഗതാഗതം നിലച്ച പാതയിലൂടെയാണ് ഈ സൂപ്പര്‍ടാങ്കര്‍ സഞ്ചരിക്കുന്നത്.

◾  ഛത്തീസ്ഗഡിലെ കാങ്കറില്‍ മാവോയിസ്റ്റു തീവ്രവാദികളുടെ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്ഫോടനം. മൂന്ന് ജവാന്മാര്‍ക്കു വീരമൃത്യു. രാജ്യം മാവോയിസ്റ്റ് മുക്തമായെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈയിടെ പ്രഖ്യാപിച്ചിരുന്നു.

◾  കര്‍ണാടകത്തിലെ തുംകൂരുവില്‍ പക്ഷിപ്പനിമൂലം മയിലുകള്‍ കൂട്ടത്തോടെ ചത്തു. ഇതേത്തുടര്‍ന്ന് താലൂക്കിലെ 33 ഗ്രാമങ്ങളില്‍ അതീവ ജാഗ്രത.

◾  ഡല്‍ഹി കോടതിയിലെ ജഡ്ജി വസതിയില്‍ മരിച്ച നിലയില്‍. സഫ്ദര്‍ജംഗ് എന്‍ക്ലേവിലുള്ള വസതിയിയിലാണ്  30 കാരനായ സിവില്‍ ജഡ്ജി അമന്‍ കുമാര്‍ ശര്‍മ ജീവനൊടുക്കിയത്.

◾  പത്രസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 157-ാം സ്ഥാനത്തേക്കു താഴ്ന്നു. ആകെ 180 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ 151 ാം സ്ഥാനത്തായിരുന്നു. റിപ്പോര്‍ട്ടേഴ്‌സ് സാന്‍ ഫ്രണ്ടിയേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യ 153 ാം സ്ഥാനത്തുള്ള പാക്കിസ്ഥാനേക്കാള്‍ പിറകിലാണ്. നേപ്പാള്‍ -87, മാലിദ്വീപ് -108, ശ്രീലങ്ക -134, ഭൂട്ടാന്‍ -150, ബംഗ്ലാദേശ് -152 എന്നീ രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യ. നോര്‍വേ, നെതര്‍ലന്‍ഡ്‌സ്, എസ്റ്റോണിയ എന്നിവയാണ് പട്ടികയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍.

◾  അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായിരിക്കവെ മധ്യസ്ഥ നീക്കവുമായി റഷ്യ. റഷ്യന്‍ വിദേശകാര്യ മന്ത്രി ഇറേനിയന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി.

◾  ഇറാന്‍ അടക്കമുള്ള ശത്രുരാജ്യങ്ങളോട് അനുഭാവം പ്രകടിപ്പിക്കുകയും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ നാല് പ്രതികള്‍ക്ക് കുവൈറ്റിലെ കോടതി മൂന്നു വര്‍ഷം കഠിനതടവ് വിധിച്ചു.

◾  ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ഇന്ധനവില ഇരട്ടിയായതും ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക പാക്കേജ് പരാജയപ്പെട്ടതും മൂലം സ്പിരിറ്റ് എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിര്‍ത്തി. ഈ തകര്‍ച്ച ആയിരക്കണക്കിന് സര്‍വീസുകള്‍ റദ്ദാക്കുന്നതിനും ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുന്നതിനും കാരണമായി.

◾  ഹോര്‍മുസ് കടലിടുക്കില്‍ ഇറാനിയന്‍ കപ്പലുകള്‍ പിടിച്ചെടുക്കുന്ന യുഎസ് നാവികസേന കടല്‍ക്കൊള്ളക്കാരെപ്പോലെയാണെന്നു വിശേഷിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്ലോറിഡയില്‍ നടന്ന റാലിയില്‍ സംസാരിക്കവെയാണ് ട്രംപ് ഇത്തരത്തില്‍ വിവാദപരമായ പരാമര്‍ശം നടത്തിയത്.

◾  ലോകത്ത് ഏറ്റവുമധികം ആണവായുധ വ്യാപനം നടത്തുന്നത് അമേരിക്കയാണെന്ന് ഇറാന്റെ യു എന്‍ മിഷന്‍. സമാധാന ചര്‍ച്ചകള്‍ യുറേനിയം സമ്പൂഷ്ടീകരണത്തിലും ആണവ നിര്‍വ്യാപന കരാറിലും തട്ടി വഴിമുട്ടിനില്‍ക്കേയാണ് ട്രംപിനെതിരേ ചോദ്യങ്ങളുമായി ഇറാന്‍ രംഗത്തെത്തിയത്. ആണവ നിര്‍വ്യാപന ഏജന്‍സിയുടെ മേല്‍നോട്ടത്തോടെയാണു ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നതെന്നും സമാധാനപരമായ ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നും  ഇറാന്‍.

◾  ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എട്ടു വിക്കറ്റ് വിജയം. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥയേര്‍ 18.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 48 പന്തില്‍ 67 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. 40 പന്തില്‍ പുറത്താവാതെ 54 റണ്‍സെടുത്ത കാര്‍ത്തിക് ശര്‍മ റുതുരാജിന് നിര്‍ണായക പിന്തുണ നല്‍കി. ഈ ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികില്‍ ആറാം സ്ഥാനത്തേക്കു കയറി. മുംബൈ ഒമ്പതാം സ്ഥാനത്താണ്.

◾  വനിതാ ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയെ നയിക്കുന്നത്. ബാറ്റര്‍ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. സൂപ്പര്‍ താരങ്ങളായ ഷഫാലി വര്‍മ്മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് എന്നിവര്‍ ടീമിലുണ്ട്. പരിക്കേറ്റ അമന്‍ജോത് കൗര്‍, ഹര്‍ലീന്‍ ഡിയോള്‍, സ്‌നേഹ റാണ എന്നിവര്‍ ടീമിലില്ല. ഇംഗ്ലണ്ടില്‍ ജൂണ്‍ 12 മുതല്‍ ജൂലായ് അഞ്ചുവരെയാണ് ടൂര്‍ണമെന്റ്.

◾  സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ തിരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് ഏറ്റെടുക്കാന്‍ ഫെഡറല്‍ ബാങ്ക്. യുകെ ആസ്ഥാനമായുള്ള സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് ബന്ധം മാത്രമുള്ള ഉപയോക്താക്കളില്‍ നിന്ന് മാറി വിവിധ സേവനങ്ങള്‍ തേടുന്ന ഉപയോക്താക്കളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമാണ് വില്പന. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് കഴിഞ്ഞ വര്‍ഷം തങ്ങളുടെ പേഴ്‌സണല്‍ ലോണ്‍ ബിസിനസ് കൊട്ടക് മഹീന്ദ്ര ബാങ്കിന് വിറ്റിരുന്നു. ഏറ്റെടുക്കുന്ന കാര്‍ഡുകളുടെ 75 ശതമാനവും ഇന്ത്യയുടെ എട്ട് മുന്‍നിര സിറ്റികളില്‍ നിന്നുള്ളതാണ്. ഈ നഗരങ്ങളില്‍ ഫെഡറല്‍ ബാങ്കിന്റെ സാന്നിധ്യം ഇരട്ടിയാക്കാന്‍ ഏറ്റെടുക്കല്‍ വഴിയൊരുക്കും. ഏറ്റെടുക്കുന്ന പോര്‍ട്ട്ഫോളിയോ നിലവാരമുള്ളതും സജീവ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുടേതുമാണ്. ഏറ്റെടുക്കുന്ന പോര്‍ട്ട്‌ഫോളിയോയില്‍ ഏകദേശം 4.5 ലക്ഷം ക്രെഡിറ്റ് കാര്‍ഡുകള്‍ വരെ ഉള്‍പ്പെടുന്നു. ഫെഡറല്‍ ബാങ്കിന് നിലവില്‍ 8 ലക്ഷം നോണ്‍ കോ ബ്രാന്‍ഡഡ് കാര്‍ഡുകളും 13 ലക്ഷം കോ ബ്രാന്‍ഡഡ് കാര്‍ഡുകളുമുണ്ട്.

◾  എഐ ഉപയോഗം കൂടുതല്‍ വര്‍ധിപ്പിക്കാനുള്ള നീക്കവുമായി യുഎസ് സൈന്യം. എട്ട് പ്രമുഖ ടെക് കമ്പനികളുമായി വിശാലമായ കരാറുകളില്‍ ഏര്‍പ്പെടാന്‍ പെന്റഗണ്‍ അംഗീകാരം നേടിയതിന് പിന്നാലെയാണ് പ്രഖ്യാപനം. ഗൂഗിള്‍, ഓപ്പണ്‍എഐ, ആമസോണ്‍, മൈക്രോസോഫ്റ്റ്, സ്‌പേസ്എക്‌സ്, ഒറാക്കിള്‍, എന്‍വിഡിയ, റിഫ്‌ളക്ഷന്‍ എന്നീ കമ്പനികളുമായാണ് പെന്റഗണ്‍ കരാറില്‍ ഏര്‍പ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമാനുസൃതമായ ആവശ്യങ്ങള്‍ക്കായി എഐ സാങ്കേതികവിദ്യ വിപുലമായി യു.എസ് സൈന്യം ഉപയോഗിക്കുമെന്ന് പെന്റഗണ്‍ വ്യക്തമാക്കി. ഈ കരാറുകള്‍ എഐ ഫസ്റ്റ് സേന എന്ന നിലയിലുള്ള യുഎസ് സൈന്യത്തിന്റെ പരിവര്‍ത്തനം ത്വരിതപ്പെടുത്തുമെന്ന് പെന്റഗണ്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ പ്രതിരോധ വകുപ്പിലുടനീളം എഐ ടൂളുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അത് പല ജോലികള്‍ക്കും വേണ്ട സമയം മാസങ്ങളില്‍ നിന്ന് ദിവസങ്ങളായി കുറയ്ക്കാന്‍ സഹായിച്ചതായും അധികൃതര്‍ പറയുന്നു. 

◾  എഐ സാങ്കേതികവിദ്യയില്‍ അണിയിച്ചൊരുക്കുന്ന മലയാള ചിത്രമാണ് 'മണികണ്ഠന്‍: ദി ലാസ്റ്റ് അവതാര്‍'. പാപ്പരാസി എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പൗരാണിക വിശ്വാസങ്ങളെ ആധുനിക യുഗവുമായി ലയിപ്പിച്ച, ഒരു മിത്തോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ഡ്രാമയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. സ്വന്തം ജീവിതനഷ്ടങ്ങള്‍ക്കിടയിലും വിശ്വാസവും കടമയും മുറുകെ പിടിച്ച് ധര്‍മ്മത്തിനും പ്രതികാരത്തിനും ഇടയിലുള്ള നേര്‍ത്ത രേഖയിലൂടെ സഞ്ചരിക്കുന്ന ഒരു യുവാവിന്റെ ജീവിതം പൗരാണിക ബിംബങ്ങളുടെ മേമ്പൊടിയോടെ ആധുനികകാലഘട്ടത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നതാണ് ഈ സിനിമ. ഒരു പ്രകൃതിദുരന്തത്താല്‍ സൃഷ്ടിക്കപ്പെട്ട ഒരു അനാഥ ബാലന്റെ മുന്നോട്ടുള്ള ജീവിതഘട്ടങ്ങള്‍ ഈ ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നു. ഹിമാലയമാണ് സിനിമയുടെ കഥാപശ്ചാത്തലം. ചിത്രം പോസ്റ്റ്-പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലാണ്. മെയ് 29 ന് അഞ്ച് ഭാഷകളിലായി ചിത്രം തിയറ്ററുകളില്‍ എത്തും.

◾  മലയാള സിനിമയിലെ മുന്‍നിര താരങ്ങളുടെ സിനിമകളുടെ കളക്ഷന്‍ റെക്കോര്‍ഡുകളെ മറികടന്ന ചിത്രം 'വാഴ 2' ഒടിടിയിലേക്ക്. ജിയോ ഹോട്സ്റ്റാറില്‍ മെയ് 8 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും സ്ട്രീമിംഗ് ഉണ്ടായിരിക്കും. വിപിന്‍ ദാസിന്റെ രചനയില്‍ സവിന്‍ എസ്എ സംവിധാനം ചെയ്ത ചിത്രമാണ് വാഴ 2. ഏപ്രില്‍ 2ന് റിലീസ് ചെയ്ത ചിത്രത്തില്‍ ഹാഷിര്‍ എച്ച്., അലന്‍ ബിന്‍ സിറാജ്, അജിന്‍ ജോയ്, വിനായക് വി എന്നിവര്‍ക്കൊപ്പം സുധീഷ്, ബിജുക്കുട്ടന്‍, അല്‍ഫോണ്‍സ് പുത്രന്‍, വിജയ് ബാബു തുടങ്ങി നിരവധി താരങ്ങളും അണിനിരന്നിരുന്നു. സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 230 കോടിയിലധികം രൂപ ആഗോള കളക്ഷനില്‍ വാഴ 2 നേടിയിട്ടുണ്ട്. കേരളത്തില്‍ നിന്നും 125 കോടി രൂപയും ചിത്രം നേടി. വാഴ 3യും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാം ഭാഗം പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ്. ബയോപിക് ഓഫ് എ ബില്യണ്‍ ഗേള്‍സ് എന്നാണ് മൂന്നാം ഭാഗത്തിന്റെ ടാഗ് ലൈന്‍.

◾  ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡായ മിനി ഇന്ത്യ പുതിയ മിനി കണ്‍വേര്‍ട്ടിബിള്‍ ജോണ്‍ കൂപ്പര്‍ വര്‍ക്ക്സ് പായ്ക്ക് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. വില 61.50 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത വാഹനമാണിത്. ബുക്കിംഗ് ഇതിനകം ആരംഭിച്ചു. മേല്‍ക്കൂരയും സ്ഥലവും കാറിന്റെ സോഫ്റ്റ് ടോപ്പ് റൂഫ് വെറും 18 സെക്കന്‍ഡിനുള്ളില്‍ തുറക്കുകയും 15 സെക്കന്‍ഡിനുള്ളില്‍ അടയ്ക്കുകയും ചെയ്യുന്നു. മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയില്‍ പോലും ഇത് തുറക്കാന്‍ കഴിയും. റൂഫ് തുറന്നാല്‍ ബൂട്ട് സ്പേസ് 160 ലിറ്ററും അടച്ചാല്‍ 215 ലിറ്ററുമാണ്. 204 ബിഎച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനാണ് ഈ കാറിന് കരുത്ത് പകരുന്നത്. വെറും 6.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും, കൂടാതെ മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത കൈവരിക്കാനുമാകും. 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇത് ജോടിയാക്കിയിരിക്കുന്നു.

◾  റവന്യു, പൊതുമരാമത്ത്, ആരോഗ്യം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, സാമൂഹികനീതി തുടങ്ങി നിര്‍ണായക വകുപ്പുകളുടെ ചുമതല വഹിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ താന്‍ നേര്‍സാക്ഷിയായ പകല്‍ക്കൊള്ളകള്‍ ഇതാദ്യമായി വെളിപ്പെടുത്തുന്നു. നമ്മുടെ ഭരണസിരാകേന്ദ്രങ്ങളില്‍ നടക്കുന്ന അട്ടിമറികളുടെ നേര്‍ച്ചിത്രം കാട്ടിത്തരുന്നു. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും നേര്‍ക്കാഴ്ചകളിലേക്ക് അദ്ദേഹം ഒരു നിലക്കണ്ണാടി പിടിക്കുന്നു. നമ്മുടെ നികുതിപ്പണം ആസൂത്രിതമായി കവര്‍ന്നെടുക്കുന്നവരോട് ചോദ്യം ചോദിക്കേണ്ടവര്‍ ഉറക്കിലായാലെന്തു ചെയ്യും? യഥാപ്രജാ തഥാരാജാ എന്നു സമാധാനിച്ചതുകൊണ്ടായോ? 'നാം നമ്മെ കൊള്ളയടിക്കുമ്പോള്‍'. ബിജു പ്രഭാകര്‍. മനോരമ ബുക്സ്. വില 370 രൂപ,

◾  ചൂടും ഈര്‍പ്പവും പൊടിക്കാറ്റും ശക്തമായതിനാല്‍ വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ധാരാളം വെള്ളം കുടിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. പനി, ചുമ, തൊണ്ടവേദന, ചെങ്കണ്ണ്, തലവേദന, അമിതമായ തളര്‍ച്ച, ക്ഷീണം, വൃക്ക രോഗങ്ങള്‍, അലര്‍ജി ഇവയൊക്കെയാണ് പൊതുവായ വേനല്‍ക്കാല രോഗങ്ങള്‍. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ വിട്ടുമാറാത്ത രോഗമുള്ളവരില്‍ വേനല്‍ക്കാല രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. മതിയായ വിശ്രമവും ഉറക്കവും ആവശ്യമാണ്. അലര്‍ജിയുള്ളവര്‍ ആരോഗ്യകാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ചെങ്കണ്ണിനെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. കാലാവസ്ഥാ മാറ്റവും സമയം തെറ്റിയുള്ള ആഹാരക്രമവും ശരീരത്തിലെ ജലാംശം നഷ്ടമാകുന്നതും മൂത്രാശയ കല്ലിനും കാരണമാകും. വെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ മൂത്രത്തിലെ അണുബാധയും പ്രതിരോധിക്കാം. ഒരു ദിവസം കുറഞ്ഞത് രണ്ടര ലീറ്റര്‍ വെള്ളം കുടിക്കാന്‍ ശ്രമിക്കണം. ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കണം. പഴങ്ങളും പച്ചക്കറികളും പ്രത്യേകിച്ചും വൈറ്റമിന്‍ സി അടങ്ങിയവ കൂടുതല്‍ ഉള്‍പ്പെടുത്തണം. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവും കുറയ്ക്കണം. ചായ, തക്കാളി, കാബേജ് എന്നിവ ഒഴിവാക്കണം. കൊഴുപ്പും മധുരവും നിയന്ത്രിക്കണം. ചൂട് ശമിപ്പിക്കാന്‍ ജ്യൂസും പഴവര്‍ഗങ്ങളും കഴിക്കുന്നത് നല്ലതാണ്. മാംസാഹാരം കുറച്ചു മതി. അമിതമായാല്‍ യൂറിക് ആസിഡിന്റെ അളവ് കൂടും. 

*ശുഭദിനം*
*കവിത കണ്ണന്‍*
വരള്‍ച്ചമൂലം അവന്‍ മുത്തശ്ശിക്കൊപ്പം മറ്റൊരു ഗ്രാമത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ദാഹം തോന്നിയപ്പോള്‍ അവന്‍ വെളളം എടുത്തു കുടിക്കാന്‍ തുടങ്ങി.  അപ്പോഴാണ് ഒരു പാമ്പ് അവന്റെ അടുത്തേക്ക് ഇഴഞ്ഞെത്തിയത്. പാമ്പിനും ദാഹിക്കുന്നുണ്ടെന്ന് തോന്നിയപ്പോള്‍ അവന്‍ കുപ്പിയിലെ വെള്ളം പാമ്പിന് ഒഴിച്ചുകൊടുത്തു.  പാമ്പ് വെളളം കുടിക്കുന്നതിനിടയില്‍ അവന്റെ കയ്യില്‍ ആഞ്ഞുകൊത്തി.  വേദനകൊണ്ട് പുളയുന്നതിനിടെ അവന്‍ മുത്തശ്ശിയോട് ചോദിച്ചു:  വെള്ളം കൊടുത്തിട്ടും അതെന്തിനാണ് എന്നെ കൊത്തിയത്?  മുത്തശ്ശി പറഞ്ഞു:  അടുത്തുചെന്നാല്‍ കൊത്തും എന്നത് പാമ്പിന്റെ ജന്മവാസനയാണ്.  നിനക്കാണ് തിരിച്ചറിവില്ലാതെ പോയത്..  ഏത് ഇടപാടുകളായാലും ചങ്ങാത്തമായാലും അതിരുകളുണ്ടാകണം.  എല്ലാ ബന്ധങ്ങളും ഒരുപോലെ ഇഴയടുപ്പം സൂക്ഷിക്കുന്നവയല്ല. ചിലതിനെ ഉള്ളിലേക്കെടുക്കാം, ചിലതിനെ കയ്യകലത്തില്‍ തന്നെ നിര്‍ത്തണം.. എല്ലാവരും ദീനാനുകമ്പയും കരുണയും അര്‍ഹിക്കുന്നവരല്ല.  ആവശ്യക്കാരെ ബഹുമാനിക്കണം.  പക്ഷേ, അപകടകാരിയെന്ന് തിരിച്ചറിഞ്ഞാല്‍ അകറ്റിനിര്‍ത്തണം.  കണ്ണുമടച്ച് എല്ലാം വിശ്വസിക്കുന്നതും പരിശോധനകളില്ലാതെ എല്ലാവരേയും സ്വീകരിക്കുന്നതുമല്ല നിഷ്‌കളങ്കത.  സ്വയം നിര്‍മ്മലത സൂക്ഷിക്കുന്നതിനോടൊപ്പം മറ്റൊരാളുടെ പ്രകൃതം തിരിച്ചറിയാനുള്ള ബുദ്ധികൂര്‍മ്മതയും വേണം.  ആരേയും അന്ധമായി വിശ്വസിക്കരുത്, എല്ലാവരോടും ഒരേ അടുപ്പം പ്രകടിപ്പിക്കരുത്, അടുത്തറിയും മുമ്പേ ഉളളിലുളളതെല്ലാം വിളമ്പരുത്. ആരേയും എന്തിനെയും ശ്രദ്ധിച്ചേ അടുപ്പിക്കാവൂ - ശുഭദിനം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍