താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്

താമരശ്ശേരി ചുരത്തിൽ റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട നവീകരണ ജോലികൾ പുരോഗമിക്കുന്നതിനാൽ കനത്ത ഗതാഗത തടസ്സം നേരിടുന്നു.
 ചുരത്തിലെ ആറാം വളവിൽ മണ്ണെടുപ്പ് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതാണ് നിലവിലെ തടസ്സത്തിന് പ്രധാന കാരണം. മണ്ണുമാറ്റുന്ന ജോലി നടക്കുന്നതിനാൽ ഈ ഭാഗത്ത് വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ വളരെയേറെ സമയം എടുക്കുന്നുണ്ട്. നിലവിൽ ചുരം കയറാനുള്ള വാഹനങ്ങളുടെ നീണ്ട നിര രണ്ടാം വളവ് വരെ ദൃശ്യമാണ്. ചുരത്തിലെ ഈ അപ്രതീക്ഷിത കുരുക്ക് യാത്രാസമയത്തെ വലിയരീതിയിൽ ബാധിക്കുന്നുണ്ട്.
​ഈ സാഹചര്യത്തിൽ ചുരം വഴിയുള്ള യാത്രക്കാർ അത്യാവശ്യ കാര്യങ്ങൾക്കായി ഇറങ്ങുമ്പോൾ കൃത്യമായ സമയം ക്രമീകരിച്ച് യാത്ര പുറപ്പെടേണ്ടതാണ്. വാഹനങ്ങൾ യാതൊരു കാരണവശാലും മുൻപിലുള്ള നിര തെറ്റിച്ച് എതിർദിശയിലൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കരുത്. ഇത്തരം നിയമലംഘനങ്ങൾ എതിരെ വരുന്ന വാഹനങ്ങളുടെ യാത്ര തടസ്സപ്പെടുത്തുകയും കുരുക്ക് കൂടുതൽ സങ്കീർണ്ണമാക്കുകയും ചെയ്യും. ഡ്രൈവർമാർ പൂർണ്ണമായും ട്രാഫിക് നിയമങ്ങൾ പാലിച്ചും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും ക്ഷമയോടെ മാത്രം ചുരത്തിലൂടെ വാഹനം ഓടിക്കേണ്ടതാണ്