ആഗസ്റ്റ് 15 മുതല്‍ സ്റ്റേഷന്‍ ചുമതല എസ്‌ഐമാര്‍ക്ക്

കൊച്ചി: കേരള പൊലീസ് 'പീപ്പിള്‍ ഫ്രണ്ട്‌ലി'യാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് ഓഡിറ്റ് നടപ്പാക്കും. പരാതികളില്‍ പരമാവധി വേഗം തീരുമാനമെടുക്കും. ആഗസ്റ്റ് 15 മുതല്‍ സ്റ്റേഷന്‍ ചുമതല എസ്‌ഐമാര്‍ക്ക് നല്‍കുമെന്നും 64 സുപ്രധാന സ്റ്റേഷനുകളില്‍ മാത്രം സിഐമാര്‍ക്ക് ചുമതല  നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ഓപറേഷന്‍ തൂഫാന്‍ വന്‍ വിജയമാണെന്ന് മന്ത്രി പറഞ്ഞു. ഓപറേഷന്‍ തൂഫാനില്‍ 32 കോടിയുടെ ലഹരിമരുന്ന് പിടിച്ചു. ജനങ്ങളില്‍ നല്ല അവബോധം സൃഷ്ടിക്കാന്‍ സാധിച്ചു. ഇന്നലെ നടന്ന, അഞ്ച് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ യോഗം വിജയമാണ്. ലഹരി മാഫിയ നിരന്തരം തന്ത്രം മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇത് കണ്ടെത്തി നേരിടാനാണ് അഞ്ച് സംസ്ഥാനങ്ങളുടെ കൂട്ടായ്മ. ലഹരി എന്ന വിപത്തിനെ ഇപ്പോഴെങ്കിലും നേരിട്ടില്ലെങ്കില്‍ പിന്നീട് എന്തു ചെയ്തിട്ടും കാര്യമില്ലാതാകും.

ഓപറേഷന്‍ തൂഫാനില്‍ 6632 പേരാണ് പിടിയിലായത്. സംസ്ഥാനത്ത് തൂഫാന്‍ കെയര്‍ നടപ്പാക്കും. ആശുപത്രികള്‍ വഴി ലഹരിവിമുക്തമാക്കാനുള്ള ചികിത്സ നല്‍കും. യുവാക്കളുടെ നൈറ്റ് ലൈഫ് ആഘോഷങ്ങള്‍ ഉത്തരവാദിത്തത്തോടെ വേണം. കാരവാനുകളില്‍ ഒരുകാരണവശാലും ലഹരിമരുന്ന് ഉണ്ടാകാന്‍ പാടില്ല -മന്ത്രി പറഞ്ഞു.

പെരുമ്പാവൂരില്‍ കഞ്ചാവ് വില്‍പനക്കാരെന്ന് സംശയിച്ച് യുവാക്കളെ പിടികൂടി തല മൊട്ടയടിച്ചതിനെ മന്ത്രി വിമര്‍ശിച്ചു. ലഹരിയുടെ പേരില്‍ പെരുമ്പാവൂര്‍ മോഡല്‍ ആള്‍ക്കൂട്ട വിചാരണ അനുവദിക്കില്ല. പൊലീസിന്റെ പണി മറ്റുള്ളവര്‍ ചെയ്യേണ്ടതില്ല. സാമ്പത്തിക തട്ടിപ്പുകള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കും. ആഭ്യന്തര ഓഫീസില്‍ എഫ്‌ഐറുകളുടെ എണ്ണം അടക്കം ലഭിക്കുന്ന സംവിധാനം നടപ്പാക്കും -മന്ത്രി പറഞ്ഞു.