പ്രഭാത വാർത്തകൾ
2026 ജൂലൈ 9, വ്യാഴം
1201 മിഥുനം 25, അശ്വതി
1448 മുഹർറം 23
◾ ഹോര്‍മൂസില്‍ മൂന്നു കപ്പലുകള്‍ക്കുനേരെ ആക്രമണം നടത്തിയ ഇറാനില്‍ അമേരിക്ക വീണ്ടും ശക്തമായ ആക്രമണങ്ങള്‍ നടത്തി. ഇറാന്റെ പ്രധാന തുറമുഖ നഗരങ്ങളായ ബന്ദര്‍ അബ്ബാസ്, സിരിക് എന്നിവിടങ്ങളിലും അതീവ തന്ത്രപ്രധാന തീരദേശ മേഖലകളായ ചബാഹര്‍, കോണാര്‍ക്, ബുഷഹര്‍, ഖേഷം ദ്വീപുകളിലും യുഎസ് വ്യോമാക്രമണം നടത്തി. തുറമുഖങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍, കപ്പല്‍ വിരുദ്ധ മിസൈല്‍ വിക്ഷേപണ തറകള്‍, തീരദേശ റഡാര്‍ സംവിധാനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവ തകര്‍ത്തെന്ന് യുഎസ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. എണ്‍പതിലധികം കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
◾ മേപ്പാടിയിലെ ദുരന്തപ്രദേശത്തെ താമസക്കാരെ ആവശ്യമെങ്കില്‍ പുനരധിവസിപ്പിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്‍. ദുരന്തത്തെക്കുറിച്ച് സാങ്കേതികമായും നിയമപരമായും അന്വേഷിക്കും. വയനാടിനായി പ്രഖ്യാപിച്ച ബജറ്റ് നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ എ.പി. അനില്‍കുമാറും ടി. സിദ്ധിഖുമുണ്ടായിരുന്നു. നൂറ്റമ്പതോളം പേരുള്ള ദുരിതാശ്വാസ ക്യാമ്പിലും പരിക്കേറ്റ ഏഴു പേര്‍ ചികില്‍സയിലുള്ള ആശുപത്രിയിലും മുഖ്യമന്ത്രി എത്തി. കാണാതായ അഞ്ചു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
◾ കനത്ത മഴ തുടരുന്നതിനാല്‍ കോഴിക്കോട്, വയനാട്,മലപ്പുറം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. പരീക്ഷകള്‍ക്കു മാറ്റമില്ല. മൂന്നു ജില്ലകളിലും ഇന്ന് റെഡ് അലര്‍ട്ട്.
◾ സംസ്ഥാനത്ത് ദേശീയപാതാ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ 2039 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍. കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മന്ത്രി ബഷീര്‍ ഇക്കാര്യം അറിയിച്ചത്.
◾ നടപ്പാതകള്‍ തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ടോ എന്ന് ഹൈക്കോടതി. നടപ്പാത തടസ്സപ്പെടുത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ചോദ്യം തിരുവനന്തപുരത്ത് റോഡ് കൈയേറി പരിപാടി നടത്തിയതിന് മേയര്‍ വി.വി. രാജേഷ് അടക്കമുള്ളവര്‍ക്കെതിരേ ഫയല്‍ ചെയ്ത കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം.
◾ വിഴിഞ്ഞം തുറമുഖത്തെ അദാനിയുടെ ഓഹരി എംഎസ് സിക്കു വില്‍ക്കാനുള്ള നീക്കത്തെക്കുറിച്ചുള്ള ദേശാഭിമാനിയില്‍ ജൂണ്‍ അഞ്ചിനു നല്‍കിയ വാര്‍ത്തയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റ നേട്ടമായി അവതരിപ്പിച്ച വാര്‍ത്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തിനിടെ തുറന്നു കാണിച്ചിരുന്നു. ദേശാഭിമാനി കരുതലോടെ എഴുതേണ്ടതായിരുന്നെന്നു ഗോവിന്ദന്‍ പറഞ്ഞു. അതേസമയം, സതീശന് എല്ലാം അറിയാമായിരുന്നെന്നും കള്ളക്കളിയാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
◾ കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, ബീച്ചുകള്‍ അടക്കം എല്ലാ ജലാശയങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. ഉരുള്‍ പൊട്ടല്‍ സാധ്യത സ്ഥലങ്ങളിലേക്കും ചുരം മേഖലകളിലേക്ക് അടിയന്തരമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
◾ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസം ഹൈക്കോടതി സമയം അനുവദിച്ചു. ഇത് അവസാന അവസരമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. അതേസമയം, കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ഉപഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ മറുപടി നല്‍കാന്‍ സാവകാശം തേടി.
◾ പ്രമുഖ അഭിഭാഷകനായ എം.ആര്‍. രമേശ് ബാബുവിനെ സുപ്രീം കോടതിയിലെ സീനിയര്‍ സ്റ്റാന്‍ഡിങ് കോണ്‍സലായി സംസ്ഥാന മന്ത്രിസഭാ യോഗം നിയമിച്ചു. ആദ്യമായിട്ടാണ് സുപ്രീം കോടതിയില്‍ സ്റ്റാന്‍ഡിംഗ് കോണ്‍സലിനെ നിയമിക്കുന്നത്. നാല് സ്റ്റാന്‍ഡിങ് കോണ്‍സല്‍മാരെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
◾ കേരള ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം വര്‍ധിപ്പിച്ചു. മൂന്ന് സ്പെഷ്യല്‍ പ്ലീഡര്‍, നാല് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍, അഞ്ച് ഗവണ്‍മെന്റ് പ്ലീഡര്‍ എന്നിങ്ങനെ 11 പുതിയ തസ്തികയാണ് സൃഷ്ടിച്ചത്. കോടതികളുടെ എണ്ണവും കേസുകളുടെ ബാഹുല്യവും വര്‍ധിച്ചതിനാല്‍ കൂടുതല്‍ അഭിഭാഷകരെ നിയമിക്കണമെന്ന എജി യുടെ ആവശ്യപ്രകാരമാണ് നടപടി.
◾ സംസ്ഥാനത്ത് കടം വാങ്ങിയ വൈദ്യുതി മഴ ലഭിക്കുന്നതിനാല്‍ തിരികെ നല്‍കിയെന്നു മന്ത്രി സണ്ണി ജോസഫ്. വീണ്ടും വാങ്ങും. മഴയുടെ ഭാഗമായി വീണുപോയ വൈദ്യുത പോസറ്റുകള്‍ ഉടനേ പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് കേരള വിജിലന്‍സ് മാന്വല്‍ പരിഷ്‌കരിച്ചു. ഡിജിറ്റല്‍ ഇടപാടുകളിലെ ക്രമക്കേടുകള്‍ കണ്ടെത്താനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ, കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയ മാന്വല്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു.
◾ തിരുവന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജിന് 'കെ. കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കി. ജനറല്‍ ആശുപത്രി, തൈക്കാട് ആശുപത്രി എന്നിവ ചേര്‍ത്താണ് പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നത്.
◾ ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നിരവധി ഉന്നത ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിടുകയും കോളേജുകളിലെ ഡിഗ്രി കോഴ്സുകള്‍ വെട്ടിക്കുറക്കുകയും ചെയ്തു. പത്തു പേരെയാണ് പിരിച്ചുവിട്ടത്. കഴിഞ്ഞദിവസം 47 പേരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. അലോട്ട്മെന്റിന് തലേന്ന് സര്‍ക്കാര്‍ കോളജുകളിലെ കോഴ്സുകള്‍ വെട്ടിക്കുറച്ചു. ആന്ത്രോത്ത്, കടമത്ത്, മിനിക്കോയ് കോളേജുകളിലെ കോഴ്സുകളാണ് വെട്ടിക്കുറച്ചത്.
◾ സംസ്ഥാനത്തെ ബിജെപിയില്‍ അഴിമതി ആരോപണം. തെരഞ്ഞെടുപ്പുകാലത്തു കൊടി വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നും തെരഞ്ഞെടുപ്പിനു കേന്ദ്രം നല്‍കിയ 12 കോടി രൂപയ്ക്കു കണക്കില്ലെന്നും പാര്‍ട്ടി ഓഡിറ്റ് വിഭാഗം ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ സംസ്ഥാന നേതൃത്വം നിഷേധിച്ചു. വിദേശത്തുള്ള സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ തിരിച്ചെത്തിയാല്‍ നടപടിയുണ്ടായേക്കും.
◾ മുന്‍ സര്‍ക്കാര്‍ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോര്‍ഡ് പിരിച്ചു വിടണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് നല്‍കിയ ഹര്‍ജിയില്‍ ആണ് നടപടി.
◾ കേരളത്തിലേക്കു ഓണം സ്പെഷ്യല്‍ ട്രെയിനുകള്‍. 06126 മംഗളൂരു സെന്‍ട്രല്‍- ചെന്നൈ എഗ്മോര്‍. 06125 ചെന്നൈ എഗ്മോര്‍-മംഗളൂരു സെന്‍ട്രല്‍ ട്രെയിനുകളാണ് ദക്ഷിണറെയില്‍വേ ബുധനാഴ്ച പ്രഖ്യാപിച്ചത്.
◾ അമ്പലപ്പുഴയില്‍ കണ്ടെയ്നര്‍ ലോറി വൈദ്യുത ലൈന്‍ തകര്‍ത്ത് റോഡിന് കുറുകെ കിടന്നു. ദേശീയപാതയില്‍ വളഞ്ഞവഴി എസ് എന്‍ കവലയിലാണു സംഭവം.
◾ ആഗോള സെമികണ്ടക്ടര്‍ രംഗത്തെ പ്രമുഖരായ 'കായ്സെമി കണ്‍ട്രോള്‍ സിസ്റ്റംസ്' ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു. ചിപ്പ് നിര്‍മ്മാണത്തിനുള്ള സോഫ്‌റ്റ്വെയര്‍ വികസിപ്പിക്കുന്നതിലൂടെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടന വേളയില്‍ പറഞ്ഞു.
◾ വിഴിഞ്ഞത്ത് എല്ലാവര്‍ക്കും താല്‍പര്യമുണ്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. വിഴിഞ്ഞം കേരളത്തിന്റെ പൊതുമുതലാണെന്നും രാഗേഷ്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞത്ത് എന്താണ് കാര്യമെന്നും കൂടുതല്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
◾ തലശ്ശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പില്‍ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പൊലീസിന് ലഭിച്ച മൂന്ന് പരാതികളില്‍ മാത്രം ഒരു കോടിയിലേറെ രൂപ നഷ്ടപ്പെട്ടെന്നാണു കണ്ടെത്തല്‍.
◾ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചു. ചാര്‍ട്ടഡ് വിമാനങ്ങള്‍ വാടകയ്ക്കെടുത്തതുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അക്കൗണ്ട് മരവിപ്പിച്ചത്. 440 കോടി രൂപ ബാങ്ക് ബാലന്‍സുള്ള അക്കൗണ്ടുകളാണു മരവിപ്പിച്ചത്.
◾ അയോധ്യക്കു പിറകേ, ബദരിനാഥ് ക്ഷേത്രത്തിലെ സംഭാവന കൊള്ളയില്‍ ഒരാള്‍ക്കെതിരെ കേസ്. അന്വേഷണത്തിന് നാലംഗ പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. അയോധ്യയിലെ കൊള്ളയില്‍ ക്ഷേത്ര ജീവനക്കാരന്‍ അവിനാശ് ശുക്ലയെ ഒന്നാം പ്രതിയാക്കി. ഉത്തര്‍ പ്രദേശിന് പിന്നാലെയാണ് ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ ബദരിനാഥ് ക്ഷേത്രത്തിലും സംഭാവന കൊള്ള നടന്ന വിവരങ്ങള്‍ പുറത്തുവന്നത്.
◾ പുണെ ജില്ലയിലെ പിംപ്രി ചിഞ്ച്വാഡില്‍ കനത്ത മഴയെത്തുടര്‍ന്ന് വന്‍ മാലിന്യക്കൂമ്പാരം കെട്ടിടത്തിനു മുകളിലേക്ക് ഇടിഞ്ഞുവീണ് അപകടം. മൂന്ന് നിലകളുള്ള കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടത്തിനുള്ളില്‍ പതിനഞ്ചോളം പേര്‍ കുടുങ്ങി.
◾ തമിഴ്നാട്ടിലെ ചെന്നൈ എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ മിന്നല്‍ സന്ദര്‍ശനം. ആശുപത്രിയിലെ സേവനങ്ങളുടെ ഗുണനിലവാരം നേരിട്ട് വിലയിരുത്തുന്നതിനും രോഗികള്‍ക്ക് ലഭിക്കുന്ന പരിചരണം ഉറപ്പുവരുത്തുന്നതിനുമായിരുന്നു മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം.
◾ മഹാരാഷ്ട്രയില്‍ വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത സംഭവത്തില്‍ മൂന്ന് ശിവസേന പ്രവത്തകര്‍ അറസ്റ്റില്‍. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. കുഞ്ഞുങ്ങള്‍ക്കായുളള ഐസിയുവില്‍ കിടക്ക ഒഴിവില്ലാത്തതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.
◾ ഗുജറാത്തിലെ രാജ്‌കോട്ടില്‍ അമ്മയുടെ ലിവിങ് പങ്കാളിയെ യുവാവ് തെരുവില്‍ ഓടിച്ചിട്ട് കുത്തിക്കൊലപ്പെടുത്തി. രാജ്‌കോട്ട് സ്വദേശിയായ കമലേഷ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കമലേഷിന്റെ പങ്കാളിയായ നീതയുടെ മകന്‍ ജയന്ത് (20) നെ പോലീസ് അറസ്റ്റ് ചെയ്തു.
◾ ഇറ്റലിയെയും സിസിലി ദ്വീപിനെയും ബന്ധിപ്പിക്കുന്ന 3.7 കിലോമീറ്റര്‍ നീളമുള്ള മെസ്സീന കടലിടുക്ക് പാലത്തിന് പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ സര്‍ക്കാര്‍ അന്തിമ അനുമതി നല്‍കി. പണി പൂര്‍ത്തിയായാല്‍ ഇത് ലോകത്തിലെ ഏറ്റവും നീളമേറിയ സിംഗിള്‍-സ്പാന്‍ സസ്പെന്‍ഷന്‍ പാലമാകും.
◾ എയര്‍പോര്‍ട്ടിലെ റണ്‍വേയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു. ഫിലിപ്പീന്‍സിലെ മനില നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. പാര്‍ക്ക് ചെയ്തിരുന്ന ഫിലിപ്പീന്‍സ് എയര്‍ലൈന്‍സ് വിമാനത്തില്‍ സൗദി അറേബ്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ 'സൗദിയ' ഇടിയ്ക്കുകയായിരുന്നു.
◾ ആക്ടിവിസ്റ്റായ സോനം വാങ്ചുക് അനിശ്ചിതകാല നിരാഹാരം തുടരുമ്പോള്‍ താന്‍ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചയായതോടെ കോക്രോച്ച് ജനതാപാര്‍ട്ടി സ്ഥാപകനായ അഭിജീത് ദീപ്കെ വിശദീകരണവുമായി രംഗത്ത്. മറ്റൊരു സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും സമരം മുന്നോട്ടുകൊണ്ടുപോകാനാണ് താനടക്കമുള്ളവര്‍ നിരാഹാര സമരത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ദീപ്കെ പറഞ്ഞു.
◾ സ്പെയിനുമായുള്ള എല്ലാവിധ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. നാറ്റോയില്‍ സ്പെയിന്‍ വളരെ മോശമായ പങ്കാളിയാണെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ട്രംപ് ഈ കടുത്ത നടപടി പ്രഖ്യാപിച്ചത്.
◾ അമേരിക്കയില്‍ അഭയം തേടിയ ഇറാന്‍ പൗരന്മാരുടെ അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ യുഎസ് ഇമിഗ്രേഷന്‍ ഏജന്‍സികള്‍ ഇറാന് കൈമാറിയെന്ന് ആരോപിച്ച് നിയമയുദ്ധം. ഇറേനിയന്‍ അമേരിക്കന്‍ ലീഗല്‍ ഡിഫന്‍സ് ഫണ്ടും പബ്ലിക് സിറ്റിസണ്‍ ലിറ്റിഗേഷന്‍ ഗ്രൂപ്പും സംയുക്തമായാണ് വാഷിംഗ്ടണ്‍ ഡി.സി യിലെ ഫെഡറല്‍ കോടതിയില്‍ ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയല്‍ ചെയ്തത്.
◾ കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വന്‍ വിള്ളലുണ്ടാക്കിയ ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ പുതിയ വഴിത്തിരിവ്. ഇന്ത്യയില്‍ ജയിലില്‍ കഴിയുന്ന അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയും അമേരിക്കന്‍ കൂട്ടാളി ഗോള്‍ഡി ബ്രാര്‍ എന്ന സതീന്ദര്‍ജീത് സിംഗുമാണ് ഇതിന് പിന്നിലെന്ന് അമേരിക്കന്‍ അന്വേഷണം വ്യക്തമാക്കി.
◾ ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നാലാം മത്സരം ഇന്നു ബ്രിസ്റ്റളില്‍ നടക്കും. പരമ്പരയിലെ ആദ്യ മത്സരം മഴയെടുത്തപ്പോള്‍ അടുത്ത രണ്ട് കളികളും തോറ്റ ഇന്ത്യ 5 മത്സര പരമ്പരയില്‍ 0-2 ന് പിന്നിലാണ്.
◾ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് കേന്ദ്ര കായിക-യുവജന മന്ത്രാലയത്തിന്റെ അംഗീകാരമില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ.
◾ അര്‍ജന്റീനയോട് പരാജയപ്പെട്ട ഈജിപ്റ്റ് മത്സരം നിയന്ത്രിച്ച റഫറി ഫ്രാന്‍സ്വ ലെറ്റെക്സിയറുടെ തീരുമാനങ്ങള്‍ക്കെതിരെ ഫിഫക്ക് പരാതി. തങ്ങളുടെ ഗോള്‍ അനുവദിക്കാതെ ഏകപക്ഷീയമായി റഫറി പ്രവര്‍ത്തിച്ചതെന്ന പരാതിയുമായാണ് ഈജിപ്ഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫയെ സമീപിച്ചത്.
◾ ഫിഫ ലോകകപ്പില്‍ ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന, മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ്, സ്പെയിന്‍, ഇംഗ്ലണ്ട്, കറുത്ത കുതിരകളായ നോര്‍വെ, വിസ്മയ മുന്നേറ്റം നടത്തിയ ബെല്‍ജിയം, സ്വിറ്റ്സര്‍ലാന്‍ഡ്, ആഫ്രിക്കന്‍ ചാമ്പ്യന്മാരായ മൊറോക്കോ എന്നീ ടീമുകളാണ് സെമി ലക്ഷ്യമിട്ട് ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 മുതല്‍ നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രാന്‍സും മൊറോക്കോയും തമ്മില്‍ ഏറ്റുമുട്ടും.
◾ റിസര്‍വ് ബാങ്ക് വിദേശനാണയ ശേഖരത്തില്‍ ഡോളര്‍ ഒഴിവാക്കി സ്വര്‍ണത്തിന്റെ അളവ് കൂട്ടുന്നു. രണ്ടുവര്‍ഷത്തിനിടെ 61.5 ടണ്‍ സ്വര്‍ണം വാങ്ങിയതും രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നതും ആര്‍.ബി.ഐയുടെ സ്വര്‍ണശേഖരത്തിന്റെ മൂല്യം റെക്കോഡ് ഉയരമായ 11,582 കോടി ഡോളറിലെത്തിച്ചു. വിദേശനാണയ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ വിഹിതം ഒരു വര്‍ഷത്തിനിടെ 12ല്‍ നിന്ന് 17 ശതമാനമായി ഉയര്‍ന്നു. 2015ല്‍ 557.18 ടണ്‍ മാത്രമായിരുന്ന സ്വര്‍ണശേഖരം ഇപ്പോള്‍ 880.52 ടണ്ണാണ്. 2022-ലെ റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിനുശേഷമാണ് കേന്ദ്രബാങ്കുകള്‍ ഡോളറിന് പകരം സ്വര്‍ണം കരുതല്‍ ആസ്തിയായി വര്‍ധിപ്പിക്കുന്ന പ്രവണത ശക്തമായത്. ഇക്കാലയളവില്‍ പോളണ്ട് 353 ടണ്ണും ചൈന 245 ടണ്ണും സ്വര്‍ണശേഖരത്തില്‍ കൂട്ടിച്ചേര്‍ത്തു. ഏറ്റവും വലിയ സ്വര്‍ണശേഖരമുള്ള എട്ടാമത്തെ രാജ്യമാണ് ഇന്ത്യ. സ്വര്‍ണ ശേഖരത്തില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ള രാജ്യങ്ങള്‍ ഇവയാണ്. അമേരിക്ക : 8,133 ടണ്‍, ജര്‍മ്മനി 3,352 ടണ്‍, ഇറ്റലി 2,452 ടണ്‍, ഫ്രാന്‍സ് 2,437 ടണ്‍, റഷ്യ 2,333 ടണ്‍, ചൈന 2,313 ടണ്‍, സ്വിറ്റ്‌സര്‍ലന്‍ഡ് 1,040 ടണ്‍.
◾ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റാ പ്ലാറ്റ്‌ഫോംസിന്റെ ആദ്യ ഇമേജ്-ജനറേഷന്‍ മോഡലായ 'മ്യൂസ് ഇമേജ്' പുറത്തിറക്കി. മെറ്റാ സൂപ്പര്‍ ഇന്റലിജന്‍സ് ലാബ്‌സാണ് ഈ പുതിയ മോഡല്‍ വികസിപ്പിച്ചത്. മെറ്റാ എഐ ചാറ്റ്‌ബോട്ടില്‍ സംയോജിപ്പിച്ചാണ് ഇത് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. സങ്കീര്‍ണ്ണമായ പ്രോംറ്റുകള്‍ മനസ്സിലാക്കാനും ചിത്രങ്ങള്‍ ഇന്‍പുട്ടായി സ്വീകരിക്കാനും ഈ സംവിധാനത്തിന് സാധിക്കും. കൂടാതെ, എഐ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ നേരിട്ട് എഡിറ്റ് ചെയ്യാനും കഴിയും. ഇമേജ് ജനറേഷന്‍, ഇമേജ് എഡിറ്റിങ്, ചിത്രത്തിലുള്ള ഉത്പന്നങ്ങള്‍ തിരയുക, പഴയ ചിത്രങ്ങളുടെ വ്യക്തത വര്‍ധിപ്പിക്കുന്ന ഇമേജ് എന്‍ഹാന്‍സ് ചെയ്യല്‍ ഉള്‍പ്പടെ വിവിധങ്ങളായ ആവശ്യകതകല്‍ നിറവേറ്റാന്‍ ഇതിന് സാധിക്കും. ജെമിനി, ചാറ്റ് ജിപിടി, ഗ്രോക്ക് ഉള്‍പ്പടെ എതിരാളികളായ മറ്റ് പ്ലാറ്റ്ഫോമുകളോട് മത്സരിക്കാനാവും വിധം ചിത്രങ്ങള്‍ നിര്‍മിക്കാനുള്ള കഴിവ് ഇതിനുണ്ട്. മ്യൂസ് ഇമേജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ തികച്ചും സൗജന്യമാണ്.
◾ ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യഷ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സി'-ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'തബാഹി' എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഗാനത്തില്‍ യഷിന്റെയും കിയാര അദ്വാനിയുടെയും തീവ്രമായ പ്രണയരംഗങ്ങളാണുള്ളത്. സീ മ്യൂസിക് കമ്പനിയാണ് ഗാനം റിലീസ് ചെയ്തത്. വിഖ്യാത പേര്‍ഷ്യന്‍ കവി റൂമിയുടെ പ്രശസ്തമായ വരികളോടെയാണ് നാലുമിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോ ഗാനം ആരംഭിക്കുന്നത്. റഗ്ഗ്ഡ് ലുക്കില്‍ യഷ് എത്തുമ്പോള്‍ കിയാര ക്ലാസിക് യൂറോപ്യന്‍ ശൈലിയിലാണ് പ്രത്യക്ഷപ്പെടുന്നത്. നയന്‍താര, താര സുതാരിയ എന്നിവരും ഗാനരംഗത്തില്‍ വന്നുപോകുന്നു. വിശാല്‍ മിശ്രയാണ് ഗാനത്തിന് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. രാജ് ശേഖറാണ് ഹിന്ദിയിലെ വരികള്‍ എഴുതിയിരിക്കുന്നത്. ഹിന്ദി കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലും ഗാനം ലഭ്യമാണ്. മലയാളം പതിപ്പിലെ വരികള്‍ റഫീഖ് അഹമ്മദാണ് എഴുതിയിരിക്കുന്നത്. ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
◾ മലയാള സിനിമാ ലോകത്തിന് അഭിമാനമായ പരീക്ഷണാത്മക ചിത്രം 'റോട്ടന്‍ സൊസൈറ്റി' ആഗോളതലത്തില്‍ അപൂര്‍വനേട്ടങ്ങള്‍ കൈവരിച്ച് മുന്നേറുന്നു. ലോകമെമ്പാടുമുള്ള വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച്, ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ (150 അവാര്‍ഡുകള്‍) കരസ്ഥമാക്കുന്ന 'ഫൗണ്ട് ഫൂട്ടേജ്' ഫീച്ചര്‍ ഫിലിം എന്ന റെക്കോഡോടെ ചിത്രം അമേരിക്ക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. ചരിത്ര നേട്ടത്തിന് പിന്നാലെ, ചിത്രം പ്രമുഖ അമേരിക്കന്‍ ഒ.ടി.ടി. വിതരണ കമ്പനിയായ പി.ഒ.വി. ഹൊറര്‍ വഴി ജൂലൈ 19-ന് ഔദ്യോഗികമായി റിലീസ് ചെയ്യും. എസ്.എസ്. ജിഷ്ണു ദേവ് രചനയും സംവിധാനവും നിര്‍വഹിച്ച 'റോട്ടന്‍ സൊസൈറ്റി' ഒരു സോഷ്യല്‍ സറ്റയര്‍- ത്രില്ലര്‍ ചിത്രമാണ്. കാണാതാകുന്ന വാര്‍ത്താ റിപ്പോര്‍ട്ടറെയും അയാളുടെ ഡിജിറ്റല്‍ ക്യാമറയെയും ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. രാഷ്ട്രീയ ഗൂഢാലോചനകളും ഒരു കൊലപാതകവും റെക്കോര്‍ഡ് ചെയ്യപ്പെട്ട ക്യാമറ ഒരു ഭ്രാന്തന്റെ കൈകളില്‍ അകപ്പെടുന്നതും തുടര്‍ന്ന് സമൂഹത്തിലെ വിചിത്രമായ യാഥാര്‍ഥ്യങ്ങള്‍ അയാള്‍ അതിലൂടെ പകര്‍ത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
◾ ഒബെന്‍ ഇലക്ട്രിക് അവരുടെ പുതിയ ഇലക്ട്രിക് ബൈക്കായ റോര്‍ ഇവോ പുറത്തിറക്കി. 1.25 ലക്ഷം (എക്സ്-ഷോറൂം) വിലയിലാണ് ബൈക്ക് പുറത്തിറക്കിയത്. സ്മാര്‍ട്ട് ഐക്യു സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന വ്യവസായത്തിലെ ആദ്യത്തെ ബൈക്കാണ് റോര്‍ ഇവോ. എഐ പവര്‍ഡ് ഒപ്റ്റിമൈസേഷന്‍ സാങ്കേതികവിദ്യയാണ് ഈ ബൈക്കില്‍ വരുന്നത്. ഈ സാങ്കേതികവിദ്യ ബൈക്കിന്റെ റേഞ്ച് 15 ശതമാനം വരെ വര്‍ദ്ധിപ്പിക്കും. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പും ഇതിലുണ്ട്. 9 കിലോവാട്ട് മോട്ടോറും 3.4 കിലോവാട്ട്അവര്‍ എല്‍എഫ്പി ബാറ്ററിയുമാണ് ബൈക്കിന് കരുത്ത് പകരുന്നത്. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയാണ് മോട്ടോര്‍സൈക്കിളിന് ഉള്ളത്. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 180 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. വെറും 3 സെക്കന്‍ഡിനുള്ളില്‍ ബൈക്ക് 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഇത് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. റോര്‍ ഇവോയ്ക്ക് വെറും 90 മിനിറ്റിനുള്ളില്‍ 0-80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. കമ്പനി 8 വര്‍ഷത്തെ ബാറ്ററി വാറന്റി വാഗ്ദാനം ചെയ്യുന്നു.
◾ ലോക നാടക വേദിയില്‍ ഇന്നും തിളങ്ങുന്ന നാടകമാണ് ഒഥെല്ലോ. പല കാലങ്ങളില്‍ പല വിധ വായനകളിലൂടെ കടന്നുപോകുമ്പോഴും വിസ്മയം അവശേഷിപ്പിക്കുന്ന നാടകം. രതിയും മരണവും ജീവിതത്തിന്റെ രണ്ട് വശങ്ങളിലായി അങ്കനം ചെയ്യപ്പെട്ട് പകിട കളിക്കുകയാണിതില്‍. കഥാപാത്രസൃഷ്ടിയിലും സുഘടിതമായ മുഹൂര്‍ത്തങ്ങളുടെ വിന്യാസത്തിലും കാണാനും കേള്‍ക്കാനും വായിക്കാനും ഒരുപോലെ പ്രീയതരമാണീ നാടകം. ഗാഢ പ്രണയത്തിന്റെ ആശ്ലേഷത്തില്‍ സംശയത്തിന്റെ ഒരു തീപ്പൊരി വീണാല്‍ എന്തു സംഭവിക്കും? ഷേക്സ്പിയര്‍ നാടകത്തിന്റെ ലളിതമലയാള പരിഭാഷ. 'ഒഥെല്ലോ'. വില്ല്യം ഷേക്സ്പിയര്‍. വിവര്‍ത്തനം - എം.രാജീവ് കുമാര്‍. പരിധി പബ്ളിക്കേഷന്‍സ്. വില 161 രൂപ.
◾ അത്താഴം ലളിതമായില്ലെങ്കില്‍ ദഹനത്തെയും മെറ്റബോളിസത്തെയും മോശമാക്കും. അതോടെ രാത്രിയിലെ ഉറക്കത്തെയും ബാധിക്കാം. അതുകൊണ്ട് തന്നെ ദിവസത്തെ അവസാന ഭക്ഷണമായ അത്താഴത്തിന് പ്രാധാന്യം കൂടുതലാണ്. മിക്കവാറും ആളുകള്‍ ചോറോ ചപ്പാത്തിയോ ആണ് അത്താഴത്തിന് തിരഞ്ഞെടുക്കുക. ഇവ രണ്ട് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതാണ്. എന്നാല്‍ അവയുടെ ദഹന ശേഷിയും നാരുകളുടെ അളവും വ്യത്യാസപ്പെട്ടിരിക്കുന്നു. ഗോതമ്പ് അല്ലെങ്കില്‍ മള്‍ട്ടിഗ്രെയിന്‍ മാവ് ഉപയോഗിച്ചാണ് സാധാരണ ചപ്പാത്തി ഉണ്ടാക്കുക. ഇതില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹിക്കാന്‍ സമയമെടുക്കാം. അതുകൊണ്ട് തന്നെ കൂടുതല്‍ നേരം വയറ് നിറഞ്ഞ തോന്നല്‍ ഉണ്ടാക്കാന്‍ സഹായിക്കും. കൂടാതെ ഊര്‍ജം പുറത്ത് വിടുന്നത് സ്ഥിരപ്പെടുത്താന്‍ സഹായിക്കും. ചപ്പാത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്തും. എന്നാല്‍ അസിഡിറ്റിക്ക് സാധ്യതയുള്ളവരോ ദഹനശേഷി കുറവുള്ളവരോ ആയവര്‍ക്ക്, രാത്രിയില്‍ ചപ്പാത്തി കഴിക്കുന്നത് നല്ലതായിരിക്കില്ല. പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണമാണ് ചോറ്. പ്രത്യേകിച്ച് തവിടു കളഞ്ഞ വെളുത്ത അരി കൊണ്ടുണ്ടാക്കിയ ചോറ്. രാത്രി നല്ല ഉറക്കത്തിനും വയറുവീര്‍ക്കുന്നത് കുറയ്ക്കാനും ഇത് സഹായിക്കും. എന്നാല്‍ വേഗത്തില്‍ ദഹിക്കുന്നതിനാല്‍ ചിലര്‍ക്ക് വീണ്ടും വിശക്കാനും സാധ്യതയുണ്ട്. പരിപ്പ്, പച്ചക്കറികള്‍ തുടങ്ങിയവക്കൊപ്പം ചോറ് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ വലിയ അളവില്‍ പ്രത്യേകിച്ച് കലോറി കൂടുതലുള്ള ഭക്ഷണങ്ങള്‍ക്കൊപ്പം ചോറ് കഴിക്കുന്നത് ശരീരഭാരം കൂട്ടാന്‍ കാരണമാകും.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു സന്യാസി പതിവുപോലെ പൂജാമുറിയില്‍ കയറിയപ്പോള്‍, അവിടെ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണത്തളിക കാണാനില്ല. അത് തന്റെ ശിഷ്യരില്‍ ആരെങ്കിലും എടുത്തതാണെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. 'ആരാണെങ്കിലും, മറ്റാരും അറിയാതെ എന്നോട് മാത്രം വന്ന് പറയുക,' എന്ന് ഗുരു ശിഷ്യരോട് പറഞ്ഞു. അന്നു രാത്രി, എല്ലാവരുടെയും മുന്നില്‍ വെച്ച് ഒരു ശിഷ്യന്‍ ഗുരുവിന്റെ കാല്‍ക്കല്‍ വീണു ക്ഷമ ചോദിച്ചു. ഗുരു ചോദിച്ചു: 'രഹസ്യമായി പറയാന്‍ പറഞ്ഞിട്ടും, നീ എന്തിനാണ് എല്ലാവരുടെയും മുമ്പില്‍ സമ്മതിച്ചത്?' ശിഷ്യന്‍ വിനയത്തോടെ മറുപടി പറഞ്ഞു: 'ഞാന്‍ രഹസ്യമായി പറഞ്ഞാല്‍ മോഷ്ടാവ് ആരാണെന്ന് എനിക്കും ഗുരുവിനും മാത്രമേ അറിയൂ. പക്ഷേ മറ്റെല്ലാവരും പരസ്പരം സംശയിച്ചുകൊണ്ടിരിക്കും. അത് ആശ്രമത്തിന്റെ വിശ്വാസവും ഐക്യവും തകര്‍ക്കും. അതുകൊണ്ടാണ് ഞാന്‍ എല്ലാവരുടെയും മുമ്പില്‍ എന്റെ തെറ്റ് ഏറ്റുപറഞ്ഞത്.' ആ മറുപടി ഗുരുവിനെ അതിയായി സന്തോഷിപ്പിച്ചു. അദ്ദേഹം ശിഷ്യനെ അനുഗ്രഹിക്കുകയും പ്രശംസിക്കുകയും ചെയ്തു. പിന്നീട് ആ ശിഷ്യന്‍ തന്നെ അനേകര്‍ക്ക് വഴികാട്ടിയായ ഒരു ഗുരുവായി മാറി. കാരണം, തെറ്റുകള്‍ സംഭവിക്കാത്തവരല്ല യഥാര്‍ത്ഥ ഗുരുക്കന്മാര്‍; തെറ്റുകള്‍ തിരിച്ചറിഞ്ഞ് ഏറ്റുപറഞ്ഞ് തിരുത്തിയവരാണ്. വീണവന്റെ വേദന അറിയാന്‍, ഒരിക്കല്‍ വീണിട്ടുണ്ടാകണം. എഴുന്നേല്‍ക്കാനുള്ള വഴി കാണിച്ചുതരാന്‍, ഒരിക്കല്‍ എഴുന്നേറ്റിട്ടുണ്ടാകണം. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നവര്‍ക്ക് വഴികാട്ടാന്‍ കഴിയില്ല. അവരെ കുറ്റമറ്റവരാകാന്‍ പ്രചോദിപ്പിക്കുന്നവര്‍ക്കാണ് യഥാര്‍ത്ഥ ഗുരുവാകാന്‍ കഴിയുക. ചെയ്ത തെറ്റ് ഏറ്റുപറയാന്‍ ധാര്‍മ്മിക ധൈര്യം വേണം. അത് തിരുത്താന്‍ ചങ്കൂറ്റവും വേണം. തെറ്റ് ചെയ്യുന്നതിനെക്കാള്‍ വലിയ മനോബലമാണ്, 'എനിക്ക് തെറ്റി' എന്ന് തുറന്ന് പറയാന്‍ വേണ്ടത്. ആ ആര്‍ജവമാണ് ഒരു മനുഷ്യനെ മഹാനാക്കുന്നത്. - ശുഭദിനം.
