മയക്കുമരുന്ന് സാമ്പത്തിക ഇടപാട്; അറസ്റ്റിലായ രണ്ടാമത്തെ അധ്യാപികയെയും സർവീസിൽ നിന്ന് പുറത്താക്കി


കോഴിക്കോട് മയക്കു മരുന്ന് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടാമത്തെ അധ്യാപകയെയും സർവീസിൽ നിന്നും പുറത്താക്കി. കൂരാച്ചുണ്ട് സ്വദേശി കാവ്യയെയാണ് പുറത്താക്കിയത്. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററാണ് കാവ്യ. കാവ്യയുടെ സഹപ്രവർത്തകയായ അധ്യാപിക കീർത്തനയെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് അധ്യാപികമാരായ കാവ്യയും മരുതോങ്കര സ്വദേശി കീർത്തനയും വടകര പൊലീസിന്റെ പിടിയിലായത്. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായിരുന്നു ഇരുവരും. ആദ്യം പിടിയിലായ കീർത്തനയെ ചോദ്യം ചെയ്തതിലൂടെയാണ് അന്വേഷണം കാവ്യയിൽ എത്തിയത്.
മയക്കുമരുന്ന് ആവശ്യമുള്ളവരില്‍ നിന്ന് പണം സ്വീകരിക്കുന്ന പ്രധാന കേന്ദ്രമാണ് കാവ്യയുടെയും കീർത്തനയുടെയും ബാങ്ക് അക്കൗണ്ട്.

ആവശ്യക്കാര്‍ പണം ഇവരുടെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കും. എന്നാല്‍ നേരിട്ട് ഇവർ ലഹരിമരുന്ന് കൈമാറിയിരുന്നില്ല. പണം അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു വ്യക്തി വഴിയാണ് ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് കാവ്യയുടെയും അക്കൗണ്ട് വഴി നടന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കീർത്തനയെ റിമാൻഡ് ചെയ്ത ഉടൻതന്നെ സർവീസിൽ നിന്നും പുറത്താക്കിയിരുന്നു. ഇന്ന് കാവ്യയും പുറത്താക്കി.ഇരുവരെയും ഒന്നിച്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. എങ്കിൽ മാത്രമേ ഇനി കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോ എന്നുള്ള കാര്യത്തിൽ വ്യക്തത വരൂ.

സംഭവത്തിൽ വലിയ പ്രതിഷേധമാണ് യുഡിഎഫ് യുവജന സംഘടനകൾ നടത്തിയത്. പേരാമ്പ്ര ബിആർസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ ഉദ്യോഗസ്ഥർ ഓഫീസിലേക്ക് കയറാൻ അനുവദിച്ചില്ല.