പ്രിയദർശിനി ബസുകളിൽ കടുത്ത തിരക്ക്: അപകടസാധ്യതയേറുന്നു; സർവീസുകൾ കൂട്ടണമെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ
കോഴിക്കോട്: കെ.എസ്.ആർ.ടി.സിയുടെ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയായ 'പ്രിയദർശിനി' ബസുകളിൽ കടുത്ത തിരക്കും അമിത ജോലിഭാരവും അനുഭവപ്പെടുന്നതായി ജീവനക്കാരുടെ പരാതി. പദ്ധതി ആരംഭിച്ച ഘട്ടത്തിൽ ശമ്പള പ്രതിസന്ധിയായിരുന്നു പ്രധാന ആശങ്കയെങ്കിൽ, ഒരു മാസം പിന്നിടുമ്പോൾ യാത്രക്കാരുടെ അമിത വർദ്ധനവാണ് ജീവനക്കാരെ പ്രതിസന്ധിയിലാക്കുന്നത്.
ഉൾക്കൊള്ളാവുന്നതിലും കൂടുതൽ യാത്രക്കാർ കയറുന്നത് കാരണം പലപ്പോഴും ബസുകളുടെ ഡോർ അടയ്ക്കാൻ പോലും കഴിയാത്ത സ്ഥിതിയാണെന്ന് ജീവനക്കാർ പറയുന്നു. കഴിഞ്ഞദിവസം കോഴിക്കോട് താമരശ്ശേരിയിൽ പ്രിയദർശിനി ബസ് അപകടത്തിൽപ്പെട്ട പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം.
