കോഴിക്കോട് കമ്മത്ത് ലൈനിൽ വൻ സ്വർണ തട്ടിപ്പ്: പത്തോളം ജ്വല്ലറികളിൽ നിന്ന് കോടിയോളം രൂപയുടെ സ്വർണവുമായി ജീവനക്കാരൻ കടന്നുകളഞ്ഞു
കോഴിക്കോട്: നഗരത്തിലെ പ്രധാന സ്വർണ വിപണിയായ കമ്മത്ത് ലൈനിൽ വൻ സ്വർണ തട്ടിപ്പ്. പ്രമുഖ സ്ഥാപനമായ നാഷണൽ ജ്വല്ലറിയിലെ ജീവനക്കാരനായ സഫർനാസ് (സെപ്പു) എന്നയാൾ പത്തോളം ജ്വല്ലറികളിൽ നിന്നായി 950 ഗ്രാമോളം സ്വർണാഭരണങ്ങൾ തട്ടിയെടുത്ത് ഒളിവിൽ പോയി. വിപണിയിൽ ഏകദേശം 1.30 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് ഇയാൾ കവർന്നത്.
കമ്മത്ത് ലൈനിലെ വ്യാപാരികൾക്കിടയിലുള്ള പരസ്പര വിശ്വാസം മുതലെടുത്താണ് പ്രതി തട്ടിപ്പ് നടത്തിയത്. ഏതെങ്കിലും ജ്വല്ലറിയിൽ ഒരു പ്രത്യേക മോഡൽ ആഭരണം തിരക്കി ഉപഭോക്താക്കൾ എത്തിയാൽ, അത് അടുത്തുള്ള മറ്റ് ജ്വല്ലറികളിൽ നിന്ന് വാങ്ങി കാണിച്ചു കൊടുക്കുന്ന രീതി കമ്മത്ത് ലൈനിൽ നിലവിലുണ്ടായിരുന്നു.
കഴിഞ്ഞ 12 വർഷമായി നാഷണൽ ജ്വല്ലറിയിൽ ജോലി ചെയ്തു വന്നിരുന്ന സഫർനാസിനെ മറ്റ് വ്യാപാരികൾക്ക് വലിയ വിശ്വാസമായിരുന്നു. ഈ വിശ്വാസത്തിന്റെ മറവിൽ, വെറും ഒരു മണിക്കൂറിനുള്ളിലാണ് ഇയാൾ പത്തോളം കടകളിൽ കയറിയിറങ്ങി ആഭരണങ്ങൾ ശേഖരിച്ച് മുങ്ങിയത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കാണാതായ സഫർനാസിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കമ്മത്ത് ലൈൻ പ്രസിഡന്റ് സുനിൽകുമാർ അറിയിച്ചു.
