യുവാവിന്റെ ഫോൺ പിടിച്ചെടുത്ത് പൊലീസ്; കുറ്റം പവർക്കട്ടിന്റെ ദുരവസ്ഥ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്!
പവർക്കട്ടിനിടെ നേരിട്ട ദുരവസ്ഥ മൊബൈലിൽ പകർത്തി സമൂഹമധ്യമങ്ങളിൽ പങ്കുവെച്ചതിന് യുവാവിന്റെ ഫോൺ പിടിച്ചെടുത്ത് പൊലീസ്. ലജനത്ത് സ്വദേശി അഹമ്മദ് കബീറിന്റെ ഫോണാണ് ആലപ്പുഴ സൗത്ത് പൊലീസ് പിടിച്ചെടുത്തത്. പവർക്കട്ടിനിടെ ചെറിയ പോർട്ടബിൾ ഫാനിന്റെ കാറ്റിൽ കുഞ്ഞുമക്കൾ ഉറങ്ങുന്ന 36 സെക്കന്റ് വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചതിനാണ് അച്ഛന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തത്.
കെഎസ്‌യു നേതാവ് നൽകിയ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെയുള്ള പൊലീസ് നടപടി. മുഖ്യമന്ത്രി വി ഡി സതീശനെ സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ആയിരുന്നു കെഎസ്‌യു നേതാവ് പരാതി നൽകിയത്.
അതേസമയം ചൊവ്വാഴ്‌ച രാത്രി മാത്രം ഒരുമണിക്കൂറോളം നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങിയിരുന്നു. തുടർന്നാണ് ‘കെഎസ്‌ഇബിയ്ക്കും പൂക്കിക്കും നന്ദി’ എന്ന കുറിപ്പോടെ കുരുന്നുകൾ ഉറങ്ങുന്ന ദൃശ്യം കബീർ പങ്കുവച്ചത്. എസ്‌പിക്ക് നൽകിയ പരാതിയിൽ ബുധനാഴ്‌ച കബീറിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് ഫോൺ പിടിച്ചെടുത്തത്. തുടർന്ന് പരാതിക്കാരൻ നാട്ടിലില്ലെന്ന് അറിയിച്ചശേഷം മടക്കിയയച്ചു. വ്യാഴാഴ്ച രാവിലെ വീണ്ടും ഹാജരാകനാണ് കബീറിന് നിർദേശം നൽകിയിരിക്കുന്നത്.
