ദില്ലി പൊലീസിന് കനത്ത തിരിച്ചടി; ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറന്റ് റദ്ദാക്കി
എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറന്റ് റദ്ദാക്കി ദില്ലി പട്യാല ഹൗസ് കോടതി. 2021ൽ ബംഗ ഭവനിലേക്ക് നടത്തിയ മാർച്ചിന്റെ ഭാഗമായുള്ള കേസിലാണ് പട്യാല ഹൗസ് കോടതി ഏപ്രിൽ 15ന് ഐഷിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. മാസങ്ങൾ പിന്നിട്ടിട്ടും ഇതുസംബന്ധിച്ച സമൻസോ അറിയിപ്പോ നൽകിയിരുന്നില്ല.
ജന്തർമന്തറിലെ പ്രക്ഷോഭത്തിൽ സജീവമായി നിന്നയാളാണ് ഐഷി ഘോഷ്. കഴിഞ്ഞ ദിവസം ഐഷിയെ തടങ്കലിലാക്കുക എന്ന ലക്ഷ്യത്തോടെ സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനിലേക്ക് ദില്ലി പൊലീസ് എത്തിയിരുന്നു. അഞ്ച് വർഷം മുൻപുള്ള കേസ് കുത്തിപ്പൊക്കി സിജെപിക്കൊപ്പം സമരത്തിന് നേതൃത്വം നൽകിയ ഐഷിയെ ജയിലിലടക്കാനായിരുന്നു ശ്രമം. എന്നാൽ പൊലീസ് എത്തിയത് സ്വകാര്യ വാഹനത്തിൽ നെയിംപ്ലേറ്റോ യൂണിഫോമോ ഇല്ലാതെ ആയിരുന്നു. ഇതോടെ സിപിഐ എം നേതാക്കളും പ്രവർത്തകരും പ്രതിരോധിക്കുകയും പൊലീസിനെ തിരിച്ചയക്കുകയും ആയിരുന്നു. തുടർന്ന് അറസ്റ്റ് വാറന്റ് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐഷി കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ജന്തർമന്തറിലെ പ്രക്ഷോഭത്തിൽ തുടക്കം മുതൽ സജീവമായിരുന്ന ഐഷി, സോനം വാങ്ചുക് അറസ്റ്റിലായതോടെ നിരാഹാരസമരവും നടത്തിയിരുന്നു.
