കുണ്ടറ കസ്റ്റഡി മർദ്ദന ആരോപണം: 'ഞാനും സിയാദുമായി യാതൊരു പ്രശ്‌നവുമില്ല, പൊലീസ് പറഞ്ഞപ്പോഴാണ് മരണവിവരം അറിഞ്ഞത്'; സിയാദിനെ മർദിച്ചെന്ന ആരോപണം തള്ളി രഞ്ജിത്ത്

കൊല്ലം: കൊല്ലം കുണ്ടറയിലെ സിയാദിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പൂർണമായും നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് രഞ്ജിത്ത്. സിയാദിനെ താൻ മർദ്ദിച്ചിട്ടില്ലെന്നും, സിയാദിനെ അവസാനമായി കാണുന്നത് പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന് മൂന്നാഴ്ച മുൻപാണെന്നും രഞ്ജിത്ത് മീഡിയവണിനോട് പ്രതികരിച്ചു. സിയാദിനെ മർദ്ദിച്ചുവെന്ന് പൊലീസ് സംശയിക്കുകയും എഫ്ഐആറിലും മറ്റും പേരു വരികയും ചെയ്ത സാഹചര്യത്തിലാണ് ഇരുപത്തിരണ്ടുകാരനായ രഞ്ജിത്തിന്റെ വെളിപ്പെടുത്തൽ.

സിയാദുമായി യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളോ വ്യക്തിവൈരാഗ്യമോ തനിക്കില്ലെന്ന് രഞ്ജിത്ത് വ്യക്തമാക്കി. ഒരു പെയിൻ്റിങ് തൊഴിലാളിയായ താൻ രാവിലെ എട്ടരയ്ക്ക് ജോലിക്ക് പോയി വൈകുന്നേരം അഞ്ചരയോടെ മടങ്ങിയെത്തുന്ന വ്യക്തിയാണ്. സിയാദിനെ താൻ ആക്രമിച്ചിട്ടില്ലെന്നും താൻ ചെയ്യാത്ത കുറ്റമാണ് ഇപ്പോൾ ആരോപിക്കപ്പെടുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. സിയാദിന്റെ മരണവിവരം പോലും പൊലീസ് വീട്ടിൽ വന്ന് ഫോട്ടോ കാണിച്ചപ്പോഴാണ് താൻ അറിയുന്നതെന്നും യുവാവ് കൂട്ടിച്ചേർത്തു.

സിയാദിനെ മറ്റൊരാൾ മർദ്ദിച്ചിരുന്നുവെന്നായിരുന്നു പൊലീസ് എഫ്‌ഐആറിൽ ഉള്ളത്. എന്നാൽ അത് എങ്ങനെയാണ് വന്നതെന്ന് അറിയില്ലെന്ന് രഞ്ജിത്ത് പറയുന്നു. ജൂൺ 16നാണ് സിയാദിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. അതിന് മൂന്നാഴ്ച മുൻപാണ് താൻ സിയാദിനെ അവസാനമായി കണ്ടത്. പിന്നീട് ജൂലൈ 25ന് സിയാദ് മരിക്കുന്നത് വരെ ഒരിക്കൽപ്പോലും അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും രഞ്ജിത്ത് വിശദീകരിച്ചു.

താൻ കുറ്റം ചെയ്തിട്ടില്ലെന്നും, സിയാദിന്റെ ഭാര്യയോട് ചോദിച്ചാൽ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുമെന്നും രഞ്ജിത്ത് പറഞ്ഞു. താൻ അവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പോയിട്ടുണ്ടോ ഇല്ലയോ എന്ന് ഭാര്യയ്ക്ക് വ്യക്തമായി അറിയാമെന്നും യുവാവ് പറയുന്നു. വിവരമറിഞ്ഞ് വാർഡ് മെമ്പറെയും കൂട്ടി പൊലീസ് സ്റ്റേഷനിൽ പോയി കാര്യങ്ങൾ പൊലീസിനെ ധരിപ്പിച്ചിരുന്നു. പേരും വിവരങ്ങളും എഴുതി വാങ്ങിയ ശേഷം പോസ്റ്റ്‌മോർട്ടം കഴിഞ്ഞിട്ട് വിളിക്കാമെന്ന് പറഞ്ഞ് പൊലീസ് വിട്ടയക്കുകയായിരുന്നുവെന്നും രഞ്ജിത്ത് വ്യക്തമാക്കി.

സിയാദിനെ മറ്റൊരാൾ മർദ്ദിച്ചതായി പൊലീസും സർക്കാരും വാദിക്കുന്നതിനിടെയാണ് ആരോപണവിധേയനായ യുവാവ് തന്നെ നേരിട്ട് വന്ന് കാര്യങ്ങൾ നിഷേധിച്ചിരിക്കുന്നത്. ഇതോടെ സിയാദിന്റെ മരണത്തിൽ പൊലീസ് കൂടുതൽ പ്രതിരോധത്തിലാകുകയാണ്.