മുക്കത്തും സമീപപ്രദേശങ്ങളിലും ഇൻവെർട്ടർ ബാറ്ററി മോഷണം പെരുകുന്നു

 

മുക്കം: മുക്കത്തും സമീപപ്രദേശങ്ങളിലും ഇൻവെർട്ടർ ബാറ്ററികൾ കേന്ദ്രീകരിച്ച് മോഷണ പരമ്പര. ചെറിയ പള്ളികളെയും വീടുകളെയും ലക്ഷ്യമിട്ട് നടക്കുന്ന കവർച്ചകളിൽ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.

​രാത്രിയുടെ മറവിൽ മാത്രമല്ല, പകൽ സമയത്തും മിനിറ്റുകൾക്കുള്ളിലാണ് മോഷ്ടാക്കൾ കവർച്ച നടത്തി കടന്നുകളയുന്നത്. കഴിഞ്ഞ ദിവസം കൂടരഞ്ഞി കോലോത്തും കടവ് ഖബർസ്ഥാൻ പള്ളിയിൽ നിന്ന് ഇൻവെർട്ടർ ബാറ്ററി മോഷ്ടിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. കൂടാതെ തെച്ചിയാട്, കല്ലുരുട്ടി, ഗോതമ്പ റോഡ്, മുക്കം, ചെറുവാടി തെനങ്ങാപറമ്പ് തുടങ്ങിയ ഇടങ്ങളിലും സമാനമായ രീതിയിൽ കവർച്ച നടന്നിട്ടുണ്ട്.

​പലയിടത്തും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. മുക്കം, തിരുവമ്പാടി പോലീസ് സ്റ്റേഷനുകളിൽ നിരവധി പരാതികൾ നൽകിയിട്ടും നടപടിയുണ്ടാകാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. മലയോര മേഖലകളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും മോഷ്ടാക്കളെ ഉടൻ വലയിലാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

​അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ താമരശ്ശേരി ഭാഗത്തും സമാനമായ രീതിയിൽ മോഷണം നടന്നതായി റിപ്പോർട്ടുകളുണ്ട്.