​മാല കവർച്ചാ കേസ്: യുവാവ് പിടിയിൽ; മുഖ്യപ്രതിക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്


​മുക്കം: ആശുപത്രി ജീവനക്കാരിയുടെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ കേസിൽ രണ്ടംഗ സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നരിക്കുനി ചെമ്പക്കുന്ന് പുത്തൻവീട്ടിൽ മണികണ്ഠനെയാണ് (25) കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കുന്ദമംഗലം പോലീസും ചേർന്ന് കോഴിക്കോട് പാവമണി റോഡിൽ നിന്ന് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന മുഖ്യപ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

​ഒരു മാസം മുമ്പ് പെരിങ്ങോളത്തിന് സമീപം വരട്ട്യാക്ക് ചേലൂർ തടായി റോഡിലൂടെ നടന്നുപോവുകയായിരുന്ന ആശുപത്രി ജീവനക്കാരിയുടെ ഒരു പവനോളം വരുന്ന സ്വർണ്ണാഭരണമാണ് പ്രതികൾ കവർന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ, പോലീസിന്റെ കണ്ണുവെട്ടിക്കാൻ പ്രതികൾ 40 കിലോമീറ്ററോളം ചുറ്റിക്കറങ്ങി നരിക്കുനിയിലെത്തിയതായി കണ്ടെത്തി. തുടർന്ന് പോലീസ് തങ്ങളിലേക്ക് എത്തുന്നുണ്ടെന്ന വിവരമറിഞ്ഞ് പ്രതികൾ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.

​തമിഴ്നാട്ടിൽ നിന്ന് തിരികെ കോഴിക്കോട്ടേക്ക് എത്തിയപ്പോഴാണ് മണികണ്ഠൻ വലയിലാകുന്നത്. ഇതിനിടെ കൂടെയുണ്ടായിരുന്ന മുഖ്യപ്രതി രക്ഷപ്പെടുകയായിരുന്നു. ഇയാളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

​കച്ചവടത്തിലുണ്ടായ സാമ്പത്തിക നഷ്ടം നികത്താനാണ് മോഷണം നടത്തിയതെന്നും, വിൽപ്പന നടത്തുന്ന തുകയിൽ ഒരു പങ്ക് വാഗ്ദാനം ചെയ്താണ് തന്നെ ഒപ്പം കൂട്ടിയതെന്നും പിടിയിലായ മണികണ്ഠൻ മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുന്ദമംഗലം എസ്.ഐമാരായ മാത്യു, സാബു, സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത്, ക്രൈം സ്ക്വാഡ് അംഗങ്ങൾ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.