ചാക്ക് തുറന്നപ്പോൾ പെരുമ്പാമ്പ്: കൊയിലാണ്ടിയിൽ ഹരിത കർമ്മ സേനാംഗങ്ങൾ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.


കൊയിലാണ്ടി: നഗരസഭയിലെ ഹരിത കർമ്മ സേനാ അംഗങ്ങൾക്ക് നേരെ മനുഷ്യത്വരഹിതമായ പ്രവൃത്തി. വേർതിരിക്കാനായി എത്തിച്ച പ്ലാസ്റ്റിക് മാലിന്യത്തിനിടയിൽ ജീവനുള്ള പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാക്ക് തുറന്ന ജീവനക്കാർക്ക് നേരെ പാമ്പ് പാഞ്ഞടുത്തെങ്കിലും സമയബന്ധിതമായി മാറിയതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.

​മുത്താമ്പിയിൽ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) സെന്ററിലാണ് നടുക്കുന്ന സംഭവം നടന്നത്. സമാനതകളില്ലാത്ത ദുരനുഭവമാണ് തങ്ങൾക്കുണ്ടായതെന്ന് ഹരിത കർമ്മ സേനാംഗം ഹരിത പറഞ്ഞു. മാലിന്യങ്ങൾക്കിടയിൽ പലപ്പോഴും പാമ്പുകളെ കാണാറുണ്ടെങ്കിലും, അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ബോധപൂർവ്വം ചാക്കിൽ കെട്ടി ഉപേക്ഷിക്കുന്നത് ആദ്യമായാണെന്ന് ജീവനക്കാർ വ്യക്തമാക്കി. ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന തങ്ങളോട് ഇത്തരം ക്രൂരതകൾ കാട്ടരുതെന്ന് ഹരിത കർമ്മ സേനാംഗങ്ങൾ അഭ്യർത്ഥിച്ചു.

​സംഭവത്തിൽ കൊയിലാണ്ടി നഗരസഭാ അധികൃതർ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്താനായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.