താമരശ്ശേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്

താമരശ്ശേരി: ദേശീയപാത 766 കോഴിക്കോട്-കൊല്ലഗൽ റോഡിൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ വയനാട് നടവയൽ വെളിയമ്പം കൈതത്തറയിൽ സ്വദേശി അരുൺ സജി (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നടവയൽ കത്തനാർ തൊട്ടത്തിൽ മനു പോളിന് അപകടത്തിൽ പരിക്കേറ്റു. ഇന്ന് രാവിലെ 9.45 ഓടെയായിരുന്നു അപകടം സംഭവിച്ചത്.

​വയനാട് ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്കിൽ കോഴിക്കോട് ഭാഗത്തുനിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. യുവാക്കൾ സഞ്ചരിച്ച ബൈക്ക് മുൻപിലുണ്ടായിരുന്ന ലോറിയെ അശ്രദ്ധമായി മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

​അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അരുണിന്റെ മൃതദേഹം ഇപ്പോൾ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ മനു പോളിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.