മലപ്പുറത്ത് വിദ്യാർഥികളുടെ കൂട്ടത്തല്ല്, കടകൾക്കും നാശനഷ്ടം; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടർ


മലപ്പുറം: മലപ്പുറത്ത് വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. തിരൂരങ്ങാടി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് തമ്മിൽ തല്ലിയത്.  സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അന്വേഷണം നടത്താൻ ജില്ലാ കലക്ടർ ഉത്തരവിട്ടു.

സ്കൂൾ കോമ്പൗണ്ടിന് പുറത്തിറങ്ങിയ വിദ്യാർഥികൾ റോഡിലും സമീപത്തെ കടകളിലും കയറി അക്രമം അഴിച്ചുവിടുകയും കടകൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്തു. സമീപത്തുള്ള പള്ളിയിലേക്ക് കയറിയത് പ്രാർഥനക്കെത്തിയവർക്കും ബുദ്ധിമുട്ടുണ്ടാക്കിയതായി നാട്ടുകാർ പറഞ്ഞു. സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് ഏറ്റുമുട്ടിയത്.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും നാട്ടുകാർ പരാതി നൽകുകയും ചെയ്തതിനെ തുടർന്ന്, അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ കലക്ടർ അറിയിച്ചു. ഇതിന്‍റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്കും കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. സ്കൂൾ അധികാരികളെയും അധ്യാപകരെയും വിളിച്ച് ചർച്ച നടത്താനും യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ നേരത്തെയും പ്രദേശത്ത് വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു.