വടകര എംഡിഎംഎ കേസ്; കോഴിക്കോട് ഒരു അധ്യാപിക കൂടി അറസ്റ്റില്‍
കോഴിക്കോട്: എംഡിഎംഎ കേസില്‍ കോഴിക്കോട് ഒരു അധ്യാപിക കൂടി അറസ്റ്റില്‍. നീഷ്മയാണ് അറസ്റ്റിലായത്. വടകര ബിആര്‍സിയിലെ താത്കാലിക അധ്യാപികയാണ് നീഷ്മ.
നേരത്തെ ലഹരി വില്‍പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ കോഴിക്കോട് രണ്ട് അധ്യാപികമാര്‍ അറസ്റ്റിലായിരുന്നു. കീർത്തന, ക്യാവ എന്നിവരാണ് പിടിയിലായത്. ഇരുവരും പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപകരാണ്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കീർത്തനയെയും കാവ്യയെയും ചോദ്യം ചെയ്തപ്പോൾ ഇരുവരും നീഷ്‌മയുടെ പേര് വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ നീഷ്‌മയിലേക്കും അന്വേഷണം നീളുകയായിരുന്നു.
കാവ്യയുടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ ലഹരിപ്പണം എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. പണം അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു വ്യക്തി വഴിയാണ് ലഹരി സംഘം ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്.
സഫ്വാന്‍ എന്നയാളെ എംഡിഎംഎയുമായി പിടികൂടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കീര്‍ത്തനയുടെ അക്കൗണ്ടിലേക്ക് ലഹരിപ്പണം എത്തിയതായി പൊലീസ് കണ്ടെത്തുകയായിരുന്നു.
പിന്നാലെ കീര്‍ത്തനയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ലഹരി വില്‍പനയിലൂടെ ലഭിച്ച പണം കാവ്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നതായി കണ്ടെത്തിയത്.
പണം കാവ്യയുടെ അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു വ്യക്തി വഴി നിശ്ചിത ലൊക്കേഷനില്‍ മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നതായിരുന്നു ലഹരി സംഘത്തിന്റെ രീതി.
